കറുത്തവന്‍റെ കവിത
നിറങ്ങൾ നിറങ്ങൾ നിറങ്ങളെന്നു
ശ്രുതി മീട്ടിയൊരു ഒറ്റക്കമ്പിയുടെ
അറിയാതടർന്ന തന്ത്രിതൻ തേങ്ങൽ
പോലെ കറുത്തവന്‍റെ കവിത
അധികമൊന്നും ആളറിയാതെ
പൊടുന്നനെയങ്ങു കാടിറങ്ങിക്കയറും
എണ്ണപറ്റാത്ത ജടയും കണ്ണീരു വറ്റിയ
കണ്ണും കിതപ്പിനൊപ്പം തണ്ടെല്ലിലൊട്ടുന്ന
വയറും ഉന്തിയ നെഞ്ചിൻകൂടും
ശോഷിച്ച ശരീരവും നോവിന്‍റെ മഴക്കൂട്
തകർത്ത് ഒരു സമരത്തിലെക്കെന്നപോലെ
മണ്ണിലേക്ക് നോക്കി കറുത്തവന്‍റെ
വിശപ്പെന്ന് വിളറി വെളുത്ത്
ഒഴുകിയൊലിച്ചു ചങ്കുപൊട്ടിയൊരു
പാട്ടുപാടി വേവുമണം തേടിപ്പോകും.
കറുത്തവന്‍റെ നിയതികളിൽ നിന്നും,
വെളുത്ത ചിരികൾ കാടുകയറിയാലും
കറുത്തപെണ്ണ് കാടിറങ്ങിയാലും
കിതപ്പിന്‍റെ കുത്തിയൊലിക്കലുകളിൽ
കറുത്തവന്‍റെ മാനമാകാശമെന്ന് മുറുത്ത്,
ചതിയുടെ വിഷം തീണ്ടി വഴുവഴുത്ത
വിഷവിത്തുകളുടെ പാതിവെന്ത
ഓർമ്മ ബാക്കികൾ പിഴച്ചപെണ്ണ്
കാടും കുലവും മുടിക്കുമെന്ന ദൈന്യത
വസൂരിക്കുത്തുപോൽ വയറിൽ മുളയ്ക്കും.
കറുത്തവനെന്നാൽ ദളിതനെന്ന്
എഴുതപ്പെടാതെ വായിക്കപ്പെടുമ്പോൾ,
ഊരിലൊരു നാലുകാൽ മേൽക്കൂരയ്ക്കു
പട്ടയം തേടുമ്പോൾ തല്ലിക്കൊഴിച്ചിട്ടും
നുള്ളിയെറിഞ്ഞിട്ടും അടർന്നു വീഴാതെ,
വാഴ്ത്തപ്പെടാത്തവന്‍റെയന്നത്തിൽ പേരെഴുത-
പ്പെടേണ്ടതില്ലെന്നയലിഖിത നിയമത്തിനുമേൽ,
കാടിന്‍റെ കണ്ണീർ കാലത്തിൻ ഓരോ
മണ്ണടരുകൾക്കുള്ളിലും കറുത്തവന്‍റെ
കവിതയായി പുതു ചരിത്രങ്ങളായി
പലനിറങ്ങളുടെ വസന്തങ്ങളായി തളിർക്കും.
No comments:
Post a Comment