Friday, 29 April 2016

അർദ്ധ-പൂർണ്ണ ബോധങ്ങൾ സ്വയം പറയുന്നത്.

പൊള്ളിയടർന്ന വിരലുകളിലെ
മാംസത്തിന്റെ രൂക്ഷ ഗന്ധമാണ്
ശ്മശാനങ്ങളുടെ മൂകരാഗങ്ങളെപ്പോലെ
ചിന്തകളുടെ ആഴങ്ങളിലേക്ക്
തയ്യാറെടുപ്പുകളോ നിലനിൽപ്പുകളോ
കാതോർക്കലുകളോ ഇല്ലാതെ,
ആവർത്തനങ്ങളിലും പരിണാമങ്ങളിലും
തട്ടിത്തെറിച്ചു മിഴിയുറപ്പിച്ചൊരു
മഴനൂൽ പെയ്തു തൂവുന്നതിന്റെ
പ്രതിബിംബങ്ങളിലെ ചലനമറ്റ
സൃഷ്ടിയും പുനർസൃഷ്ടിയും അറിയിച്ചത്.

നിഴലുകൾ പോലും കണ്ടിട്ടില്ലാത്ത
നിശാസ്വപ്നങ്ങളിൽ കാലങ്ങളുടെ
രൂപമാറ്റം സംഭവിച്ചത് പിറവിക്കു
മുന്നിലെ ഗർഭപാത്രമെന്ന കുടുസ്സു
മുറിയുടെ ഏകാന്തതയിൽ നിന്നുമാവാം.
സമയ പ്രവാഹത്തിന്റെ ചില
നിർവികാരതകളിൽ വാഗ്മയങ്ങളായ
സാഹിതീയ ജീവിത കാഴ്ച്ചകളെ
അതി ശക്തമായി വെളിപ്പെടുത്തുന്ന
മഹാമൌനങ്ങളാക്കിയവ മാറ്റുന്നു.

എന്നാൽ, തീ പിടിക്കുന്ന ചിന്തകളുടെ
സങ്കീർണ്ണതയിലും, വേദനയിലും
അലച്ചിലിലും, സഹനത്തിലും
വെളിവാക്കപ്പെടുന്ന ആത്മാവിന്റെ
സമാന്തരവും എതിർദിശയിലും
നേർരേഖയിലും സംഭവിച്ചുപോകുന്ന
അസാന്നിദ്ധ്യങ്ങളുടെ ആജ്ഞാശക്തിക്ക്‌
ജീവിതമെന്നത്, ജീവനും അക്ഷരങ്ങൾക്കു-
മിടയിലുള്ള അദൃശ്യമായ സാന്നിദ്ധ്യങ്ങളിലെ
നക്ഷത്രക്കുഞ്ഞുങ്ങളുടെ കണ്ണുപൊത്തിക്കളിക്കുന്ന
വാടകക്കാരന്റെ സ്വപ്നങ്ങൾ മാത്രമാകും 

Thursday, 28 April 2016

നിഗൂഡ പ്രലോഭനങ്ങളുടെ ഏകാന്ത വിശുദ്ധി


ഏഴു വർണ്ണങ്ങളും വിരിയിക്കുന്ന 
മഴവില്ലിനെക്കാൾ മനോഹരമാണ് 
നിഗൂഡതകളെന്നു മനസ്സിൽ 
എഴുതുന്നതിനു മുന്നേ തിരിച്ചറിഞ്ഞതാണ്, 
നിഗൂഡതകളേക്കാൾ മനോഹരമായി
ഭൂമിയിലൊന്നും തന്നെ 
അവശേഷിച്ചിട്ടില്ലെന്ന പ്രലോഭനങ്ങളുടെ 
ഏകാന്ത വിശുദ്ധിയെ.

മഴവിൽ വിശുദ്ധിയുടെ
സമ്മോഹനങ്ങളായ ചായക്കൂട്ടുകളിൽ 
നിർവ്വചനങ്ങളസാദ്ധ്യമായ 
വർണ്ണക്കൂട്ടുകൾ അനിയന്ത്രിതമായി ചാലിച്ച്,
രഹസ്യങ്ങൾ നിറഞ്ഞ മനസ്സിന്റെ 
ചില്ലു വാതിലിൻ പിൻകഴുത്തിലൂടെ ചുറ്റിയ 
കൈകളുടെ കരുത്തിൽ ചലനമറ്റു 
പോയ ഹൃദയം അടർത്തിയെടുക്കുമ്പോൾ,
ചുണ്ടുകളുടെ ആഴത്തിൽ വിസ്മൃതിയിലായ 
ഇന്നലെകളുടെ നൊമ്പരങ്ങൾ സാന്നിദ്ധ്യങ്ങളുടെ 
അസാന്നിദ്ധ്യങ്ങളാവുകയായിരുന്നു.

