Friday, 22 January 2016

പുലരുമ്പോൾ,


അറ്റമില്ലാത്താകാശപ്പായയിൽ 
നിന്നൊരു തുണ്ടടർത്തി മെത്തയൊരുക്കി 
കാറ്റ്പുതച്ചു  കിടന്നൊരുവൻ 
മേല്ക്കൂരയില്ലാത്ത വീടിൻ സ്വപ്നം കാണുന്നു, 

തിരിച്ചു പോകുവാനാകാതെ, 
ഇടയിൽ അകം മുറിഞ്ഞടർന്നു പോയ 
ഇതളിൻ ആർദ്രതയോടെ ഓരോ മുറികളുടെ 
ചുവരിനേയും അദൃശ്യമായൊരുക്കുന്നു,

ഒരു മുറിയുടെ ചുവരുകളിലെല്ലാം 
അവൻ മിഴിമഴകളെ വരച്ചുവയ്ക്കുന്നു
മറ്റൊന്നിൽ തിളച്ചു മറയുന്ന അനാഥത്വത്തിന്‍റെ 
വെയിൽ സൂചികൾ തറച്ചുവയ്ക്കുന്നു,  

വിശപ്പിന്‍റെ വഴിമറയ്ക്കാത്ത തണ്ടെല്ലെത്തും 
വയർതടവി വഴിയൊരുക്കുന്നു,
നാവു മറന്ന രുചിക്കൂട്ടുകളുടെ രസമുകള-
ങ്ങളാലൊരു മലർവാടിയൊരുക്കുന്നു,  

മേല്ക്കൂരയില്ലാത്ത വാതിലുകളും
ജനാലകളും ജീവിതത്തിലേയ്ക്കോ 
മരണത്തിലേയ്ക്കോ തുറക്കേണ്ടതെന്നറിയാതെ
അമ്പരപ്പുകൊണ്ടൊരുന്മാദ രാഗം പാടുന്നു, 

ആരുമറിയാതെ നിശ്ശബ്ദതയിലുമൊരു 
ശബ്ദം തേടി, കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്ന
വെയിൽ-മഴ ഭിത്തിയുടെ ഓരങ്ങളിലൊരു 
കനത്തശ്വാസമിരുന്നങ്ങ് കട്ടപിടിക്കുന്നു, 

പുലരുമ്പോൾ, കുലയ്ക്കുമ്പോളൊന്ന് തൊടുക്കു-
മ്പോൾ നൂറ്‌, തറയ്ക്കുമ്പോളായിരമെന്നതുപോലെ 
വീടില്ലാത്തവനെന്ന സങ്കടമുള്ള് തൊണ്ടയിൽ 
കുരുങ്ങി വിശപ്പിന്‍റെ ഉമിത്തീയിൽ വീഴുന്നു

Tuesday, 19 January 2016

ജീവിത ദൂരം

അഗ്നിയാറിയുറഞ്ഞു 
ബാക്കിയായൊരു നുള്ള് 
നീറിന്നോർമ്മയിലെന്‍റെ 
നിഴൽപോലും വേച്ച് 
നിന്നിലേയ്ക്കുള്ള വഴികൾ 
തേടുന്ന പോലെങ്കിലും,
മുനിഞ്ഞു കത്തുമൊരു
ജീവിത ദൂരം ബാക്കി

മരണപത്രം: അകവും പുറവും


ഒരു ചുവരിനിരുപുറം
നടക്കുന്ന മേലാള അലിഖിത
നിയമങ്ങൾക്കുള്ളിലേയ്ക്കൊരുവൻ  
നരച്ച സ്വപ്നത്താൽ ജീവന്‍റെ
മരണപത്രം കുറിക്കുന്നു .

ജനനമെന്ന തെറ്റുകൊണ്ടു തന്നെ 
മരണത്തെ വെല്ലുവിളിച്ച്,
സ്വപ്നത്തിന്നെത്താക്കൊമ്പായ
ശാസ്ത്രലോകത്തിന്‍റെയെഴുതാൻ 
മോഹിച്ച വരികളിലേയ്ക്ക് 
പെറ്റവയറിന്‍റെ കണ്ണീർവള്ളിയടർത്തി-
യൊരഴിയാക്കുരുക്ക് തീർക്കുന്നു.

