അറ്റമില്ലാത്താകാശപ്പായയിൽ
നിന്നൊരു തുണ്ടടർത്തി മെത്തയൊരുക്കി
കാറ്റ്പുതച്ചു കിടന്നൊരുവൻ
മേല്ക്കൂരയില്ലാത്ത വീടിൻ സ്വപ്നം കാണുന്നു,
തിരിച്ചു പോകുവാനാകാതെ,
ഇടയിൽ അകം മുറിഞ്ഞടർന്നു പോയ
ഇതളിൻ ആർദ്രതയോടെ ഓരോ മുറികളുടെ
ചുവരിനേയും അദൃശ്യമായൊരുക്കുന്നു,
ഒരു മുറിയുടെ ചുവരുകളിലെല്ലാം
അവൻ മിഴിമഴകളെ വരച്ചുവയ്ക്കുന്നു
മറ്റൊന്നിൽ തിളച്ചു മറയുന്ന അനാഥത്വത്തിന്‍റെ
വെയിൽ സൂചികൾ തറച്ചുവയ്ക്കുന്നു,
വിശപ്പിന്‍റെ വഴിമറയ്ക്കാത്ത തണ്ടെല്ലെത്തും
വയർതടവി വഴിയൊരുക്കുന്നു,
നാവു മറന്ന രുചിക്കൂട്ടുകളുടെ രസമുകള-
ങ്ങളാലൊരു മലർവാടിയൊരുക്കുന്നു,
മേല്ക്കൂരയില്ലാത്ത വാതിലുകളും
ജനാലകളും ജീവിതത്തിലേയ്ക്കോ
മരണത്തിലേയ്ക്കോ തുറക്കേണ്ടതെന്നറിയാതെ
അമ്പരപ്പുകൊണ്ടൊരുന്മാദ രാഗം പാടുന്നു,
ആരുമറിയാതെ നിശ്ശബ്ദതയിലുമൊരു
ശബ്ദം തേടി, കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്ന
വെയിൽ-മഴ ഭിത്തിയുടെ ഓരങ്ങളിലൊരു
കനത്തശ്വാസമിരുന്നങ്ങ് കട്ടപിടിക്കുന്നു,
പുലരുമ്പോൾ, കുലയ്ക്കുമ്പോളൊന്ന് തൊടുക്കു-
മ്പോൾ നൂറ്, തറയ്ക്കുമ്പോളായിരമെന്നതുപോലെ
വീടില്ലാത്തവനെന്ന സങ്കടമുള്ള് തൊണ്ടയിൽ
കുരുങ്ങി വിശപ്പിന്‍റെ ഉമിത്തീയിൽ വീഴുന്നു
No comments:
Post a Comment