രാവിന്റെ കറുപ്പിൽ കരിനീല പടർന്നു 
സ്വപനങ്ങളെ കലുഷമാക്കുമ്പോൾ, 
തേങ്ങലുകൾ നിറഞ്ഞൊരു 
നേർത്ത പാട്ടിന്റെ തണുപ്പ് 
കൈവഴികൾ നിറഞ്ഞു കവിയുന്ന 
ചുവന്ന നദിയായി ഒഴുകിയകലാറുണ്ട് 
അസാന്നിദ്ധ്യങ്ങളിലേക്ക്.

ആ ഒഴുക്കിൽ, 
നക്ഷത്രങ്ങൾ നിറഞ്ഞ വയറിലേക്കും
വള്ളക്കാരനില്ലാതെ നീങ്ങുന്ന തോണിയിലേക്കും 
ഒരു പുഞ്ചിരി നീട്ടി, 
സ്വയം അറിയാനെന്ന, ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത 
പ്രദേശങ്ങളിൽ, ഭൂഖണ്ഡങ്ങളിൽ 
മിന്നാമിന്നി വെട്ടങ്ങൾ തേടി യാത്ര പോവുന്നു.

നിശാഗന്ധികളുടെ സുഗന്ധം നിറഞ്ഞ 
രാത്രിയുടെ ഗന്ധങ്ങളിലെ വിചിത്രമായ 
പ്രേമത്തിന്റെ വഴികളിലും, 
നിഗൂഡതകളുടെ നീരിറ്റിക്കുന്ന 
കണ്ണീരറകളും കൊച്ചരുവികളും നിറയ്ക്കുന്ന
ഭയപ്പാടുകളിൽ, ഉന്മാദത്തിനും സുബോധത്തിനും 
ഇടയിലെ നേർത്തനൂൽപ്പാലത്തിൽ 
ഒളിഞ്ഞിരുന്നു കൊരുക്കുന്ന ചൂണ്ടയിൽ
ചിന്തകളെ ഭ്രാന്തിനു വിട്ടുകൊടുത്ത്,

കൊടിയ വിഷാദത്തിനും ഭ്രാന്തിനുമുള്ളിൽ
നിറയുന്ന ശാന്തമായ മരണത്തിന്റെ
അനുഭൂതി നുകരുന്ന അതിരുകളില്ലാത്ത 
ശൂന്യതയുടെ കുത്തൊഴുക്കിൽ, 
മറഞ്ഞിരിക്കുന്ന മറുകരകൾ ഗതി മാറ്റി
ഒരു ചെറുമുറിവിലൂടെ ഇല്ലാതാക്കണം.

അപ്പോഴും എത്ര ശ്രമിച്ചാലും 
നിഗൂഡതയുടെ വാതയനത്തിലേക്കുള്ള
താക്കോൽ കൂട്ടത്തെ കണ്ടെത്താൻ 
സാധിക്കാതെ പോയേക്കാം..

Monday, 25 April 2016

അതിജീവനത്തിന്റെ ആകാശവേരുകൾ

മഹാവൃക്ഷങ്ങളുടെ 
വേരുകൾ ഭൂമിയിൽ 
നിന്ന് ആകാശത്തേക്ക്
വളരുന്ന സമയം 
തുടങ്ങിയിരിക്കുന്നു.

അതിജീവനത്തിന്റെ 
പച്ചപ്പുകൾ 
വഴിത്തണലുകളിൽ 
വേനൽ കനലിന്റെ 
വെയിൽ തിന്ന, 
ഇലച്ചാർത്തുകൾ അടർന്നു
പോയ മുറിവുകളായി 
നിസ്സഹായതയുടെ ഒരു
കാലം മുന്നിലുണ്ടെന്ന 
ഓർമപ്പെടുത്തലുകൾ 
നൽകിക്കൊണ്ടിരിക്കുന്നു.

അടർന്നുവീണ ഇലകൾക്ക്
മാത്രം കേൾക്കാവുന്ന,
മനസ്സിലാവുന്ന ഭാഷയിൽ
വേനൽ തളർത്തി വളർന്ന
ആകാശവേരുകൾ മന്ത്രിക്കും
ഋതുഭേദങ്ങൾ തലോടിയതും
ഇണക്കിളികളുടെ കിന്നാരവും 
തിരിച്ചു വരാത്ത ഓർമ്മകൾ 
മാത്രമായിരിക്കുന്നുവെന്ന്.

പൂക്കാനും തളിർക്കാനും 
മറന്ന ചില്ലകളിൽ വേനൽ 
വരച്ചെഴുതിയിരുന്നപ്പോഴും
മഴയും നിലാവും ഒന്നിച്ചിരുന്ന
ഗന്ധം അവശേഷിച്ചിരുന്നു എന്ന്.
വ്യർഥമായ ഓർമകൾക്ക് 
മേൽ ഇനിയുമെത്രനാൾ
ആകാശവേരുകളായി 
മഴമേഘങ്ങൾക്ക് ഒരു 
കൂട്ടാവാൻ കഴിയുമെന്ന്.....

