ഞാൻ എന്ന ഞാൻ,
ഞാൻ അല്ലതാവുമ്പൊഴൊക്കെയും
എന്നിലെ എന്നെ
ചേർത്ത് പിടിക്കുന്ന ഒരു അദൃശ്യതയുണ്ട്.
ചിരിയിലെ കൊഞ്ചുന്ന കുറുമ്പുകളും,
ആരും കാണാത്ത കണ്ണുനീരിലെ
വാശിയുടെ നനവുകളും,
ഓർമകളുടെ കൈപ്പും മധുരവും,
കൂട്ടത്തിലെ തനിച്ചാവലുകളും.
സ്വപ്നങ്ങളും പ്രതീക്ഷകളും
എല്ലാം നിർവചിക്കാനാവാത്ത ഒരു
ആർദ്രതയോടെ ഒരു തലോടലായി
എന്നിലേക്ക് തന്നെ ചേർത്തണക്കുന്ന
ഒരു ഊഷ്മളമായ തീവ്രതയുണ്ട്.
സ്നേഹവും വാത്സല്യവും നിറച്ചു
ഏതു സങ്കടത്തിലും സാഹചര്യങ്ങളനുസരിച്ച്
ഉപദേശങ്ങളാൽ പുഷ്ടിപ്പെടുത്തി
ജന്മം പകർന്ന വാക്കിൻറെ പൊരുളും
സത്യവും മനസ്സിൽ നിറച്ചു തന്ന്
നിരര്‍ത്ഥകമായി പോകേണ്ടിയിരുന്ന
പുത്രീ ജന്മത്തിന് ജീവിതാര്‍ഥങ്ങളുണ്ടാക്കി.
അടക്കിപിടിച്ച സ്നേഹവായ്പുകളോടെ,
കനലെരിയുന്ന നെരിപ്പോടിൻ ജ്വാലയിലും
പെയ്തു തൂവുന്ന കാർമെഘ വർഷവും
നെഞ്ചിലെ അറിയാചൂടും പകർന്ന തണൽമരം
എന്റെ ജീവിതയാത്രയിലെ പാഥേയവും
തീരുമാനങ്ങളുടെ ശക്തിയും സ്വാതന്ത്ര്യവും,
അദൃശ്യമായ ആ ഊഷ്മളതയുടെ തീവ്രത
എന്നിലെ എന്നെ ഞാൻ ആക്കുന്ന സ്നേഹം
അച്ഛൻ,
പേറ്റുനോവിന്റെ കടപ്പാടിൽ പോലും
തോറ്റുപോകാത്ത ജീവൻറെ പാതിജീവൻ
No comments:
Post a Comment