Friday, 4 December 2015

ഞാനും നീയും

ആകാശ നീലിമകൾ 
നീരുറവകളിലേക്ക് വർണ്ണ 
ഭേദങ്ങൾ നിറയ്ക്കുമ്പോഴും,
ഋതുക്കളറിയാത്ത കാലത്തിലെ, 
ഇലകളടർന്നു തളിരുകളെ 
കാത്തിരിക്കുന്ന നഗ്നമാക്കപ്പെട്ട 
ഒറ്റമരത്തിൻ ഉടെലെഴുത്തുകളാ-
യിരുന്നു ഞാനും നീയും.

തൂവിപ്പോകുന്ന വെയിൽ
കാലങ്ങളിലേക്ക് ചെറുമഴ വീണു 
കുളിർന്നപോലെ ആദ്യ ചുംബനം 
നിന്‍റെ ചുണ്ടിൻ ചില്ലയിലാദ്യ 
തളിരായെഴുതപ്പെടുമ്പോൾ,
കാറ്റൊളിപ്പിച്ച രാഗത്തിൽ
പൂത്തുലഞ്ഞ ചെമ്പകത്തിന്‍റെ 
നറുഗന്ധം നിറഞ്ഞിരുന്നു.

സുഖകരമായ ഇഴകളുടെ 
സ്വർണ്ണച്ചിറകിൽ നിന്നൊരു തൂവൽ 
നിന്‍റെയുള്ളിൽ നിന്നും 
എന്നധരത്തിൽ തളിർത്തു പൂക്കുന്നു.

വെയിൽ വളർത്തിയ നിഴൽപ്പൂവിൻ 
ചൂണ്ടുവിരലുമ്മകളിലും , 
മഞ്ഞു പൂക്കുന്ന നിലാവുകളിലെ
നെറ്റിയുമ്മകളിലും അകലാത്ത
പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും
ചില്ലകളായി നീ മാറുമ്പോൾ,

ഞാൻ നിന്‍റെ ആദ്യത്തെയും
അവസാനത്തെയും പ്രണയമായി 
മിഴിയിണകൾ മെല്ലെ ചേർത്തു
നിന്നിലേക്കു മാത്രം തളിർത്ത് 
തേനൊഴിയാത്ത വസന്തമായി 
പരിവർത്തിക്കപ്പെടുകയും ചെയ്യുന്നു.

No comments:

Post a Comment