ഫിദൽ,
നീയോർക്കുന്നുണ്ടോ
നിന്‍റെ ശ്വാസഗതികളിൽ
മോട്ടോർ സൈക്കിൾ
ഇരമ്പങ്ങളുടെ മുഴക്കങ്ങൾ
വഴി പകുത്തെടുത്തത്,
ഇരുണ്ടു കിടന്ന
വഴിക്കറുപ്പിലേയ്ക്ക്
നിങ്ങളൊരു ചുരുട്ടിൻ
പന്തം ജ്വലിപ്പിച്ചു
വെളിച്ചം കുടഞ്ഞത്,
നിശ്ശബ്ദം തേങ്ങിയ
കാടകങ്ങളിൽ,വെടിയൊച്ച
പ്രതീക്ഷകളുടെ
വസന്തമെഴുതിയത്,
അധിനിവേശങ്ങളുടെ
വറുതിവേരുകളിലേയ്ക്ക്
നീതിയുറവകളുടെ
പുതുജീവൻ പകർന്നത്,
വിശപ്പൊട്ടിയ തളർന്ന
ചിന്താഴങ്ങളിലേയ്ക്കാവേശ-
ത്തിൻ അപ്പരുചി പകർന്ന്
ഉയിർത്തെഴുന്നേൽപ്പിച്ചത്,
ജന്മിത്വമെഴുതിയ
അഹമ്മതികളിൽ നിന്നും
ഏവർക്കും ഭൂമിയെന്ന-
വകാശം പിടിച്ചെടുത്തത്,
നൂലുകെട്ടിയടിച്ചമർത്തിയ
ചിറകിൻ ബന്ധനങ്ങളിൽ
ആകാശസ്വാതന്ത്ര്യമെന്ന
നെഞ്ചുറപ്പു പതിച്ചത്,
അടിമത്വത്തിന്‍റെ മുറിവ്
കാട്ടുഗറില്ലയുടെ ക്രൗര്യത്തോടെ
നക്കിയുണക്കി പ്രത്യാക്രമ-
ണത്തിന്‍റെ ചരിത്രം
വിപ്ലമാണെന്നോർമിപ്പിച്ചത്,
സഖാവേ,
നിങ്ങളെയോർക്കുമ്പോൾ
ഫിദലെന്ന് ചെയെന്ന്
ചേർത്തു വായിക്കുന്നു,
നേരിന്‍റെ ചങ്കുറപ്പിന്‍റെ
വെടിയൊച്ച കേൾക്കുന്നു,
അരാജകത്വങ്ങളിലേയ്ക്കുള്ള
വിപ്ലവവീര്യം തുടിക്കുന്നു,
ക്യൂബയുടെ കണ്ണീർ നേരിന്‍റെ
നീതിയുടെ പോരാട്ടവീര്യമാണ്,
ഫിദലെന്ന് ചെയെന്ന്
വായിക്കുമ്പോൾ ക്യൂബയൊരു
ആത്മവീര്യത്തിന്നണയാത്ത
ഉൾക്കരുത്താണ്, ധൈര്യമാണ്.
തീർച്ചയായും സഖാവ് ഒരു പ്രചോദനം തന്നെ.
ReplyDelete:)
Delete