Sunday 25 December 2016

ദൈവത്തെപ്പോലെന്നൊരാളെപ്പോൽ

വേദനകൊണ്ട് പിഞ്ഞിയ 
ജീവിതം തുന്നിയെടുക്കുന്ന 
കേവല നിസ്സഹായതയിലേയ്ക്ക്, 

പൊൻ വെളിച്ചം വിതറും
താരകങ്ങളെ അടയാളപ്പെടുത്തി
കുളിരിന്‍റെ മഞ്ഞു മടക്കുകൾ പുതച്ച്,

കന്യകയുടെ ഉദരച്ചൂടറിഞ്ഞ് 
തുവരമണ്ണിൽ പിറവിയെടുത്ത് 
ആദിയനാദി പാപങ്ങളുടെ 
രക്ഷകനായവനെ സ്വസ്തി,

സുഷുപ്തിയുടെ വേരുകളി-
ലാണ്ടൊരു വിത്തിന്‍റെ തളിർ 
നാവുകൊണ്ട് ഒറ്റിൻ 
"മദ"വീഞ്ഞു നുണഞ്ഞ്, 

ഇലഞരമ്പിനാൽ ഒറ്റപ്പെട്ട ഓർമ്മ-
യുടെ ചില്ലകൾ കൊണ്ടുതന്നെയൊരു
മരക്കുരിശിൻ കൂട് ഇരിപ്പിടമായ് 
ദേഹത്തോട് ചേർത്തവനെ,

തിരു ശരീരമിന്നും അതിരുക-
ളില്ലാത്ത അജ്ഞതയുടെ കറുത്ത 
വീഥികളിൽ നിരന്തരം കുരിശി-
ലേറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു,

ലോകരക്ഷക്കായ് 
കന്യകയുടെ വിശുദ്ധിയിൽ 
തിരുപ്പിറവിയെടുത്തവനെ,

വിശക്കുന്ന വഴികളിൽ 
ഇനിയുമിനിയും രുചിയുടെ 
അപ്പവും വീഞ്ഞുമാവുക,

ഇരുൾനോവിന്‍റെ കനൽ 
വഴികളിൽ അണയാത്ത നക്ഷത്ര 
വെളിച്ചം തെളിയിക്കുക, 

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട-
യിടങ്ങളിൽ ഇനിയുമിനിയും 
പുൽക്കൂടിന്നാശ്രയം തീർക്കുക, 

ദൈവത്തെപ്പോലെന്നൊരാളെ-
പ്പോൽ വീണ്ടും വീണ്ടും നന്മയുടെ 
ദൈവപുത്രനായ് പിറക്കുക.

Monday 19 December 2016

ഫിദൽ,

ഫിദൽ, 
നീയോർക്കുന്നുണ്ടോ 
നിന്‍റെ ശ്വാസഗതികളിൽ
മോട്ടോർ സൈക്കിൾ
ഇരമ്പങ്ങളുടെ മുഴക്കങ്ങൾ 
വഴി പകുത്തെടുത്തത്‌,

ഇരുണ്ടു കിടന്ന 
വഴിക്കറുപ്പിലേയ്ക്ക് 
നിങ്ങളൊരു ചുരുട്ടിൻ 
പന്തം ജ്വലിപ്പിച്ചു 
വെളിച്ചം കുടഞ്ഞത്,

നിശ്ശബ്ദം തേങ്ങിയ 
കാടകങ്ങളിൽ,വെടിയൊച്ച
പ്രതീക്ഷകളുടെ
വസന്തമെഴുതിയത്,

അധിനിവേശങ്ങളുടെ 
വറുതിവേരുകളിലേയ്ക്ക് 
നീതിയുറവകളുടെ 
പുതുജീവൻ പകർന്നത്,

വിശപ്പൊട്ടിയ തളർന്ന 
ചിന്താഴങ്ങളിലേയ്ക്കാവേശ-
ത്തിൻ അപ്പരുചി പകർന്ന്
ഉയിർത്തെഴുന്നേൽപ്പിച്ചത്,

ജന്മിത്വമെഴുതിയ 
അഹമ്മതികളിൽ നിന്നും 
ഏവർക്കും ഭൂമിയെന്ന-
വകാശം പിടിച്ചെടുത്തത്,

നൂലുകെട്ടിയടിച്ചമർത്തിയ 
ചിറകിൻ ബന്ധനങ്ങളിൽ 
ആകാശസ്വാതന്ത്ര്യമെന്ന 
നെഞ്ചുറപ്പു പതിച്ചത്,

അടിമത്വത്തിന്‍റെ മുറിവ്
കാട്ടുഗറില്ലയുടെ ക്രൗര്യത്തോടെ 
നക്കിയുണക്കി പ്രത്യാക്രമ-
ണത്തിന്‍റെ ചരിത്രം
വിപ്ലമാണെന്നോർമിപ്പിച്ചത്,

സഖാവേ, 
നിങ്ങളെയോർക്കുമ്പോൾ
ഫിദലെന്ന് ചെയെന്ന്
ചേർത്തു വായിക്കുന്നു, 

നേരിന്‍റെ ചങ്കുറപ്പിന്‍റെ
വെടിയൊച്ച കേൾക്കുന്നു,
അരാജകത്വങ്ങളിലേയ്ക്കുള്ള
വിപ്ലവവീര്യം തുടിക്കുന്നു,

ക്യൂബയുടെ കണ്ണീർ നേരിന്‍റെ 
നീതിയുടെ പോരാട്ടവീര്യമാണ്,

ഫിദലെന്ന് ചെയെന്ന്
വായിക്കുമ്പോൾ ക്യൂബയൊരു
ആത്മവീര്യത്തിന്നണയാത്ത
ഉൾക്കരുത്താണ്, ധൈര്യമാണ്.