Friday, 8 April 2016

വാക്കെന്ന ഏക്കവും എകകവും

ആവേശത്തോടെ എന്റെ രാജ്യമെന്ന് 
പറയാൻ തുടങ്ങുമ്പോഴേ വാക്കടർന്നു
ജീവനും മരണത്തിനും ഇടയിലേയ്ക്കൊരു 
ദുരന്തത്തിന്റെ ചൂണ്ടക്കഴ ഇല്ലാത്ത 
ചോദ്യോത്തരങ്ങൾക്കുമേൽ കുരുങ്ങുന്നു,

ആ നിമിഷങ്ങളിൽ തന്നെ കാലങ്ങളും 
ദേശങ്ങളും തിരിച്ചറിയാതെ ഉന്മാദം
നിറഞ്ഞ പടയോട്ടങ്ങൾ തീർത്ത്‌ 
കലാപരാജ്യങ്ങളുടെ അതിർത്തികളെന്നെ 
കുരിശിലേയ്ക്കെന്നപോൽ ബന്ധിക്കുന്നു.

അതേയിടങ്ങളിൽ തന്നെ ഒരേസമയം 
പലയിടങ്ങളിലെന്നപോൽ തിരിച്ചറിവുകളുടെ 
തുറിച്ചുനോട്ടങ്ങൾകൊണ്ടൊരുവൻ 
വാക്കും ഭാഷയുമൊരേകകമാക്കി രാജാവും 
പടയാളികളുമില്ലാതെ പ്രജകൾക്കു 
മാത്രമായൊരു രാജ്യമൊരുക്കുന്നു,

വെളിച്ചത്തിന്റെ മിഴിയടർന്നയിടങ്ങളിലേയ്ക്ക് 
മൂന്നാണിപ്പഴുതുകൾ കൊണ്ട് 
ത്രിവർണ്ണ അടയാളങ്ങളുടെ സാദ്ധ്യതകളെ 
നിശ്വാസങ്ങൾ കൊണ്ടുപോലും പരസ്യമായി 
വായിക്കപ്പെടുന്നതിന്റെ അലിഖിത ഭാഷകൾ
ചരിത്രമായി എഴുതിക്കൊണ്ടേയിരിക്കുന്നു,

വാക്കൊരേക്കമാകുമ്പോൾ, തെരുവിൽ 
തിളയ്ക്കുന്ന മീനവെയിൽ നാട്ടുച്ചകൾക്കുള്ളിൽ 
മനസ്സിലുറയുന്ന കനിവൊരു ചെറുചിരിയായി
ചുണ്ടിൽ കുരുക്കി, സ്നേഹത്തിന്റെ അപ്പവും
വീഞ്ഞും പകുത്തൊരാലിംഗനത്തിലൊരു 
ലോകം കീഴടക്കുന്ന രഹസ്യഭാഷയ്ക്ക് 
പൊക്കിൾക്കൊടി ബന്ധത്തേക്കാൾ 
തീവൃതയെന്ന് ഹൃദയം തൊട്ട് സ്വന്തമാക്കുമ്പോൾ,
മനസ്സറിയാതെ ഒന്നല്ല ഒരായിരം ക്യുബയെ ഗർഭം 
പേറുന്നോരമ്മയെന്നറിയാതെ ഓർത്തുപോകും,

വാക്കൊരേകകമാകുമ്പോൾ ജീവിതത്തിനും
മരണത്തിനുമിടയിൽ എനിക്കും നിനക്കും 
വേണ്ടിയൊരുവൻ നി(ശൂന്യ)ശബ്ദമാകുന്ന
സ്വാതന്ത്ര്യമെന്ന ഭാഷയ്ക്കു ഹേ റാമെന്നയൊരൊറ്റ
വാക്കിനാൽ പൂർണ്ണവിരാമങ്ങളില്ലാതെ സ്വയം 
ഒറ്റിക്കൊടുക്കപ്പെട്ട് പ്രാണന്റെ കണികകൾ
ഒന്നിലധികം ലോകങ്ങളിലേയ്ക്ക് പരാതിയില്ലാതെ 
പകർത്തിയെഴുതി ഓരോ അഞ്ചിൽ നിന്നുമയ്യാ-
യിരമായി ഉയിർത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു.

എഴുതാതെയെഴുതിത്തീർത്ത
കുറിക്കുകൊള്ളുന്ന വാക്കുകളുടെ ഏകകങ്ങളിൽ 
കുരുങ്ങുന്ന ഭയപ്പാടിന്റെ ശേഷിപ്പുകൾ 
തീർക്കും ചോരപ്പാടുകൾ നിശ്ശബ്ദമായി 
അടയാളപ്പെടുത്തുന്നത് വാക്കെന്നാൽ തടുക്കാനാവാത്ത 
ഒരു വിപ്ലവമെന്ന് തന്നെയാണ് 
വാക്കെന്നാൽ ഒരു രാജ്യമെന്ന് തന്നെയാണ് 
വാക്കെന്നാൽ എനിക്കും നിനക്കും നേരെ 
ചൂണ്ടപ്പെടുന്നൊരേക്കവുമേകകവുമെന്ന് തന്നെയാണ്