Thursday, 7 January 2016

ഇനിയെത്ര മൗനങ്ങൾ

ചിന്തകളുടെ ഓളങ്ങൾ
മൗനങ്ങളുടെ തീരങ്ങൾ
തേടുമ്പോൾ ചോദ്യങ്ങളും
ഉത്തരങ്ങളും വാക്കുകൾക്ക്
ശ്മശാനങ്ങൾ തീർക്കും 

ശൂന്യതയുടെ വേരുകളിൽ 
തെന്നി ജീവിതത്തെ മൗനത്തിൽ
പൊതിഞ്ഞെടുക്കുമ്പോൾ പരസ്പരം
എടുത്തണിയേണ്ടുന്ന വാക്കുകൾ
നിഗൂഢതയിലോടിയൊളിക്കുന്നു 

എന്തിനെന്നറിയാതെ വഴി
പിരിയും കാറ്റലകളിൽ തട്ടി 
കൊഴിഞ്ഞു വീഴും മാമ്പൂവുകൾ 
അരക്ഷിതത്വങ്ങളുടെ താക്കോൽ 
കൂട്ടങ്ങളിലെ പയ്യാരങ്ങളിൽ നിന്നും 
ഏകാന്തതയുടെ മൂടുപടം കണ്ടെടുക്കും 

വാശികളിലും പ്രതികാരങ്ങളിലും 
ഇനിയുമെത്രയെത്രയോ  മൗനങ്ങൾ 
കൂർത്ത മുറിവുകൾ ബാക്കിയാക്കി 
നിസ്സഹായതയുടെ  ഒറ്റപ്പെടലുകൾക്ക്
വേദനയോടെ സാക്ഷ്യമൊരുക്കും 

2 comments:

  1. മൗനങ്ങളെ പറ്റി വാചാലമായ ഈ കവിതയും ചിന്തയും മനോഹരം .. എന്റെ ആശംസകൾ.

    ReplyDelete
  2. സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

    ReplyDelete