Sunday 6 November 2016

ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു

മുകിൽ മാലകൾ നീരുറവ-
കളിലേക്ക് വർണ്ണഭേദങ്ങൾ 
നിറയ്ക്കുമ്പോഴും, ഋതുക്കള-
റിയാത്ത കാലത്തിലെ 
ഇലകളടർന്നു തളിരുകളെ 
കാത്തിരിക്കുന്ന നഗ്നമാക്കപ്പെട്ട 
ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു 
ഞാനും നീയും.

തൂവിപ്പോകുന്ന വെയിൽ  
കാലങ്ങളിലേയ്ക്ക്  
ചെറുമഴ വീണു 
കുളിർന്നപോലെ ആദ്യ ചുംബനം 
നിന്‍റെ ചുണ്ടിൻ ചില്ലയിലാദ്യ 
തളിരായെഴുതുമ്പോൾ, 
കാതോരം കാറ്റൊളിപ്പിച്ച 
രാഗങ്ങളിൽ പൂത്തുലഞ്ഞ 
ചെമ്പകഗന്ധത്തിൻ പല്ലവിയു-
മനുപല്ലവിയും നിറയുന്നു,    

സുഖകരമായ ഇഴകളുടെ 
സ്വർണ്ണച്ചിറകിൽ നിന്നൊരു തൂവൽ 
നിന്‍റെയുള്ളിൽ നിന്നും എന്‍റെ  
നിശ്വാസങ്ങളിൽ തളിർത്തു പൂക്കുന്നു.

നിഴൽ വളർത്തിയ ചൂണ്ടുവിരലു-
മ്മകളിലും, നിലാ-മഞ്ഞുപൂക്കും 
നെറ്റിയുമ്മകളിലുമകലാത്ത 
പ്രണയത്തിന്‍റെയും വാത്സല്യ-
ത്തിന്‍റെയുമിലത്താ-
ളങ്ങളിലൊരു മഴമണിധാരയായി 
നീ മാറുമ്പോൾ, ഞാൻ നിന്‍റെ  
ആദ്യത്തേയുമവസാനത്തേയും 
പ്രണയമായി മിഴിയിണകൾ 
മെല്ലെ ചേർത്തു നിന്നിലേയ്ക്കു 
മാത്രം പടർന്ന് തേനൊഴിയാത്ത 
വസന്തമായി പരിവർത്തിക്കപ്പെടുന്നു.

2 comments:

  1. കവിത അൽപം കട്ടിയാണെങ്കിലും നല്ലത്‌.തലക്കെട്ട്‌ ചേരുന്നില്ലെന്നൊരു തോന്നൽ.

    ReplyDelete
  2. വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ. തലക്കെട്ടുകൾ ശ്രദ്ധിക്കുന്ന ഒരു പതിവില്ലാർന്നു തീർച്ചയായും ഇനി ശ്രദ്ധിക്കാം

    ReplyDelete