Sunday, 17 August 2014


പറയാത്ത വാക്കുകളെ
എന്നാണു കേട്ട് തുടങ്ങിയതെന്ന
ചോദ്യത്തിനുള്ള ഉത്തരമാണ്
പറയാതെപറഞ്ഞു മറന്നു 
തുടങ്ങിയത് എന്നാണെന്നുള്ളത്.

വാക്കുകൾക്കിടയിൽനിന്നു 
ചിന്തകളുടെ ആഴങ്ങളെ,
നിർവചനങ്ങൾക്കും 
നിഗൂഡതകൾക്കുമിടയിലെ 
അതിർത്തികളുടെ പരിമിതികളിൽ
കറുപ്പും വെളുപ്പുമിഴചേർത്ത്,
സ്വാർത്ഥതയുടെ ജാലകങ്ങളിലൂടെ
കടുപ്പിച്ചും നേർപ്പിച്ചും വരയ്ക്കുന്നു.

വഴിയിലെവിടെയോ
വെയിലും മഴയും നിലാവുമെഴുതി-
യൊരാകാശം, വസന്തത്തിൻറെ
അടയാളങ്ങൾ പകർത്തിയെഴുതി 
കുസൃതികൾ നിറച്ച്
പുതിയൊരു കാലത്തിൻറെ
പുഞ്ചിരികളിലേക്കടുപ്പിക്കുന്നു.

കടൽമൗനങ്ങളുടെ നോവിൽ നിന്നും 
കുതിരവേഗങ്ങളുടെ സന്തോഷത്തിലേക്ക്
മയിൽപ്പീലിയാൽ വരയ്ക്കുന്ന
മഴവില്ലായങ്ങളെ ജീവിതത്തിൻറെ
ഉമ്മറപ്പടിയിലേക്ക് അലങ്കാരങ്ങളില്ലാതെ 
എന്നെന്നും ഒന്നായിരിക്കുമെന്ന
മന്ത്രങ്ങൾ ചേർത്തുവച്ചു
പിണക്കവഴികളെ മാച്ചു കളയുന്നു.


അപ്രതീക്ഷിത വാക്കുകൾ
ഇഴചേർന്നു നൂൽക്കുന്ന 
ഹൃദയാഴങ്ങളുടെ കാഴ്ച്ച-
ക്കൂട്ടുകളിലേക്കൊരുകുടന്ന 
മലർപുഞ്ചിരിപോലെ, വാശിയുടെ 
കുട്ടിക്കുറുമ്പുകളൊരുക്കുന്ന 
അതിവസന്തങ്ങളുടെ 
വിസ്മയിപ്പിക്കുന്ന 
നിറവിൻ കുസൃതികളുണ്ട്.


കാർമേഘമെഴുതിയേകിയ 
വെള്ളിനൂലിനിളങ്കാറ്റുപോലെ-
യരികിൽ ചിരിച്ചൊരു കുറുമ്പിൻ
പൂമുഖം മെല്ലെ തലോടവേ,
മഞ്ചാടിമണികൾ പാവിയ 
തൊട്ടിൽപടികളുടെ താരാട്ടിനീണം
മറ്റൊരുകുറുമ്പിനാൽ മൂളിയോ.

അരികിലൊരു നിറനിലാവിന്നൊളി 
പോലെയാ മണിക്കിടാവിൻ 
കിളികൊഞ്ചലിൻ കുറുകലിൽ 
മുഴുകവേ, നക്ഷത്രക്കുഞ്ഞുങ്ങൾ-
ക്കുറങ്ങുവാനൊരാകാശം 
വാർന്നിരുളുന്നു ഹൃത്തിൽ

Wednesday, 18 June 2014

ചില പിൻവാങ്ങലുകളും


ചില പിൻവാങ്ങലുകളും 
പിന്തിരിയലുകളും 
ബാക്കിയാക്കുന്ന ചിന്തകളിൽ 
ഘനീഭവിക്കുന്ന ഏകാന്തത 
ഉൾക്കടലിനുള്ളിലെ 
അനിയന്ത്രിതമായ ശാന്തതയെ 
ഓർമിപ്പിക്കും.