ജീവനും ജീവിതവും സ്വപ്നങ്ങളുമൊരു 
കുരുക്കിൻ തുമ്പിൽ പിടഞ്ഞ്
മരണത്തിന്‍റെ താരട്ടുകേൾക്കുമ്പോൾ
ഒരുപുറം മേല്ക്കോയ്മകളുടെ 
അവകാശങ്ങൾ വീണ്ടും പതിച്ചെടുക്കുന്നു, 
മറുപുറം അവകാശങ്ങളെല്ലാമൊരു
കോടിത്തുണിയിൽ പൊതിഞ്ഞെടുത്ത്
കണ്ണീരു ചേർത്ത് ഒരു പിടി 
വെണ്ണീർ ബാക്കിയേ നെഞ്ചോട്‌ ചേർക്കുന്നു. 

ഇനിയുള്ള  ചോദ്യം നിന്നോടാണ്, 
നിന്നോട് മാത്രം, അവഗണിച്ചു 
തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ 
മരണത്തിലൂടെ പ്രതികരിച്ചു പ്രതികാരം 
തീർക്കാതെയൊരുമിച്ചുനിന്ന് ഭാവിയുടെ/
ജീവിതത്തിന്‍റെ തലമുറകളുടെ 
വിജയം നിറഞ്ഞ വരികൾ 
മനോഹരമായെഴുതാൻ ശ്രമിക്കാതെ 
ഭീരുവിനെപ്പോലെ പരാജയങ്ങളുടെ 
വിപ്ലവം തേടിപ്പോയതെന്തിനായിരുന്നു? 

കടുത്ത അവഗണനകൾക്കെതിരെ , 
അവകാശഹത്യകൾക്കെതിരെ 
വീറോടെ ഒരുമിക്കേണ്ടയാവശ്യകതയ്ക്ക് 
പകരം അപകർഷതയുടെ 
ഉൾവലിച്ചിലിൽ മരണമെന്ന ജയം
പുതച്ചപ്പോൾ കരിമ്പാറയിലും
ഉറവകണ്ടെത്തിയ, വരണ്ടനിലങ്ങളിലും
പൊന്നുവിളയിച്ച പൂർവ്വികരുടെ,
കരുത്തും ചങ്കൂറ്റവുമൊരുമയും കൊത്തിവച്ച
ചരിത്ര വഴികൾ  ഓർക്കാഞ്ഞതെന്താണ്?

അനാധമായേക്കാവുന്ന കുടുംബത്തേയും  
മോനേയെന്ന ഭാവിയുടെ പ്രതീക്ഷ
നിറഞ്ഞ വിളികളെയും ഇത്രമേൽ ആഴത്തിൽ 
മുറിവേൽപ്പിച്ചു മനപ്പൂർവം മറന്നതെന്തിനാണ്? 

Friday, 15 January 2016

നീയെന്ന കടൽ

ഒന്നുമൊന്നും കരുതിവച്ചതല്ലെങ്കിലും 
അവശേഷിക്കുന്ന മുറിവുകളുടെ 
മടുപ്പെന്നയൊരേ പ്രഹരത്തിൽ
മറവിയുടെയോർമ്മകൾ നീയെന്ന  
കടൽ മാത്രമായിട്ടും, നീയുപേക്ഷിച്ച 
ഞാനെന്നയോർമ്മളെയൊരുവാക്കി-
ലഴപിരിച്ച് എഴുതിത്തുടങ്ങണം 

Wednesday, 13 January 2016

സ്വപ്നം കാണുന്നവൾ

ചാറ്റൽ തുള്ളികളോടൊപ്പം 
തണുത്ത കാറ്റെത്തി നോക്കിയിരുന്ന
അവസാന ജാലകപ്പാളിയും അടച്ച്
കുന്തിരിക്ക ഗന്ധം നിറഞ്ഞ 
ഒറ്റമുറിയുടെ ഇരുൾ നിറഞ്ഞ 
സുരക്ഷിതത്വത്തിലേയ്ക്ക് അവൾ,
ശവപ്പെട്ടിക്കച്ചവടക്കാരന്‍റെ മകൾ
സൂസന്ന, സ്വപ്നം കാണുന്നവൾ 

