എന്നെന്നറിയാതെ,
എന്നോ മണ്‍മറഞ്ഞെന്നു കരുതുന്ന
ഞാനെന്ന ഓർമ്മകൾക്കുള്ളിൽ നിന്നും
എഴുത്തുപലകയിൽ കല്ല് കഷ്ണം
കോറുന്ന കുസൃതിയോടെ മഷിത്തണ്ടിന്‍റെ
ഒരു പച്ചപ്പ് ആരുമറിയാതെ
പൊടുന്നനെയങ്ങ് പൊട്ടി മുളയ്ക്കും.
തൊടിയിലേക്കിറങ്ങുന്നതിന് മുന്നേ,
നിമിഷനേരങ്ങൾ കൊണ്ട് "റ"യെന്ന
ഒറ്റയക്ഷരത്തെ നീട്ടിക്കുറുക്കിപ്പറഞ്ഞ്
"ര"യും "ത"യും "വ"യും "പ"യും "ന"യുമാക്കി
കൈയ്യിൽ ഒടിച്ചുകുത്തിയ പേരക്കൊമ്പിന്‍റെ
ഒരറ്റത്തു നിന്നുമൊരെത്താക്കൊമ്പിലേക്ക്
ഒറ്റനൂലറ്റത്തിൽ കുരുങ്ങിയ പട്ടങ്ങൾപോലെ
വലിയമ്പീശൻ മാഷ് കുരുക്കി വയ്ക്കും.
കുരുക്കഴിക്കാൻ ക്ഷമയില്ലാതെ,
എഴുത്തുപലക തിരിച്ചു വച്ചതിൽ
വരച്ചു വച്ച "റ"യുടെ അടിയിലൊരു "റ"
തിരിച്ചിട്ടതിനെയൊരു വട്ടമാക്കും,
മഷിപ്പച്ച കൊണ്ട് "റ"യെ നേർ-
വരയാക്കിയൊരു വീടൊരുക്കി,യരികെ
പൂന്തോട്ടവും മരങ്ങളും പിടിപ്പിക്കും,
അച്ഛനും അമ്മയും അനിയത്തിക്കുഞ്ഞും
ചേച്ചിയുമായി താമസം തുടങ്ങും.
പുഴയും തോണിയും മീനും കാക്കയും
കഴിഞ്ഞൊരു മലയ്ക്കുള്ളിൽ സൂര്യന്‍റെ
"റ" വരയ്ക്കാൻ തുടങ്ങുമ്പോഴേ വല്യമ്പീശന്‍റെ
"റ"യെന്ന അലർച്ച ഇറയത്തിന്നറ്റത്തെത്തും,
വീടും പുഴയും മീനും മരവും മലയുമെല്ലാം
ഒന്നും പറയാതെ മഷിപ്പച്ചയിൽ പേടിച്ചു മായും.
കാലും മുഖവും കഴുകി വല്യമ്പീശൻ
പൂമുഖമെത്തുമ്പോഴേയ്ക്കും തിരിച്ചു വച്ച
എഴുത്ത് പലകയിൽ "ര"യും "ത"യും
"വ"യും "പ"യും "ന"യുമെല്ലാം ഒരുവിധം
ചാഞ്ഞും ചെരിഞ്ഞും തളർന്നും
ഓടിയെത്തി ഒന്നുമറിയാത്ത പോലിരിക്കും.
No comments:
Post a Comment