കരയുടെ തീരത്തേക്കുള്ള
വിജനതയിൽ, മൌനങ്ങൾ 
മഴവിൽ കുടചൂടി 
ഓർമകളിലേക്കു ഒളിച്ചു
കടത്തിക്കൊണ്ടുപോകുന്നു,

അവിടെ ഊർന്നുപോയ ചിലതിനെ 
ചികഞ്ഞെടുത്തു കോർക്കുമ്പോൾ 
പ്രണയ തീവ്രതയുടെ ഇടറിയ 
കാൽവൈപ്പുകൾക്കിടയിൽ 
കണ്ണെത്താത്ത കടലിനും
കൈയെത്താത്ത മേഘത്തിനുമിടയിലെ
അളന്നെഴുതലുകൾക്കുള്ളിൽ 
പകരക്കാരിയായ കാമുകിയായി
ചില തരംതാഴ്ത്തലുകളും 
നിസ്സാരമാക്കുന്ന രണ്ടാമതാവലുകളും.

തലങ്ങും വിലങ്ങും 
എറിഞ്ഞുടക്കപ്പെട്ട വാക്കുകളുടെ 
വേലിയേറ്റങ്ങളിൽ ആഞ്ഞടിക്കുന്ന 
അർത്ഥമില്ലായ്മകൾ,
ഒന്നെന്നുള്ള തിരിച്ചറിവുകളിലെ
കൂട്ടിക്കിഴികലുകളുടെ 
സാക്ഷ്യപ്പെടുത്തലുകൾ
തിരുത്തപ്പെടലുകൾക്കുപോലും
അർഹതയില്ലാത്ത
തിരുത്താനാവാത്ത തെറ്റുകളായി 
ചിതറി തെറിക്കുന്ന മഴക്കാലമായി,
ജലവേഗമായി പിരിഞ്ഞൊഴുകും


Sunday, 15 June 2014

കരുനീക്കങ്ങൾ



കറുപ്പും വെളുപ്പും 
ചേർത്തുകെട്ടിയൊരു 
ഭൂപടം വരച്ചതിചതുര-
തയോടെ ചുറ്റും നിരന്നു
ചതുരംഗം കളിപ്പാനായ്.
കരുക്കൾ നിരത്തവേ
കളിപ്പലകമേൽ കറങ്ങി
നടക്കുന്നു മിഴികളും
മൊഴികളും ചിന്തകളും
നിറയുന്നു കരളിലും
മനസ്സിലും വാശികൾ,
ചുവടുകൾ മാറ്റി അടവുകൾ 
മാറ്റി നിമിഷവേഗത്തിന്റെ 
കരചലനത്തിൽ എതിരാളിയിൽ 
മൊട്ടിടുന്ന കിനാവുകൾ
പോലും ഞെട്ടറ്റു വീണു
പതിക്കുന്നു കളങ്ങളിൽ.

സ്വയമൊരു പോരാളിയും
എതിരാളിയുമായി, ഞാൻ 
മാത്രമെന്ന തലത്തിലേക്ക് സ്വയം
ചുവടു വച്ച്, സാധ്യതയുടെ
പഴുതുകൾ തേടിയടച്ചു 
ഭീകരമാം തടവറയാക്കി 
മൗനത്തേക്കാൾ നിശബ്ദമായി
ചുവടുകൾ നീക്കി,
ആർക്കുമാർക്കും വിട്ടൊഴിയുവൻ
വയ്യാതെ പകയോടെ
മുഷ്ക്കെടുത്തും കനത്ത 
വെട്ടുകൾ കൊണ്ട് ബലികൊടുത്തും
എങ്ങുമെങ്ങും നടക്കുന്നു യുദ്ധം 
അവിടെങ്ങുമൊഴുകുന്നു രക്തം.
കറുപ്പിനും വെളുപ്പിനുമിടയിൽ
സംസ്കരിക്കപെടുന്നൊരു 
സംസ്കാരവും, 
കൂടെ ഭസ്മമാകുന്ന 
ശാന്തിയും സമാധാനവും .