രാത്രി, നേരം പത്താകുമ്പോഴേയ്ക്കും   
കണ്ണുകളിറുകെ പൂട്ടി സൈക്കിൾ 
മണിയോടൊപ്പം സൂസിക്കൊച്ചേന്ന 
അപ്പന്‍റെ വിളിക്ക് കാതോർക്കും,
ഇരുവശം പിന്നിയിട്ട മുടിയിലൊരു 
പൂവും കുത്തി അപ്പന്‍റെ സൈക്കിൾ   
മുന്നിലിരിന്നു സ്കൂളിലേയ്ക്ക് പോവും 

വൈകിട്ട് വഴിയിലെ തോട്ടിൽ മീൻ 
പിടിച്ച്, മാതാവിന് മുന്നിൽ തിരി തെളിച്ച് 
തിരികെ വീട്ടിലെയ്ക്കെത്തി കട്ടനും
കൂട്ടി അപ്പൻ പലഹാരപ്പൊതി നീട്ടും,
അത് കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നങ്ങ്  
മുതിരും, പിന്നെ ഒരു മാലാഖയെപ്പോലെ
അണിയിച്ചൊരുക്കി അപ്പൻ അവളുടെ 
കെട്ടു നടത്തും, കെട്ട്യോനു മുന്നിൽ വിരൽ
കൊണ്ട് നാണമെഴുതും, മക്കളെ മുലയൂട്ടും, 
അപ്പന്‍റെ മുതുകിൽ ആന കളിപ്പിക്കും,
വീടൊരുക്കുമ്പോഴേക്കും കെട്ട്യോനും,
മക്കളും, അപ്പനും ഒരു അലാറത്തിന്‍റെ 
ഒച്ചയിൽ ധൃതിപിടിച്ചങ്ങിറങ്ങിപ്പോകും. 

ഒന്നുമറിയാത്ത പോലെ മുടി വാരിക്കെട്ടി
കാപ്പിയനത്തി കഞ്ഞിയും വച്ച് 
കർത്താവിനു തിരി തെളിച്ച് അപ്പനെയും
കാണാത്തമ്മയേയും നോക്കിയൊരു 
ചിരിയൊളിപ്പിച്ചു ചാഞ്ഞ ചായ്പ്പിറ- 
യിലിരുന്നോരോ മരപ്പാളികളിലും 
കുരിശു വരച്ചളന്ന്  ആണിയടിക്കും,

ഇടയ്ക്കെപ്പോഴോ ശോശന്നപ്പൂവേന്ന് 
മൂളുന്നൊരുവരി ഏറു കൊണ്ട നായയെ-
പ്പോലെ ചുരുങ്ങി വലിയും, 
എന്തൊരു പെണ്ണെന്നു പള്ളു പറയുന്ന
വേലിപ്പത്തലുകളുടെ മുഖത്ത് "ഭ"യെന്നൊരാട്ട്
കാറ്റുപോലെ തട്ടിത്തെറിക്കും,
പലചരക്കു വാങ്ങുന്ന ബാക്കിയുടെ
വഷളൻ ചിരിയെ ഒറ്റ നോട്ടത്തിൽ ദഹിപ്പിക്കും,
ചായ്പ്പടയ്ക്കുന്നതിന് മുന്നേ അപ്പനേയും
അമ്മയേയും നെഞ്ചോട്‌ ചേർത്തു പിടിക്കും

കുരിശു വരച്ച് അത്താഴം കഴിച്ച്
തിങ്ങി നിറഞ്ഞ നക്ഷത്രങ്ങളെ നോക്കിയിരിക്കും,
കണ്ണുകൾകൊണ്ടെന്തോക്കെയോ പറഞ്ഞു 
കേൾപ്പിച്ചു വെറുതെ ചിരിക്കും, പിന്നെ
അവസാന ജാലകപ്പാളിയും അടച്ച്
കുന്തിരിക്ക ഗന്ധം നിറഞ്ഞ ഒറ്റമുറിയുടെ
ഇരുട്ടിൽ കണ്ണുകളിറുകെ പൂട്ടി സൈക്കിൾ 
മണിയോടൊപ്പം സൂസിക്കൊച്ചേന്ന 
അപ്പന്‍റെ സ്നേഹമുള്ള വിളിക്ക് കാതോർക്കും.

