നിവർത്തിക്കുടഞ്ഞൊരീ തെരുവിന്നോരങ്ങളിൽ
കാണാം നിരന്തരം പുലരി-യുച്ചയില്ലാതന്തിക്കു
മിരുട്ടത്തും നിലയില്ലാതുഴറിട്ട് നിർത്താതെ നെട്ടോട്ട
മോടീടുന്നൊരുചാണ്‍ വയറിന്‍റെ ജീവിതപ്പെരുക്കങ്ങൾ,
ചിതയായെരിയുമീ വെയിലിൻ ചുമർ ചാരി അലറി
പ്പിടയുന്നൊരു പിഞ്ചു സ്വനം കേൾക്കാമൊപ്പം, കൈവിട്ടു
കളയുവാൻ മാത്രം ജനിക്കും മുൻപേ തെറ്റെന്തുചെയ്തെ
ന്നറിയാതെയിറ്റു മുലപ്പാൽ തേടും ചുണ്ടിൽ ചുട്ടുനീറും
കാറ്റിൻ കൈകൾ മെല്ലെ തരാട്ടിന്നീണമായ് മുത്തീടുന്നു.
തിളച്ചു തൂവുന്നോരുച്ചക്കൊടും വെയിൽക്കനൽചൂടിൽ
കാല്പ്പെട്ടതുപോലെ കിതച്ചു കുതിച്ചൊന്നു വലിച്ചു
ചവിട്ടുന്നു, ചുമലിൽ താങ്ങുന്നൊരു ജീവിതവർണ്ണങ്ങൾ-
ക്കേഴുനിറങ്ങൾ ചാലിക്കുവാ,നിടയ്ക്കിടെ ദീർഘനിശ്വാസ
മെടുക്കുന്നുവീണ്ടുമാഞ്ഞു കുതിക്കുന്നു തളരും ശരീരത്തെ
മാനിക്കാതിരിരുമ്പുപോലുറച്ചമനസ്സുമായ് റിക്ഷാവാലാ.
മിഴികൾ വിരൽത്തുമ്പിൽ കൊളുത്തിത്തിരയുമോരോ
ചപ്പു ചവർക്കൂന കൂടും മുക്കിലും മൂലയിലും ദൈവ-
ത്തെത്തിരയുന്നു അലയും തെരുവിൻ വിശ്വാസങ്ങൾപ്പിന്നെ,
യൊടുവിൽ മടുത്തിട്ടെന്നപോൽ വിശപ്പിൻ പുതപ്പുമായ്
പട്ടിണി മലർ മെത്ത വിരിച്ചതിൽ പ്രളയം ബാധിച്ചപോൽ
തളർന്നു കിടന്നൊരു മഴയായ് പെയ്തീടുന്നു ശേഷം ദിശയോ
ദിക്കോ പോലുമെങ്ങോട്ടെന്നറിയാതെ ഒഴുകിയകലുന്നു.
No comments:
Post a Comment