Monday, 16 November 2015

എന്നെ നഷ്ടമാകുന്നയിടങ്ങളിൽ,
പെയ്തൊഴിയാത്തൊരു മേഘത്തുണ്ടിൽ 
വിരൽ കോർത്ത്, മണ്ണിന്നാഴങ്ങളിൽ 
ഉണർവ്വു കാത്തുറങ്ങുന്നൊരു വിത്തിന്‍റെ
മിഴികളിൽ മഴയധരങ്ങളാൽ പുൽകി,

ധരയുടെ പൊക്കിൾക്കൊടിയിൽ 
പടരുന്ന വേരിന്‍റെ തുടിക്കുന്ന ജീവനായി
മണ്‍ഭിത്തി തുരന്ന്, തൂവൽ 
ഭാരങ്ങളോടെ രണ്ടിലക്കണ്ണുകൾ ചിമ്മി,

പുലർകാല ഹിമകണങ്ങളുടെ 
കുളിരിൽ പൊതിഞ്ഞൊരു വൃക്ഷത്തിന്‍റെ
തണലും കരുതലും ചിറകിലൊളിപ്പിച്ച് 
വിയർത്ത വെയിലുതിന്ന്, വരണ്ട മഴകുടിച്ച്

തളിരെഴുതുന്ന ശിഖരങ്ങളിൽ 
തണലൊരുക്കി, അമ്മയെ കാക്കും
കുഞ്ഞിക്കിളിക്കൂടിനെ മാറോട് ചേർത്ത്,
കാറ്റുമൂളുന്ന രാഗത്തിനൊരിലത്താളമിട്ട്‌,

വസന്തമെഴുതും പ്രണയത്തിൽ പൂത്തുലഞ്ഞ്, 
മധു നുണയുമാളിതന്നധരത്തിലൊരു 
മുറിവേല്‍ക്കാത്ത ചുംബനമേകി , മധുരതര-
മാകുമൊരു പനിനീർ ചാമ്പക്കയാവണം

No comments:

Post a Comment