  
  

Tuesday, 12 January 2016

അവകാശങ്ങൾ

പുരപ്പുറത്തേയ്ക്കു നീണ്ട 
മാവിൻ ചില്ല വെട്ടാനോങ്ങിയ 
അച്ഛന്‍റെ നേർക്ക് ആദ്യമൊരു
ഇത്തിൾക്കണ്ണിയായിരുന്നു 
അവകാശസമരം പ്രഖ്യാപിച്ചത്,

തൊട്ടു പിന്നാലെ വിശപ്പിന്‍റെ 
അവകാശത്തിനായി കണ്ടാലറിയുന്ന, 
അതന്നെ കാക്ക, തത്ത, കുയിൽ, 
മൈന, ഉപ്പൻ സംശയിക്കണ്ട സകലമാന 
പക്ഷികളും നിരാഹാര ഭീഷണി മുഴക്കി,

ഞെട്ടി നിന്ന അച്ഛനെ തോല്പ്പിച്ച് 
ചിലച്ചുകൊണ്ടൊരണ്ണാറക്കണ്ണനും 
പൊടുന്നനെയങ്ങവർക്കൊപ്പം കൂടി,

തീർന്നില്ല, കിടപ്പാടം നഷ്ടമാകുമെന്ന
നിവേദനം നീട്ടി കുടികിടപ്പവകാശം 
പറഞ്ഞ് ഭയപ്പെടുത്തി കിളികളെല്ലാം 
ചേർന്നച്ഛനെയന്ന് മടക്കിയയച്ചു,

എന്നിട്ടും, ആരുടേയുമനുവാദമില്ലാതാ-
രോടും പറയാത്തൊരു ദിനം
അവകാശങ്ങളെല്ലാമെഴുതി വാങ്ങി
മൗനമായാച്ഛൻ തന്നെയത് 
മുറിച്ചപ്പോൾ രണ്ടു വസന്തങ്ങൾ
ഒരേദിനമൊരേസമയമടർന്നുപോയി 

Sunday, 10 January 2016

അധിനിവേശങ്ങളുടെ പ്രത്യയശാസ്ത്രം

അടിച്ചമർത്തുക എന്നതിനേക്കാൾ  
അധിനിവേശങ്ങൾക്ക് നിങ്ങൾ 
വിചാരിക്കുന്നതിനപ്പുറമൊരു  
പ്രത്യയശാസ്ത്രമുണ്ട്, 
പുറന്തള്ളപ്പെട്ടാലും മുന്നേ പാകിയ
കൗശലത്തിന്‍റെ വിത്തുകൊണ്ട് 
നിങ്ങളറിയാതെ തന്നെ നിങ്ങളെ
കൊ(ന്നൊടു)ള്ളയടി/ക്കുകയെന്ന്,

പ്രതിഷേധിക്കേണ്ടതിന്‍റെ ആവശ്യകത- 
യേക്കാൾ ഭയമെന്ന വിത്തിന് നിങ്ങൾ 
നിശ്ശബ്ദതയെന്ന വളമേകിയപ്പോൾ, 
ശേഷിച്ച ചിന്തകളുടെ  തലയറുത്തും 
മാനമെടുത്തും നെഞ്ചു തുളച്ചും ചുട്ടെരിച്ചും
വയറുകീറിയുമവരുടെ സ്വർഗ്ഗങ്ങൾ
പണിതു പണിത് നിന്നെ അവർ 
കൊള്ളയടിക്കപ്പെടാൻ വിധിക്കപ്പെട്ട 
ഒരു രാജ്യമാക്കി ജീവിതത്തിൽ നിന്നും
മരണത്തിലേയ്ക്ക് നാടുകടത്തുന്നു.

നോക്കു, നിങ്ങൾ കാണുന്ന ഞാൻ 
തേഞ്ഞുപോയൊരു ചരിത്രത്താളിലെ 
നിറം മങ്ങിയ അക്ഷരമാണ്,
അതിഥിയായെത്തിയ വേട്ടക്കാരുടെ  
കൂർത്തതും മൂർച്ചയേറിയതുമായ  
വിശാസങ്ങളുടെ ആയുധമഴയിൽ 
ഇരയാക/ക്കപ്പെട്ട ചോരപൊടിഞ്ഞ്
നിറം മങ്ങിയൊരു ചില്ലക്ഷരം.   

