Sunday, 27 December 2015

ശേഷം, നീയൊരു പാര്‍ത്ഥനാവുക,

ഇനി, അക്ഷരങ്ങളെ നിരത്തി 
ഞാനൊരു സൈന്യമൊരുക്കുന്നു,
സൈനീകരെ പലവിധമടുക്കിയ 
വാക്കുകൾ ചേർത്തു നിങ്ങൾക്ക് 
മുന്നിലേക്കൊരു മുഴുനീള 
ചക്രവ്യൂഹം തീർക്കുന്നു.

ചതികൊണ്ട് മെനഞ്ഞെടുത്ത 
സുശർമ്മനെന്ന വാക്കിനെ കൌശല
പൂർവ്വം നിരത്തി നിന്നിലെ 
പാര്‍ത്ഥനെന്ന പരാക്രമിയായ 
വായനക്കാരനെ ഞാൻ തുടക്കത്തിലേ
മൂലയിലേക്ക് കൊണ്ടുപോകുന്നു.

നിന്നിലെ ധർമ്മപുത്രരെന്ന തൃഷ്ണയെ 
വ്യൂഹത്തിലെക്കെത്തിക്കാൻ ഓരോ വരി 
സൈന്യത്തെയും നിയോഗിച്ചിരിക്കുന്നു,
കണിശമായ നിന്‍റെ ചിന്തകൾക്കൊപ്പം
ചടുലചുവടിൻ കൃത്യതയുടെ വായു-അശ്വനി 
പുത്രർക്കുമാവില്ല വ്യൂഹഭേദനം.

സുഭദ്രാതനയാ നിന്നോട് മാത്രം,
ഭേദ്യങ്ങൾ തുടങ്ങുന്നത്തിനു മുന്നെ
ഉത്തരയെന്നു പേരിട്ട കവിതയുടെ
ഉദരച്ചൂടിൽ തുടിക്കുന്നൊരു വരിയെ 
നെഞ്ചിടിപ്പോടെ മനസ്സിലെടുത്തൊരു 
താരാട്ട് മറക്കാതെ മൂളിയേക്കണം.

നിരന്നിരിയ്ക്കുന്ന വരികളിലേക്ക് 
കടക്കുന്ന നിന്നിലെ പോരാളിയെ ഞാൻ 
നമിക്കുന്നു കാരണം, ജയദ്രഥനെന്ന ഒറ്റിൻ
വരിയാൽ കൂട്ടത്തിൽ ഒറ്റപ്പെട്ടതറിയാതെ 
എന്ത് സംഭവിക്കുന്നു എന്നറിയാതെ 
കുതിച്ചെത്തുന്ന ആകാംഷയാണ് നീ.

കെട്ടുകളുടെ സകല കുരുക്കുകളുമഴിച്ചു 
വരിയാഴങ്ങളിലെക്കെത്താൻ കുതിക്കുന്ന
നിന്‍റെ അഭിവാഞ്ഛയെ ശകുനിയെന്ന
വിഷവാക്കിൻ വാളുകൾ കൊണ്ട് തലങ്ങും 
വിലങ്ങും ബന്ധിച്ച് ബോധതലങ്ങളിൽ 
"കർണ്ണ"വാക്കിന്‍റെ മരീചികയൊരുക്കുന്നു.

ശേഷം, നീയൊരു പാര്‍ത്ഥനാവുക,
വരികൾക്കിടയിലൂടെ തേരോട്ടം നടത്തുക 
മായിക വാക്കുകളാൽ ഒരുക്കിയ 
ചക്രവ്യൂഹം ഭേദിച്ച് പുഞ്ചിരിയോടെ 
അക്ഷരസൈന്യത്തിന്നധിപതിയാവുമ്പോൾ 
നിനക്കു മുന്നിൽ ജയിച്ച് ഞാൻ തലകുനിക്കും.

No comments:

Post a Comment