Monday, 16 November 2015

നിന്നോടുള്ള ഒരേ ഒരു ചോദ്യം.
.
.
ന്യായാന്യായങ്ങൾക്കും
തർക്കങ്ങൾക്കും സ്ഥാനമില്ല,
ഞാൻ 
ചുവന്ന തെരുവിന്‍റെ പുത്രി 
അഭിസാരിക,

ഇരുളിന്‍റെ മറവിലും
പകലിന്‍റെ തെളിവിലും 
ഞാൻ എന്ന മാംസത്തെ
വിലപേശി വിൽക്കുന്നവൾ.
എന്‍റെ ഗതികേടുകൾക്കും
വിശക്കുന്ന വയറിന്‍റെ ഓർമകളിലും 
ന്യായാന്യായങ്ങൾക്കും
തർക്കങ്ങൾക്കും സ്ഥാനമില്ല,
ഞാൻ എന്ന തെറ്റിനെ കേവലം 
നിശബ്ദമായി സമ്മതിക്കുന്നു.


ചൂണ്ടാം നിനക്ക്,
എന്‍റെ നേർക്ക്‌ നിന്‍റെ വിരലുകൾ.
അഭിസാരിക എന്ന് എന്നെ വിളിക്കുന്ന
നിന്‍റെ നാവിനെ ഞാനൊഴികെ
മറ്റാരും കെട്ടിയിടാനും ഉണ്ടാവില്ല
എന്നാൽ,
എനിക്കുമുണ്ട് ഒരു ചോദ്യം
എന്‍റെ നേർക്ക്‌ വിരൽ ചൂണ്ടുന്ന 
നിന്നോടുള്ള ഒരേ ഒരു ചോദ്യം.

സദാചാരം ഘോര ഘോരം 
പാടി കണ്ണടച്ചിരുട്ടാക്കി, 
കപടമായ പുരുഷത്വത്തിൽ 
അഹങ്കരിച്ചു ഞാൻ എന്ന
പെണ്ണിന്‍റെ നഗ്നതയിൽ,
പെണ്ണുടൽ കേവലം പെണ്ണിറച്ചിയാക്കി 
കാമത്തിന്‍റെ ചോരക്കണ്ണുകളിലൂടെ
നിന്‍റെ മൃഗകാമനകളെ
പൂർത്തീകരിച്ചു മടങ്ങുമ്പോൾ
ഞാൻ അഭിസാരികയായി മാറുന്നു
എങ്കിൽ, 
എന്നെ പ്രാപിച്ച നീ ആരാണ്?
ഞാൻ എന്ന വില്പന മാത്രമല്ല നീയെന്ന
പ്രാപിക്കൽ കൂടെ ഉണ്ടായിരുന്നു

ഞാൻ മാത്രമായിട്ടൊരിക്കലുമീ-
തെറ്റുണ്ടാകുകയില്ല, ഓർക്കുക എപ്പോഴും, 
നീയെന്ന തെറ്റുകൂടി ചേർന്നാൽ മാത്രമേ
ഞാനെന്ന അഭിസാരിക ജനിക്കുകയുള്ളൂ

അതുകൊണ്ട്,
കപട സദാചാരം പുലമ്പി
എന്‍റെ നേർക്ക്‌ വിരൽ ചൂണ്ടുമ്പോൾ, 
ചൂണ്ടുന്ന ഒരു വിരൽ മാത്രമേ 
എന്‍റെ നേർക്കുള്ളൂ 
ആ ഒരു വിരലിന്‍റെ ഉത്തരമേ 
എനിക്ക് നല്കാൻ ബാധ്യതയുള്ളൂ, 
എന്നാൽ ബാക്കി വിരലുകൾ 
എല്ലാം നിന്‍റെ നേർക്കുണ്ട്, അതിനു നല്കാൻ
നീ കണ്ടുവച്ചിരിക്കുന്ന ഉത്തരം എന്താണ്?

ചോദ്യം നിന്നോടാണ്, ഉത്തരവും നീ പറയുക 
ഞാൻ അഭിസാരികയെങ്കിൽ 
തെറ്റെന്നറിഞ്ഞു കൊണ്ട് തന്നെ എന്നെ
പ്രാപിച്ച നിന്‍റെ പേരെന്താണ്?

No comments:

Post a Comment