Saturday, 9 January 2016

കരയാൻ തോന്നുമ്പോൾ

ഒരു കടൽത്തുള്ളി നെഞ്ചിൽ പേറി,
എനിക്ക് ജന്മാമേകാനാകാതെ പോയോ-
രമ്മയുടെ മുലപ്പാൽ ചൂടിന്നോർമ്മയി
ലേയ്ക്കെന്നെത്തന്നെ ചേർത്തു വയ്ക്കുന്നു, 

ശേഷം, കടൽത്തുള്ളിയിൽനിന്നൊരു
മഴത്തുള്ളിയടർത്തി നീയൊരു മഴക്കാല
മാണെന്ന് താരാട്ട് മൂളുന്ന ഏട്ടൻ ചൂടിന്‍റെ 
തണലിലെ ഒരു വരിക്കവിതയാക്കണം 

Friday, 8 January 2016

വെള്ളം

വെള്ളം, വായു, വെളിച്ചം, ആഹാരം 
ഇതെല്ലാം മനുഷ്യരുടേയും 
മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും 
നിലനില്പ്പിനു അത്യാവശ്യമെന്നു 
പറഞ്ഞ് പൊതുവിജ്ഞാന വിഷയത്തിൽ 
അനിയൻപിള്ള മാഷ്‌ ക്ലാസ്സ്‌ 
എടുത്തപ്പോ താടിക്ക് കൈ കൊടുത്ത് 
വെറുതെ കേട്ടിരുന്നതാണ്,

അന്ന് ബോർഡിലെ കറുത്ത 
പ്രതലത്തിൽ വെള്ളം എന്നെഴുതി 
അടിവരയിട്ട് മാഷ്‌ പുഴയുടേയും, വള്ള
ത്തിന്‍റെയും വലയെറിയുന്ന വള്ളക്കാ-
രന്‍റെയും ചിത്രം വരച്ചു  കാണിച്ചു.

രണ്ടു ദിവസം കഴിഞ്ഞു കൂട്ടുകാർക്കൊപ്പം  
കായല് കാണാൻ സ്കൂളിൽ നിന്ന് 
പുറപ്പെടുമ്പോഴേ കുറച്ച് ആഹാരവും
വെള്ളവും കൈയിൽ കരുതാൻ മാഷ്‌
പറഞ്ഞത് മനപ്പൂർവ്വം മറന്നതിന്‍റെ
ശിക്ഷയാണ് വെള്ളത്തിനാൽ ചുറ്റപ്പെട്ടിട്ടും
ഒരു തുള്ളി കുടിക്കാൻ ഇല്ലാത്ത 
ദാഹത്തിന്‍റെ വരൾച്ച തൊണ്ടയിൽ 
നിന്നൊരു പ്രതീക്ഷയോടെ കൂട്ടുകാരുടെ
കുപ്പി വെള്ളത്തിൽ തൊട്ട്‌ കണ്‍നിറച്ചത്. 

വെള്ളത്തിന്‍റെ അർത്ഥം മനസ്സിലായ
അന്ന് മുതലാണ്‌ വീട്ടിലേയും സ്കൂളിലേയും
വഴിയോരങ്ങളിലേയും തുറന്നൊഴുകുന്ന 
പൈപ്പുകൾക്ക് നേരെ കൈകൾ നീണ്ടതും
വിശന്നിരിക്കുന്ന കൂട്ടുകാരന് പുഞ്ചിരിയോടെ
ഉച്ചഭക്ഷണം പങ്കു വച്ച് തുടങ്ങിയതും. 
  




സ്വാതന്ത്ര്യമെന്നത്

സ്വാതന്ത്ര്യമെന്നത് ചിലപ്പോൾ 
ലിപികളില്ലാത്ത ഭാഷയാണ്,
ഇലകളടർന്ന ശാഖിയെ 
പൊതിഞ്ഞൊരു മഞ്ഞുപാളിയുടെ
വെയിലേറ്റാലെന്ന ഭയം പോലെ,
എരിഞ്ഞടങ്ങുന്ന  ചരിത്രമായോ 
പകയായോ എപ്പോൾ വേണമെങ്കിലുമൊ-
രോർമ്മയായ്  തുളുമ്പിപ്പോയേക്കാം.   

