തിരിഞ്ഞു നോക്കണ്ട,
ഇനിയുള്ള നിമിഷങ്ങളിൽ
നിങ്ങൾ വെറും കളിപ്പാവകൾ.
ആകാംഷ നിറഞ്ഞ കാണികളുടെ
സന്തോഷ നിമിഷങ്ങൾക്ക് നിറം
പകരേണ്ട വെറും മരപ്പാവകൾ.
പാൽമണം മാറാത്ത കുഞ്ഞിനെ
നെഞ്ചിൽ നിന്നടർത്തിയേക്കുക.
കഴിച്ചു മുഴുവനാക്കാനാകാത്ത
അന്നത്തെയും, ആകാശവും ഭൂമിയും
സ്വജീവനും ഉൾപ്പടെയെല്ലാം മറന്നുവച്ച
നിമിഷങ്ങളായി, ഉയിരകന്ന ഉടൽ മണ്ണി-
ലേക്കെന്നപോലെ സകലതും മറന്നേക്കുക.
പതറാത്ത മെയ് വഴക്കത്തിൻറെ
ചടുലതകളിൽ വിറയ്ക്കാത്ത കൈകളും
ത്രസിപ്പിക്കുന്ന ചുവടുകളുമായി,
ഉറ്റുനോക്കുന്ന ജനക്കൂട്ടത്തിൻറെ
വിസ്മയം തുളുമ്പും മിഴിയിലേക്കും
മനസ്സിലേക്കും ട്രപ്പീസുകൾ വഴിയാടി-
യുലഞ്ഞു ചേക്കേറിയൊഴിയുക.
വിസ്മയത്തെ ചിരിയിലേക്കെഴുതാൻ,
കരയുന്ന മുഖത്ത് ചിരിയുടെ നിറങ്ങൾ
നിറച്ചൊരാൾ തയ്യാറായിരിക്കുന്നു.
കാണികൾക്കുള്ള വിരുന്നു കഴിഞ്ഞില്ല,
വരുന്നുണ്ട് പിന്നാലെ അത്ഭുതങ്ങളുടെ
തത്തയും പൂച്ചയും എലിലും പുലിയും
ആനയുമുൾപ്പടെ പക്ഷി മൃഗാദികളുടെ
ഒരു നീണ്ടനിര തന്നെ നിങ്ങളിലേക്ക്.
സ്വയം മറന്നു ചിരിപ്പിക്കുകയെന്നതാണ്
നിങ്ങളിൽ നിക്ഷിപ്തമായിട്ടുള്ളത്
അതുകൊണ്ട്, തിരിഞ്ഞു നോക്കണ്ട,
ഇനിയുള്ള നിമിഷങ്ങളിൽ നിങ്ങൾ
വെറും കളിപ്പാവകൾ മാത്രമാണ്.