വെള്ളം, വായു, വെളിച്ചം, ആഹാരം
ഇതെല്ലാം മനുഷ്യരുടേയും
മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും
നിലനില്പ്പിനു അത്യാവശ്യമെന്നു
പറഞ്ഞ് പൊതുവിജ്ഞാന വിഷയത്തിൽ
അനിയൻപിള്ള മാഷ് ക്ലാസ്സ്
എടുത്തപ്പോ താടിക്ക് കൈ കൊടുത്ത്
വെറുതെ കേട്ടിരുന്നതാണ്,
അന്ന് ബോർഡിലെ കറുത്ത
പ്രതലത്തിൽ വെള്ളം എന്നെഴുതി
അടിവരയിട്ട് മാഷ് പുഴയുടേയും, വള്ള
ത്തിന്‍റെയും വലയെറിയുന്ന വള്ളക്കാ-
രന്‍റെയും ചിത്രം വരച്ചു കാണിച്ചു.
രണ്ടു ദിവസം കഴിഞ്ഞു കൂട്ടുകാർക്കൊപ്പം
കായല് കാണാൻ സ്കൂളിൽ നിന്ന്
പുറപ്പെടുമ്പോഴേ കുറച്ച് ആഹാരവും
വെള്ളവും കൈയിൽ കരുതാൻ മാഷ്
പറഞ്ഞത് മനപ്പൂർവ്വം മറന്നതിന്‍റെ
ശിക്ഷയാണ് വെള്ളത്തിനാൽ ചുറ്റപ്പെട്ടിട്ടും
ഒരു തുള്ളി കുടിക്കാൻ ഇല്ലാത്ത
ദാഹത്തിന്‍റെ വരൾച്ച തൊണ്ടയിൽ
നിന്നൊരു പ്രതീക്ഷയോടെ കൂട്ടുകാരുടെ
കുപ്പി വെള്ളത്തിൽ തൊട്ട് കണ്‍നിറച്ചത്.
വെള്ളത്തിന്‍റെ അർത്ഥം മനസ്സിലായ
അന്ന് മുതലാണ് വീട്ടിലേയും സ്കൂളിലേയും
വഴിയോരങ്ങളിലേയും തുറന്നൊഴുകുന്ന
പൈപ്പുകൾക്ക് നേരെ കൈകൾ നീണ്ടതും
വിശന്നിരിക്കുന്ന കൂട്ടുകാരന് പുഞ്ചിരിയോടെ
ഉച്ചഭക്ഷണം പങ്കു വച്ച് തുടങ്ങിയതും.
No comments:
Post a Comment