കളിക്കുന്ന വിരലുകളെല്ലാം
വെല്ലുവാൻ തേടുന്നു പുതു
പുതുവഴികൾ, ചതിയെങ്കിൽ
ചതി എന്ന നിശ്ചയത്തോടെ
കറുപ്പും വെളുപ്പും നിറഞ്ഞ
കരുക്കൾ പകലിരവുകൾ 
നിറഞ്ഞു കളിക്കവേ,
എതിരേ സ്വരമുയർത്തുന്ന 
കളി കാണുന്നവർ തൻ ഭാവി
കളത്തിൽ നിണം പുരണ്ടിരിക്കുന്നു.
കരുക്കളുന്തുന്നവർ അമിത 
ബുദ്ധികൾ, ഇരവിലും പകലിലും
കളമറിഞ്ഞു മുൻകൂട്ടി
കരു നീക്കാനും കളി ജയിക്കാനും,
പകയോടെ തുടർന്ന് ചോരയിൽ 
കളി തീർത്ത് കറുത്ത ചിന്തയെ 
ധവളാഭമാക്കി ഇതിലും 
വെളുത്തതായ്, വിശുദ്ധമായൊന്നും 
ഈ കളങ്ങളിൽ അവശേഷിക്കു-
ന്നില്ലെന്നറിയിച്ച് കളി തുടരുന്നു.

ഒഴുക്കിലൂടെ ദിശയറിയാതെത്തിയ


ഒഴുക്കിലൂടെ ദിശയറിയാതെത്തിയ 
ഒരിലയ്ക്കു കിട്ടിയ തുരുത്തുപോലെ, 
ഒഴുകിയടിഞ്ഞൊരു നിമിഷത്തിന്റെ 
തീവ്രതക്കും യാഥാർത്യത്തിനും ഇടയിൽ 
പ്രണയമെന്ന കാമം അറിയാൻ 
വൈകിയ ബലിമൃഗമെന്ന സ്ത്രീത്വം 

ഉത്തരങ്ങളോരോന്നും മൗനത്തിൻറെ 
പുഞ്ചിരിയിലൊളിപ്പിച്ചു, ഹൃത്തിലും 
മിഴിയിലും ചാരത്തും മറുമൊഴിയായി
മൗനം മുറിഞ്ഞൊരു നിമിഷം വഞ്ചിക്ക-
പ്പെട്ടതിന്റെ നിസ്സഹായത അറിയാതെ 
വഞ്ചിച്ചതിന്റെ ഗൂഡസ്മിതം. 

വിരഹത്തിലാണ്ട കാത്തിരിപ്പിലും 
പ്രണയത്തിലെ വഞ്ചനയുടെ നിറമറിയിച്ച് 
ഉപേക്ഷിക്കപ്പെടലുകളുടെ ആദ്യപാഠം.
വളരുന്ന വയറിൻറെ നിസ്സഹായതക്കുമേൽ 
മാനാഭിമാനങ്ങളുടെ ഭാണ്ഡം തുറന്ന് ജന്മം 
കൊടുത്തവരും സംരക്ഷിക്കേണ്ടവരും.
സദാചാര സമൂഹവ്യവസ്ഥിതി 
പലവട്ടം മനുഷ്യത്വത്തെ വലിച്ചു കീറി,

അച്ഛനുപേക്ഷിച്ച പ്രാണന് മറുപാതി 
പ്രാണൻ പകർന്നു കൊടുക്കുന്നതിനു 
മുന്നേ ബോധതലങ്ങളെ സ്വയം മറന്നു, 
ഉപേക്ഷിച്ചാലും തിരിച്ചു
മാറാപ്പിലെത്തുന്ന കുരുന്നു ജീവനും 
കൈയിലൊരു ഭാണ്ഡവും, 
നിഴലിനോടൊത്ത് വർണ്ണങ്ങളും 
സ്വപ്നങ്ങളും ജീവിതവും, മരണമെന്ന 
കാമുകനെയും മറന്ന് വിശപ്പിനിടയിൽ, 
ചപ്പു ചവറുകൾക്കിടയിൽ, സദാചാരം 
വിളമ്പുന്നവർക്കിടയിൽ വ്രണിതയായ്‌, 
വ്യഥിതയായ്, തളരും തനുവും മനവും 
മിഴിയുമായി,അറിഞ്ഞ യാഥാർത്യങ്ങളിൽ
അറിയാതെ തന്നെ മനസ്സിനെ ഉപേക്ഷിച്ചവൾ.

അച്ഛൻ,


ഞാൻ എന്ന ഞാൻ, 
ഞാൻ അല്ലതാവുമ്പൊഴൊക്കെയും
എന്നിലെ എന്നെ 
ചേർത്ത് പിടിക്കുന്ന ഒരു അദൃശ്യതയുണ്ട്.

