Sunday, 6 December 2015

കാട്ടുനീതികൾ

നാട്ടുനടപ്പുകളിൽ കുരുങ്ങിപ്പിടയുന്ന 
നിസ്സഹായതയുടെ കാട്ടുനീതികൾ
****************************************************


നിറവൊഴിഞ്ഞ കാടിന്‍റെനാഭിയിൽ
നിന്നുമവസാന തുള്ളി ചോരയുമൂറ്റി 
അവകാശങ്ങളെയൗദാര്യങ്ങളെന്നു 
പുച്ഛിച്ചുതള്ളുന്ന നാട്ടുനടപ്പുകളുടെ 
ചവിട്ടടികളിൽ കുരുങ്ങിപ്പിടയുന്ന 
നിസ്സഹായതയുടെ കാട്ടുനീതികൾ,


പണമൊഴുകുന്ന കാട്ടുവഴികളിലിരു 
മിഴിയിലൊരു പുഴ നിറയുന്നു 
വെയിൽ കടുത്തെന്ന പോൽ നെഞ്ചും 
വിയർക്കുന്നു ,വയർ മുറുക്കുന്നു 
നിശ്ശബ്ദദൈന്യമായൊരു കാട് കരയുന്നു,


പുലരിയിലുമിരവിലുമൊരേ ശൂന്യത-
യുടെയിരുട്ട് നിറഞ്ഞ രുചിയില്ലായ്മകൾ 
ആകാശം ചോർന്നൊരു മഴപോലെ 
പായൽപ്പച്ചകളിൽ തട്ടിത്തെറിക്കുന്നു
തണുത്തു വിറച്ച് നീലിച്ച കാടുവരയുന്നു


മുറിവേറ്റയോരോരോ കാലങ്ങളിലും 
കനിവെന്നൊറ്റവാക്കിൻ മനുഷ്യമണമുള്ള 
കാറ്റുതേടിയലഞ്ഞ് തോറ്റുപോയി നാട്ടു-
നടപ്പുകളുടെ വെളുത്ത ചിരിയിൽ കുടുങ്ങി 
തിരികെ ഇരുട്ട് മണക്കുന്ന കാടുതേടുന്നു.


സഹനങ്ങളുടെ നേർവിശുദ്ധികൾക്ക്‌മേൽ 
കഥയില്ലായ്മകളുടെ പൊള്ളത്തരങ്ങൾ നാട്ടി, 
നാട്ടുനടപ്പുകളുടെ ചവിട്ടടികളിൽ കുരുങ്ങി
പ്പിടയുന്ന നിസ്സഹായതയുടെ കാട്ടുനീതികൾ.

No comments:

Post a Comment