Thursday 18 May 2017

അച്ഛയ്ക്ക്


പത്താണ്ടു കഴിഞ്ഞതാണെന്നാലുമീ മൂവന്തി
യ്ക്കുമുണ്ടെന്റെ ചാരത്തതേ ഹർഷാരവത്തോ
ടൊളിമങ്ങാതെയന്നത്തെ വാസന്ത ദൃശ്യങ്ങൾ,

എത്രയോ നാളുകളെൻ സായന്തനങ്ങളിൽ
കളിക്കൂട്ടായ്‌ നടന്നതും, കണ്മഷിപ്പൊട്ടുകൾ
കുപ്പിവളകളും കാവടിയാട്ടവും അമ്പലച്ചുറ്റലും

മുഗ്‌ദ്ധസുഗന്ധ മന്ദഹാസം വിടർത്തുന്നു വേലി-
പ്പടർപ്പുകൾക്കുള്ളിൽ  ഗന്ധരാജൻ മലർ ചാരെ
മഞ്ഞക്കോളാമ്പിയിൽ കുഞ്ഞു നാരായണക്കിളി

കൊണ്ടൽ നനയ്ക്കലുമാറ്റുതീരത്തെ കളികളും,
മാമ്പൂ മണക്കുന്ന വമ്പത്തരങ്ങളിൽ നോവിന്റെ
തേങ്ങല,റിയാതെ തലോടിയും കണ്ണുനീരുമ്മയും

നേരേറമായിട്ടും നേരമാവാതുറങ്ങുന്നതെന്തെന്ന
ചോദ്യങ്ങളോടൊപ്പം തല്ലുകൊള്ളിത്തരമൊട്ടൊഴി-
യാതെല്ലാം കൂട്ടിനുണ്ടെന്നുള്ള ശകാര മുഖങ്ങളും,

പെണ്ണ് വളർന്നിട്ടുമിന്നുമെപ്പോഴുമീ ശൈശവം
കൈവിരൽ കോർത്തുനടപ്പതെന്തിങ്ങനെയെ
ന്നുള്ളൊരു കൃത്രിമഗൗരവ ശാസന ഛായകൾ

എന്നോ കളഞ്ഞു പൊയ്‌പ്പോയതാണെന്റെ-
യാവാസന്തമെങ്കിലുമെന്നുമീയോർമ്മകളിന്നു
മെൻജീവനിൽ,ജീവന്റെ തൂമലർച്ചാർത്തുകൾ,

ഇന്നുമെന്തെന്തഴകാണീയോർമ്മകൾ കാ-
ഴ്ചകൾ,ക്കെന്റെ ചാരെയിങ്ങനെ കെട്ടി
പ്പുണരുവാൻ കൈനീട്ടി നിൽക്കുംപോൽ

ഓർമ്മയിൽ കൺകളിൽ തോരാത്ത ഞാറ്റു
വേലപ്പൂക്കൾ, ഓരോ നിമിഷവുമെന്നന്തരംഗ
ത്തിൽ വർഷമേഘമായ് നിർത്താതെ പെയ്യുന്നു

Sunday 14 May 2017

(അ)ന്യായീ(കാ)കരണങ്ങൾ

പകനീന്തി നീലിച്ച ചരിത്രവഴികളിൽ,
കരുത്തനവശേഷിക്കുമെന്ന
പ്രത്യയശാസ്ത്രങ്ങളിൽ, ഒറ്റയാന്തലിൽ
ഒറ്റവെട്ടിൽ അതിജീവനമസാദ്ധ്യമായി
പിടഞ്ഞുവീഴുന്ന ജീവിതദൂരങ്ങൾ,

പകലിരുളിന്നൊറ്റയിതൾപ്പൂവിൽ
വെറുപ്പിന്റെ വേരുകളിരതേടുമ്പോൾ,
ഒളിക്കാനൊരിടമില്ലാതെ അവസാന
ജീവന്റേയുംകൊലക്കണക്കെഴുതി,

ഞാനെന്ന മാനവികതയ്ക്കപ്പുറത്തേ-
യ്ക്കൊന്നുമില്ലെന്ന പരിഹാസമുൾനിറച്ച്,
വാദപ്രതിവാദവാചകവീര്യത്തിൽ 
മാനുഷീക മൂല്യങ്ങളുടെ ഒപ്പീസു ചൊല്ലി,

പ്രതികരണങ്ങളുടെയവസാനയലകളിൽ 
ഒരിക്കലുമില്ലാത്ത കണ്ണീരും നടുക്കവും 
ചേർത്ത് സമാധാനം മാത്രമാഗ്രഹിക്കുന്ന 
വിശുദ്ധിയുടെ ആൾരൂപങ്ങൾ ഉയിർക്കുന്നു,

എന്തിനെന്നും എന്തുകൊണ്ടെന്നും
ചോദിച്ചേക്കരുത്, കാരണം
(അ)ന്യായീ(കാ)കരണങ്ങൾ
എന്നുമിങ്ങനൊക്കെത്തന്നെയാണ്,

രക്തസാക്ഷിയുണ്ടാകുന്നതിനേക്കാൾ,
പകയൂതി ചതികൂട്ടിയൊറ്റി 
രക്തസാക്ഷിയുണ്ടാക്കപ്പെടുമ്പോൾ,

ചരിത്രവഴികളിലെ പകനൂത്തെടുത്ത 
ചോരയിടങ്ങളിൽ ഇരയാക്കപ്പെട്ടവനും
ഒരിക്കൽ വേട്ടക്കാരനായിരുന്നുവെന്ന 
യാഥാർത്ഥ്യത്തെ മറക്കാതെയോർക്കുക,
സത്യത്തെ വിസ്മരിക്കാതിരിക്കുക.

അപ്പോഴും, ഇരയും വേട്ടയുമെന്നത്,
ഇനിയുമർത്ഥമഴിക്കാനാകാത്ത
ഒരേ കുരിക്കിന്നാഴമെന്നു തന്നെയാണ് 
ഉയിരടർന്നിടറിവീഴുന്നയോരോ ജീവനും
അത്രമേൽ തീവ്രഭീതിയോടുരുവിടുന്നത്.