ചിരിയിലെ കൊഞ്ചുന്ന കുറുമ്പുകളും,
ആരും കാണാത്ത കണ്ണുനീരിലെ 
വാശിയുടെ നനവുകളും, 
ഓർമകളുടെ കൈപ്പും മധുരവും, 
കൂട്ടത്തിലെ തനിച്ചാവലുകളും.
സ്വപ്നങ്ങളും പ്രതീക്ഷകളും 
എല്ലാം നിർവചിക്കാനാവാത്ത ഒരു 
ആർദ്രതയോടെ ഒരു തലോടലായി 
എന്നിലേക്ക്‌ തന്നെ ചേർത്തണക്കുന്ന 
ഒരു ഊഷ്മളമായ തീവ്രതയുണ്ട്.

സ്നേഹവും വാത്സല്യവും നിറച്ചു 
ഏതു സങ്കടത്തിലും സാഹചര്യങ്ങളനുസരിച്ച് 
ഉപദേശങ്ങളാൽ പുഷ്ടിപ്പെടുത്തി 
ജന്മം പകർന്ന വാക്കിൻറെ പൊരുളും
സത്യവും മനസ്സിൽ നിറച്ചു തന്ന്‌
നിരര്‍ത്ഥകമായി പോകേണ്ടിയിരുന്ന 
പുത്രീ ജന്മത്തിന് ജീവിതാര്‍ഥങ്ങളുണ്ടാക്കി.
അടക്കിപിടിച്ച സ്നേഹവായ്പുകളോടെ, 
കനലെരിയുന്ന നെരിപ്പോടിൻ ജ്വാലയിലും
പെയ്തു തൂവുന്ന കാർമെഘ വർഷവും 
നെഞ്ചിലെ അറിയാചൂടും പകർന്ന തണൽമരം 
എന്റെ ജീവിതയാത്രയിലെ പാഥേയവും
തീരുമാനങ്ങളുടെ ശക്തിയും സ്വാതന്ത്ര്യവും,

അദൃശ്യമായ ആ ഊഷ്മളതയുടെ തീവ്രത
എന്നിലെ എന്നെ ഞാൻ ആക്കുന്ന സ്നേഹം
അച്ഛൻ, 
പേറ്റുനോവിന്റെ കടപ്പാടിൽ പോലും 
തോറ്റുപോകാത്ത ജീവൻറെ പാതിജീവൻ


Friday, 13 June 2014

എത്ര പെട്ടെന്നാണ്





ചില സമയം 
എത്ര പെട്ടെന്നാണ്
വലിയൊരു ലോകം 
ചുരുങ്ങി ചുരുങ്ങി 
ഒറ്റ മുറിയുടെ നാലു 
ചുവരുകൾക്കുള്ളിൽ 
ഒതുങ്ങുന്നത്.
തുറന്നിട്ടിരിക്കുന്ന 
ജാലകങ്ങൾക്കും
വാതായനങ്ങൽക്കുമിടയിൽ 
നിന്നും ഇരുട്ടിൻറെ 
തണുപ്പിൻറെ ഒറ്റവാതിൽ 
മാത്രമുള്ള ചുവരിനുള്ളിൽ.

ഉരുകുന്ന അഗ്നിപർവതം
ഉള്ളിലൊളിപ്പിച്ചു ജീവിതത്തിൽ
നിന്നും തിരസ്കൃതനും
വിസ്മൃതനും ആയി 
അതിൽ കിടക്കേണ്ടേ
താമസമേ ഉണ്ടാവുകയുള്ളൂ
നാലാളറിയുന്നതിനും 
ഓടിക്കൂടുന്നതിനും 
പ്രാർത്ഥനയുമായി, ചിലപ്പോൾ
പ്രാർത്ഥനയെന്നു തോന്നിപ്പിക്കും
പോലെയും ചുറ്റും നിന്ന് 
സഹതപിച്ചു തുടങ്ങുന്നതിന്.

എത്ര പെട്ടെന്നാണ് ചില
ഹൃദയങ്ങൾ തകർന്ന്
നിലക്കാത്ത മിഴിപ്പെയ്ത്ത്
അവശേഷിപ്പിക്കുന്നത്.
പിന്നെയും എത്ര പെട്ടെന്നാണ്
തണുപ്പിൻറെ ഇരുട്ടിൻറെ
ആ ഒറ്റമുറി വാതിലടയുന്നതും 
മാവിൻകറയുടെ രുചിക്കൊപ്പം
അഗ്നിയിൽ ദഹിച്ചു ശുദ്ധിയായി
മണ്ണിലേക്ക് വെറും വെണ്ണിറായി 
അലിഞ്ഞുചേരുന്നതും.