Thursday, 7 January 2016

ഇനിയെത്ര മൗനങ്ങൾ

ചിന്തകളുടെ ഓളങ്ങൾ
മൗനങ്ങളുടെ തീരങ്ങൾ
തേടുമ്പോൾ ചോദ്യങ്ങളും
ഉത്തരങ്ങളും വാക്കുകൾക്ക്
ശ്മശാനങ്ങൾ തീർക്കും 

ശൂന്യതയുടെ വേരുകളിൽ 
തെന്നി ജീവിതത്തെ മൗനത്തിൽ
പൊതിഞ്ഞെടുക്കുമ്പോൾ പരസ്പരം
എടുത്തണിയേണ്ടുന്ന വാക്കുകൾ
നിഗൂഢതയിലോടിയൊളിക്കുന്നു 

എന്തിനെന്നറിയാതെ വഴി
പിരിയും കാറ്റലകളിൽ തട്ടി 
കൊഴിഞ്ഞു വീഴും മാമ്പൂവുകൾ 
അരക്ഷിതത്വങ്ങളുടെ താക്കോൽ 
കൂട്ടങ്ങളിലെ പയ്യാരങ്ങളിൽ നിന്നും 
ഏകാന്തതയുടെ മൂടുപടം കണ്ടെടുക്കും 

വാശികളിലും പ്രതികാരങ്ങളിലും 
ഇനിയുമെത്രയെത്രയോ  മൗനങ്ങൾ 
കൂർത്ത മുറിവുകൾ ബാക്കിയാക്കി 
നിസ്സഹായതയുടെ  ഒറ്റപ്പെടലുകൾക്ക്
വേദനയോടെ സാക്ഷ്യമൊരുക്കും 

Wednesday, 6 January 2016

"ചെ"


അധിനിവേശങ്ങളുടെ
ആഴങ്ങൾ കടന്ന് ആക്രമണങ്ങളുടെ
കുടിപ്പകകൾ ഇടമുറിയാത്ത
ചോരപ്പാടുകളുടെ ഇരുണ്ട വഴികൾ
തീർത്തയിടങ്ങളിലേയ്ക്ക്,

ഒരുലോകത്തെ ജനതയ്ക്കെല്ലാമൊരേ
നീതിയെന്ന ചങ്കുറപ്പിൽ ഇരയുടെ
അരാജകത്വത്തിലേയ്ക്ക്,
ചുണ്ടിലെരിയുന്നൊരു ഹവാനചുരുട്ടും
ലാ പോഡറോസ ഇരമ്പവുമായി
അടിമകളുടമകളാവാൻ സമരവീര്യ-
ങ്ങളുടെ വിപ്ലവവീഞ്ഞ് പകർന്നവനെ
നിന്നോടുള്ളെന്‍റെ പ്രണയം "ചെ"യെന്ന്
എഴുതി ഞാനടയാളപ്പെടുത്തും.

ഭീതിയുടെ പരുക്കൻ പകലുകൾക്കും
ഇരുണ്ട രാവുകൾക്കുമിടയ്ക്കുള്ള
വിശപ്പിന്‍റെ വെല്ലുവിളികളിലേയ്ക്ക്
സ്വാതന്ത്ര്യത്തിന്‍റെയുമവകാശത്തിന്‍റെയും
പോരാട്ടങ്ങളുടെ രുചി വിളമ്പിയവനെ,

വഴിയറിയാതൊറ്റപ്പെട്ട സ്വപ്നങ്ങളിൽ
വെടിയുണ്ടകളുടെ വേഗതയേക്കാൾ
വേഗത്തിൽ വേട്ടക്കാരന്‍റെ ചടുലതയോടെ
കരിമേഘങ്ങളിലൊരു വസന്തമെഴുതി-
ച്ചേർത്തവനെ, ആശ്രയവുമാത്മവിശ്വാസവും
നഷ്ടപ്പെട്ടയിടങ്ങളിലാരും കാണാതെ ഞാൻ
നിന്‍റെ പേരെഴുതി ചുംബിക്കുന്നു.

ഒറ്റിനാൽ മരണം തേടിയെത്തിയിട്ടു-
മുയിരായ് പല നെഞ്ചിൽ ജീവിക്കുന്നവനെ,
ഇന്നും നീതി നിഷേധിക്കപ്പെട്ടെന്‍റെ
മക്കൾ വിശന്നു കരയുന്ന നെറികേടിൻ
തെരുവുകളിലേയ്ക്ക് അമർത്തിചവിട്ടിയൊരു
ബൂട്ടിൻ കാലടിപ്പാടുകളോടെ വിജയമെഴുതുക.

