Monday, 16 November 2015

കാഴ്ചകൾ


:1:.
നിയോണ്‍ വെളിച്ചം
പരന്ന വഴിയോരം
സമയത്തെ തോൽപ്പിച്ച്
ഓടുന്ന വാഹനങ്ങൾ,
ശബ്ദങ്ങൾ പ്രകമ്പനം
കൊള്ളിക്കുന്ന അശാന്തി.
തിരക്കുകളുടെ തീരത്ത്
മുന്നൊട്ടെക്കൊ പിന്നൊട്ടെക്കൊ
എന്നാലോചിച്ച രണ്ടു നിമിഷങ്ങൾ

നഗരത്തിന്റെ തിരക്ക്
പണ്ഡിറ്റ്‌ജിയുടെ മുരളി
ഒരു ഹിന്ദുസ്ഥാനി പാടുന്നു
അതിലൂടെ ദൂരത്തെ പിന്നിലാക്കി
കാഴ്ചകളുടെ വ്യതിയാനങ്ങളിലേക്ക്
വഴിയോര വാണിഭം
വിലപേശലുകൾ,
തർക്കിക്കലുകൽ,
ഒന്നിലും ഉറക്കാത്ത
ശബ്ദ കോലാഹലങ്ങൾ.

അലസമായ കാലടികൾ
വഴികളെ പിന്നിലാക്കി
പലതരം വേഷക്കാർ
തിരക്കുപിടിച്ച് ചിലർ
ഉച്ചത്തിൽ പറഞ്ഞു ചിലർ
കൊഞ്ചികുഴഞ്ഞു ചിലർ
ഇരവറിഞ്ഞിട്ടും
ഇരുട്ടറിയാത്ത ചിലർ

:2:.
ഹിന്ദുസ്ഥാനിയിൽ നിന്ന്
മാറി വരികൾ ചടുലതാളമായി
ഷാൻ പാടുന്നുണ്ട്.
വിശപ്പിന്റെ വഴി
മസാലകൂട്ടുകളുടെ ഗന്ധം
ഒരു കുഞ്ഞു കൈ നീളുന്നു
ഹിന്ദിക്കാരൻ മുതലാളി
മാറിപ്പോ മാറിപ്പോ
എന്ന് അലറുന്നു

കാലുകൾ വീണ്ടും ചലിച്ചു
കാഴ്ചയിൽ രണ്ടു രൂപങ്ങൾ
അടുക്കുന്തോറും രണ്ടു
വടവൃക്ഷങ്ങൾ തെളിയുന്നു
ശിഖിരങ്ങളെല്ലാം
തളർന്നിരിക്കുന്നു,
വേരുകൾക്ക് ബലക്ഷയം
ശൂന്യതയിലും
കണ്ണുകൾ പെയ്യുന്നുണ്ട്
കൈയിലുള്ള ഭാണ്ഡത്തിൽ
തല താങ്ങി
നെഞ്ചിലെ കനൽ ഭാരം
വിറച്ചു തടവുന്നുണ്ട്‌
എവിടെയോ അടിച്ച
തിരയിലും ഒഴുക്കിലും
പെട്ട് അടിഞ്ഞു കൂടിയവർ
യാത്രയുടെ അവസാന
ചുവടുകളിലാണ്

:3:.
വർണ്ണബൾബുകൾ
തെളിഞ്ഞു കാണുന്നു
സ്വാഗതമോതുന്ന
മധുശാലകൾ
കാഴ്ച്ചയുടെ കാണാപ്പുറങ്ങൾ
തെളിയുന്നു
ഇരുണ്ട വെളിച്ചത്തിൽ
മധു ചഷകങ്ങൾ
തണുപ്പിച്ചും അല്ലാതെയും
പലതവണ നിറഞ്ഞു
ഒഴിഞ്ഞു കൊണ്ടിരിക്കുന്നു
മുഖങ്ങളിലും വാക്കുകളിലും
പലവിധം ഭാവങ്ങൾ
പുകച്ചുരുളുകൾ ഉയരുന്നു.

വിരസതയകറ്റാൻ
ഡി ജെ യുടെ വിരലുകൾ
പയാനൊയുടെ നിറങ്ങളെ
തഴുകുന്നു
പാടുന്ന ശരീരത്തിൽ
പുഴുക്കളരിക്കുന്നു
കാർന്നു തിന്നുന്ന കണ്ണുകൾ
മിഴികളടച്ചിട്ടും നീളുന്ന
മിന്നൽപിണരുകൾ
കാഴ്ചയെ പ്രതിരോധിച്ചും
കറുപ്പ് നഗ്നയാകുന്നുവോ

:4:.
ഇരവിന് കറുപ്പ്
കൂടിയോ
അകലെ നിന്ന് കേൾക്കുന്ന
തീവണ്ടിയുടെ സൈറൻ
പകുതിയും പിന്നിട്ട വഴികൾ
പിന്നിടാൻ ദൂരകൂടുതൽ
തീവണ്ടിപ്പാതകൾക്കരികിൽ
എന്തൊരു ഇരുട്ടാണ്‌
കാഴ്ചകളെ മറക്കുന്ന
നിർവികാരമായ ഇരുട്ട്
ഏതു സംഗീതമാണ്
കേൾക്കുന്നത്
തണുപ്പിന്റെയോ
കറുപ്പിന്റെയോ
നിഗൂഡതകളുടെയോ
അതോ പാതിയുടഞ്ഞ
ശരീരങ്ങളുടെയോ
അനങ്ങുന്ന നിഴലുകളിൽ
പൂർണ്ണതയുള്ളവ എവിടെ
പരിചയമില്ലാത്ത ഈ
സംഗീതത്തിന്റെ തുടക്കം
എവിടെ നിന്നാവും.

ഭൂമിയുടെ ഉള്ളറകൾ
തകർത്ത ഗർത്തങ്ങളിൽ
പതിക്കുന്നുണ്ടോ ഇവ
അതോ അനന്തതയിലൊ
പൊടുന്നനെ വഴി
തിരിഞ്ഞു നടക്കാൻ
കാഴ്ച്ചയുടെ
കണ്ണിൽ വന്നിടിച്ച
വെളിച്ചവും, ശീല്ക്കാരവും

:5:.
കാഴ്ച വീണ്ടും നാല് ചുമരിൽ
മേശപ്പുറത്തിരിക്കുന്ന
ജെയിൻ ഓസ്റ്റിന്റെ
പ്രൈഡ് ആൻഡ്‌ പ്രെജുടിസിൽ
ഇരുന്ന് എലിസബത്തും ദാർസിയും
പ്രണയചുമ്പനം കൈമാറുന്നു
വെളിച്ചത്തിൽ ആകൃഷ്ടയായി
പറന്നെത്തിയ പ്രാണികൾ
ഇരയുടെ വരവറിയിച്ചു
പുറമേ ഇരുട്ടിനു കനം തൂങ്ങുന്നു
ടേപ്പിൽ നിന്ന് ഇഷ്ട ഗാനം
ഗോരി തേരി ആൻഖേൻ കഹെ.....
ഇനി കാഴ്ചകൾ മതിയാക്കി
സ്വപ്നത്തിലേക്ക് മിഴികൾ പൂട്ടാം...


No comments:

Post a Comment