Thursday, 12 June 2014

ചില വാക്കുകളുണ്ട്


ചില വാക്കുകളുണ്ട് 
അറം പറ്റുന്നതറിയാതെ 
പറഞ്ഞു പോകുന്നവ
ഹൃദയത്തിലേക്കല്ല
ആത്മാവിന്റെ 
ആഴങ്ങളിലേക്കാണ്
അവ ചെന്നെത്തുക 

ചില ചേർത്ത് നിർത്തലുകളും 
പുണരലുകളും ഉണ്ട് 
യാത്രയാകുന്നതറിയാതെ
ചെയ്തു പോകുന്നവ 
ഒരു ജന്മത്തിന്റെ സുകൃതം
മതിയാകാതെ വരും
ആ തീവ്രതയുടെ സുഖവും
സുരക്ഷിതത്വവും അറിയാൻ 

ചില തണുപ്പുകളുണ്ട്
ഏത് ഉറക്കത്തിലും 
അബോധാവസ്ഥയിലും 
ഞെട്ടിതെറിപ്പിക്കുന്നവ
എല്ലാം തീർത്തു 
യാത്രയാകുമ്പോൾ
ആ യാത്ര കണ്ടു 
തകർന്ന മനസ്സിന്റെയും 
ശരീരത്തിന്റെയും 
തളർച്ചയിൽ വീണു 
പോകുമ്പോൾ അറിയാതെ 
കവിളിൽ പതിഞ്ഞു പോയ 
തണുത്തുറഞ്ഞ 
മഞ്ഞിന്റെ, 
മരണത്തിൻറെ 
ഗന്ധമുള്ളോരു
ചുണ്ടിൻ സ്പർശം

മഴ



ഊഷരക്കാറ്റിനു ശേഷം 
മലകളും കുന്നുകളും
കയറിയിറങ്ങി വീണ്ടും
മണ്ണിൻറെ മാറിലേക്ക്‌
ഈറനണിയുന്ന അതി 
ശൈത്യങ്ങളുടെ ഉറവ
തേടി തുടങ്ങിയിരിക്കുന്നു 
മഴനൂലുകളുടെ സിംഫണി.

ഉഷ്ണഗർഭങ്ങളിൽ പെയ്യുന്ന
കുളിരിന്റെ പൊരുൾ തേടാൻ 
പുതുനാമ്പ് മോഹിച്ചു 
വേനെലെഴുതിക്കാത്തുവച്ച 
വിത്തുകളെപോലെ, ജീവിതം 
എൻറെയും നിൻറെയും ഗന്ധം 
ഒരുമിച്ചുപകർത്തിയ
രാത്രിമഴയുടെ നൃത്തച്ചുവടുകളുടെ
സംഗീതത്തിലാണ് തൊടിയിലെ 
അരളിയും ചെമ്പകവും 
നന്ത്യാർവട്ടവും മുല്ലയുമെല്ലാം 
വസന്തത്തെ എതിരേറ്റതും
നാമൊരൊറ്റ മരമായി
പൂത്തുലഞ്ഞതും.

മേഘമാലകളുതിർത്ത
മഴകേളികളുടെ ഏകാന്ത-
സൌന്ദര്യം നുണഞ്ഞെത്തിയ 
മിന്നലായി ഇടിയായി,
നിന്നിൽ പെയ്തിറങ്ങി 
നമ്മളെന്ന കാലത്തെ വരച്ചു
ചേർത്ത് മധുരമായി
നിശ്ശബ്ദ ശബ്ദഭേദങ്ങളായി,
ഉണ്ണിച്ചുണ്ടിൽനിന്നുതിർന്നു 
വീഴുന്ന പാൽചൂരിലെക്കു 
ഋതുക്കളെ വിവർത്തനം ചെയ്ത് 
പിറവിയെന്ന സൃഷ്ടിയുടെ 
നിലാമഴ ചുമ്പനത്തിലേക്കു 
തൊട്ടറിഞ്ഞു മിഴിയടർത്താം