Monday, 16 November 2015

വിഗ്രഹങ്ങൾ പറയുന്നത്

ഒരിക്കലുമവസാനിക്കാത്തതെന്നു
കരുതി സങ്കടങ്ങളുടെ തോരാത്ത 
പെരുമഴക്കാലമായി ദക്ഷിണയിട്ടു 
കണ്ണടച്ച് സർവ്വ സുഖലബ്ധിക്കായി 
നിവേദനം കുടഞ്ഞുവിരിക്കുമ്പോൾ 
ഒരിക്കലെങ്കിലും ചിന്തിക്കുക,


ദൈവത്തിലേയ്ക്കെത്തുന്നതിനു 
മുൻപ് വെറും കല്ലായിരുന്ന ഞാൻ
തോരാമഴകളേറ്റെത്ര കുളിർന്നിരുന്നെന്ന്,
തിളച്ചുപൊള്ളുന്ന വെയിൽ കുടിച്ചെത്ര
വിയർത്തു ചുട്ടു നീറിയിരുന്നെന്ന്,

അവഗണനകൾക്കൊടുവിൽ,
മോക്ഷമെന്ന ദൈവത്തിലേക്കെത്തുവാൻ
ഓരോ ഉളിത്തുമ്പിൻ മുറിവാഴത്തിലു
മെത്രമേൽ കരഞ്ഞുതളർന്നിരുന്നെന്ന്,
അത്രമേൽ നീയൊരിക്കലും മുറിപ്പെട്ടിട്ടില്ല.

വെറുമൊരു കല്ലിൽ ശില്പിയുടെ 
മനസ്സിലെ രൂപത്തെ ശിലയായ് വിവർ
ത്തിക്കപ്പെടുമ്പോളവിടെ നീയും ഞാനും 
ഒന്നെന്നുള്ള തത്വമസിയുടെ പൂർണ്ണാർത്ഥം 
എഴുതപ്പെട്ടിട്ടും നശ്വരമായ ഗർവ്വിനാൽ 
കുലങ്ങളുടെ അദൃശ്യതടവറകളെന്തിനാണ്,

തോരാത്തമിഴികളുടെ കവിൾച്ചാലുകൾ
തുടച്ചാവദനത്തിൽ തെളിയും നിമിഷ 
നേരത്തിൻ പുഞ്ചിരിയിൽ പോലും ഞാനും
നീയുമൊന്നാകുമെന്നുള്ളപ്പോളെന്നെത്തേടി
യലയുകയെന്നുള്ളത് അപ്രസക്തമാകുന്നു.

No comments:

Post a Comment