മിഴിമൊഴികളാകുന്ന വർണ്ണങ്ങൾ,
കഥപറയുന്ന
ചിത്രമെഴുത്തുകളാകുന്നിടത്താണ്
നഷ്ടങ്ങളായവയുടേയും
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവയുടേയും
നിസ്സഹായതയും ഭീകരതയും
ഉഷ്ണക്കാറ്റെന്ന വേവലാതിയോടെ
പിൻതിരിഞ്ഞ് പുറംചൊറിയുന്നത്.
കടുംപച്ച വർണ്ണങ്ങളുടെ
ചൂണ്ടക്കൊളുത്തിൽ മഴക്കാടുകളെ
കുരുക്കി കത്തുന്ന വേനലിന്‍റെ
ഒറ്റമുറിവെന്ന വിണ്ടപാടിലേയ്ക്ക്
നാടുകടത്തി ചിരിക്കുമ്പോൾ,
അന്യമാകുന്ന വന്യതയുടെ
പച്ചിലച്ചാർത്തുകൾ നിറഞ്ഞ മഴനന്മകൾ
ചിലന്തിക്കുരുക്കുകളുടെ പൊള്ളുന്ന
വെയിൽത്തുമ്പുകൾ നിറഞ്ഞ
സൂചിമുനകളായി പരിവർത്തിക്കപ്പെട്ട്
പായൽജീവിതങ്ങളെപ്പോലും
അവശേഷിപ്പുകളില്ലാത്ത അടയാളമാക്കുന്നു.
മനസ്സിലാവാത്ത വികസനമെന്ന
ഭാഷ ഭയന്ന് മലകളും മരങ്ങളുമുറവകളും
കുന്നുകളും ദേശാടനത്തിനിറങ്ങുമ്പോൾ
കൈപ്പിടിയിലൊതുക്കിയ ലാഭനഷ്ടം,
തിരശ്ശീലയ്ക്കു പിന്നിൽ തണുത്തുറഞ്ഞ
ഒന്നുമില്ലാത്തവന്‍റെ തൊണ്ടയിൽ തങ്ങിയ
സങ്കടമുള്ള് പോലെ വലിച്ചിഴയ്ക്കും.
നഷ്ടമേറ്റതറിയാതെ ഉറക്കമുണരുന്നൊരു
ചിത്രമെഴുത്തിലെ മിഴിനിറഞ്ഞ
കുഞ്ഞു മനസ്സിന്‍റെ കാല്പനികതപോലെ
എനിക്കും നിനക്കും പിന്നിൽ
ആശ്രയവുമാവാസവും കൈവിട്ടത-
റിയാതെ വളരുന്നൊരു തലമുറയുണ്ടെന്ന്
എന്നും മറക്കാതെയോർക്കേണ്ടതുണ്ട്.
ഹോ.എന്തൊരു കട്ടിയാ!?!?!?!
ReplyDelete