മുകിൽ മാലകൾ നീരുറവ-
കളിലേക്ക് വർണ്ണഭേദങ്ങൾ
നിറയ്ക്കുമ്പോഴും, ഋതുക്കള-
റിയാത്ത കാലത്തിലെ
ഇലകളടർന്നു തളിരുകളെ
കാത്തിരിക്കുന്ന നഗ്നമാക്കപ്പെട്ട
ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു
ഞാനും നീയും.
തൂവിപ്പോകുന്ന വെയിൽ
കാലങ്ങളിലേയ്ക്ക്
ചെറുമഴ വീണു
കുളിർന്നപോലെ ആദ്യ ചുംബനം
നിന്‍റെ ചുണ്ടിൻ ചില്ലയിലാദ്യ
തളിരായെഴുതുമ്പോൾ,
കാതോരം കാറ്റൊളിപ്പിച്ച
രാഗങ്ങളിൽ പൂത്തുലഞ്ഞ
ചെമ്പകഗന്ധത്തിൻ പല്ലവിയു-
മനുപല്ലവിയും നിറയുന്നു,
സുഖകരമായ ഇഴകളുടെ
സ്വർണ്ണച്ചിറകിൽ നിന്നൊരു തൂവൽ
നിന്‍റെയുള്ളിൽ നിന്നും എന്‍റെ
നിശ്വാസങ്ങളിൽ തളിർത്തു പൂക്കുന്നു.
നിഴൽ വളർത്തിയ ചൂണ്ടുവിരലു-
മ്മകളിലും, നിലാ-മഞ്ഞുപൂക്കും
നെറ്റിയുമ്മകളിലുമകലാത്ത
പ്രണയത്തിന്‍റെയും വാത്സല്യ-
ത്തിന്‍റെയുമിലത്താ-
ളങ്ങളിലൊരു മഴമണിധാരയായി
നീ മാറുമ്പോൾ, ഞാൻ നിന്‍റെ
ആദ്യത്തേയുമവസാനത്തേയും
പ്രണയമായി മിഴിയിണകൾ
മെല്ലെ ചേർത്തു നിന്നിലേയ്ക്കു
മാത്രം പടർന്ന് തേനൊഴിയാത്ത
വസന്തമായി പരിവർത്തിക്കപ്പെടുന്നു.
കവിത അൽപം കട്ടിയാണെങ്കിലും നല്ലത്.തലക്കെട്ട് ചേരുന്നില്ലെന്നൊരു തോന്നൽ.
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ. തലക്കെട്ടുകൾ ശ്രദ്ധിക്കുന്ന ഒരു പതിവില്ലാർന്നു തീർച്ചയായും ഇനി ശ്രദ്ധിക്കാം
ReplyDelete