നേരില്ലാത്ത നെറികേടൊളിപ്പിച്ച
കാലത്തിന്‍റെയരികുകളിൽ  തെന്നിച്ചിതറി
ചോരചിന്തി മരണം തേടുന്നൊരു ജനത,
ഇരുളിനേയും മനസ്സിനേയും കീറിമുറിച്ച്
പെണ്‍പൂവിൻ നെഞ്ചുപൊട്ടും ആർത്തനാദം,
സങ്കടങ്ങളാൽ സ്വയമില്ലാതാവുന്നൊരു
സമൂഹം, തോക്കിന്മുനകൊണ്ട് നേരെഴുതുന്ന
നിന്‍റെ നെഞ്ചുറപ്പിനെ "എന്‍റെ സഖാവേ" എന്ന
വിളിയിലൂടെ  വീണ്ടും വീണ്ടും അവർക്കിട
യിലേയ്ക്ക് അവരിലൊരാളായി വിളിക്കുന്നു.

അടിച്ചമർത്തപ്പെടലുകളുടെ
മഴത്തുള്ളികൾക്കുമേൽ വിമോചനത്തിന്‍റെ
വിപ്ലവച്ചിറകുകൾ തുന്നിയവനെ
അവകാശബോധങ്ങൾക്കഗ്നി പകർന്നവനെ,
ചുരുട്ടിന്‍റെ ഗന്ധം പകരുന്ന മോട്ടോർസൈക്കി-
ളിരമ്പങ്ങളുടെ ഓർമ്മകൾക്കുള്ളിൽ
"ചെ"യെന്നെഴുതി നിന്നോടുള്ളയെന്‍റെ
പ്രണയം ഞാനടയാളപ്പെടുത്തുന്നു. 

(ഗൂഗിൾ)

Tuesday, 5 January 2016

ഭാരതമണ്ണൊരു പിയാത്തയാകുന്നു

സ്വപ്നത്തിൻറെ മഞ്ഞു പുതച്ചുറങ്ങുന്നൊരു
ജനതയുടെ സ്വപനം മുറിയ്ക്കാതെ
അതിരറ്റ രാജ്യസ്നേഹത്തിൻ മിടിപ്പുകളോടെ
ഭാരതാംബയുടെ മണ്ണ് കാത്തവരെ 
ഒറ്റുകാർക്കിടയിൽ ഇനിയും നശിക്കാത്ത
വിശ്വാസത്തിന്നുണർത്തുപാട്ടാണ് നിങ്ങൾ.

മഞ്ഞുപാളികൾ വിടർത്തിയൊരു 
സ്ഫോടനത്തിൽ പലജീവബലി നടത്തിയീ 
മണ്ണിൻ സമാധാനമടർത്താനെത്തിയവർക്കു
മുന്നിൽ സ്വജീവൻ ബലി നല്കിയൊരു 
രാജ്യമായവരെ, പ്രതീക്ഷകൾ നിറഞ്ഞൊരായിരം
വീരപുത്രന്മാരുടെ ഉയിർത്തെഴുന്നേൽപ്പ് 
കാത്തുകാത്ത്, നിങ്ങളെ നെഞ്ചോടു ചേർത്തീ
ഭാരതമണ്ണൊരു പിയാത്തയാകുന്നു 

അമ്മമാർ അങ്ങിനെയാണ്, എത്ര 
വളർന്നാലും മക്കൾ ചൂടിനെ നെഞ്ചോട്‌ ചേർത്തു 
പൊതിയും, ഒരുപുറമഭിമാനത്താലും മറുപുറ
മപമാനത്താലും പിടഞ്ഞ് നീറുമ്പോഴും
ഓരോ മണ്ണടരുകൾക്കുള്ളിലും കുളിരു പകരും 
ചൂടിനാൽ ശാന്തിയൊരുക്കും, അമ്മ മനസ്സുകളുടെ 
തീരാ ദുഃഖങ്ങളിന്നും പിയാത്തകളാകാൻ 
കൊതിക്കുന്ന വെണ്ണക്കല്ലുകൾ തേടിപ്പോകും.
(ചിത്രം:ഗൂഗിൾ)