Thursday 24 November 2016

ജീവിതമതിന്‍റെയോരോ 
നിമിഷവുമോരോ 
വിത്തോർമ്മകളായി 
കരുതി വയ്ക്കുന്നുണ്ട് 

ചിലപ്പോഴത് കലങ്ങിയ 
കൺകോണിലെയൊരു
തുള്ളി തിളക്കത്തിൽ 
നെഞ്ചുരുക്കി തളിരിടും 

മറ്റുചിലപ്പോഴെല്ലാമൊരു  
പൊൻവസന്തമെന്നപോൽ
ചൊടിയിലതിശോഭയോടെ   
പൂത്തുലഞ്ഞു നിൽക്കുന്നു.

കാലമെത്ര കരുതലോടെ-
യാണതിന്‍റെ കൈവഴികളെ
ജീവിതത്തിലേയ്ക്കത്രമേലാഴ 
ത്തിൽ വരച്ചു ചേർക്കുന്നത് 

Monday 21 November 2016

പുഴയൊഴുകേണ്ട വഴികൾ

ആരോ തടഞ്ഞൊരൊഴു-
ക്കിനാഴത്തിൻ ഉറവ വറ്റിയ 
വ്യഥിതയാണിന്നു ഞാൻ,

നിലാപ്പൂക്കൾ നനയുന്ന 

കല്ലോല കാന്തിയാൽ പുടവ 
നെയ്യുന്ന ഭൂതകാലക്കുളിർ,

കൊഞ്ചും വിരൽതൊട്ട കളി-
യോടക്കുറുമ്പുകളൊപ്പം,തുഴയ-
റിയാതെ മറുകര തിരയുന്നു,

വിശപ്പിൻ ധ്യാനത്തിൽ സന്യാ-
സിക്കൊറ്റികൾ, ചെറുപരൽ
മീൻഭംഗികൾ ദേശാടനത്തിലും,

കരയരികു ചേരുമിളം നാ-
മ്പിനെത്തൊട്ടു കുസൃതി കാട്ടാൻ 
കൊതിക്കും നീർക്കുമിളകൾ,

നിഴലു മാത്രമായ് വളരും 
ജലരേഖകൾ, ഉറവതേടി വര-
ളുന്ന ഒഴുക്കിന്നാഴങ്ങളും,

ഏറെ വൈകിപ്പോയിപ്പോഴേ,
എങ്കിലുമിനിയും മലിനമാക്കാ-
തിരിക്കുകെൻ നീർവഴികളെ,

വരളും ദാഹത്തിൻ സങ്കടമു-
ള്ളുനിൻ മണ്ണടരുകൾക്കുള്ളിലെ 
ശാപമായ് തീരാതിരിക്കുവാൻ,

കാത്തുവയ്ക്കട്ടെയിറ്റു ദാഹ-
ത്തിൻ കാരുണ്യം ഭാവിജന്മങ്ങൾ 
കെട്ടുപോകാതിരിക്കുവാൻ,

തെന്നലലയും പച്ചച്ച വീഥിയിൽ 
നിറവൃഷ്ടി നെഞ്ചേറ്റി ഞാനിനി-
യൊരാറായി വീണ്ടുമൊഴുകട്ടെ,

Wednesday 16 November 2016

നഷ്ടങ്ങളുടെ ശിശിരകാലം

വിഭ്രമത്തിലുമൊരു ഭ്രമമു-
ണ്ടെന്ന ചിരിയുടെ നോവുപടർത്തി,
അഗ്നിയിലുപേക്ഷിച്ചൊരുടൽ 
മണ്ണിനോടിണ ചേരുമ്പോൾ, ഞാൻ
വിജനതയുടെ ദേശത്തേക്കെന്ന 
പോലൊരു കൈവിരൽത്തൂങ്ങിയീ 
നിമിഷത്തിൻ നിഴൽച്ചാർത്തിൽ
ഒറ്റപ്പെട്ടുപോയൊരതിശയമാകുന്നു,    

എങ്കിലും, 

കാലം തെറ്റി പെയ്തു 
പൂത്തേക്കുമെന്ന തോന്നലുകളിൽ 
പരസ്പരം മൺഗന്ധമുള്ള  
രണ്ടു കാത്തിരുപ്പുകളുടെ 
പകപ്പുകളൊരു കരച്ചിലിനിരുപുറം
ബാക്കിയായതെങ്ങിനെയാണ്,

എന്നിട്ടും, 

മരണംകൊണ്ടടർന്നുപോയ
വസന്തത്തെ ഇനിയും കരഞ്ഞുറഞ്ഞു
പോവാത്ത നീർത്തുള്ളികളിൽ 
ഒളിപ്പിച്ചിട്ടുണ്ട്, കരളുകൊത്തി 
പറിക്കുന്ന വേദനകളിൽ 
ഒതുക്കിയിട്ടുണ്ട്, ഇല്ലെന്നാവർ-
ത്തിക്കുന്ന ഓരോനിമിഷത്തിലും 
വിരൽത്തുമ്പിൽ പൂത്തുനിൽക്കുന്ന
സ്വപ്നമെന്ന കൂട്ടു തേടുന്നുണ്ട്,

അതുകൊണ്ട്,  

തിരികെയില്ലാത്ത ഇന്നലെയിലും
നിയന്ത്രിക്കാനാവാത്ത നാളെയിലും  
എന്‍റെ മുറിഞ്ഞു പോയ കാലങ്ങളെ 
നീ തിരയാതിരിക്കുക, കാരണം 
ഇരുട്ടറ്റങ്ങളുടെ അടുക്കുതെറ്റിയ
പിൻവിളികളിലെൻ പ്രാർത്ഥന 
ഒരുപിടിച്ചോറിൽ മിഴിയുപ്പു
ചേർന്നൊരു നീർക്കുടമുടയ്ക്കുന്നു,

മറക്കാതിരിക്കുക,

ഞാൻ, വിജനതയുടെ ദേശത്തെ 
ആരുമറിയാത്തൊരുന്മാദിനിയാണ്
ഈ നിമിഷ തഥ്യയ്ക്കുമപ്പുറം, കണ്ണു
പൊത്തിക്കളിക്കും പേരറിയാപ്പൂ-
ക്കളുടെ ഓർമ്മവിത്തുകൾ തേടുന്ന 
ഒറ്റപ്പെട്ട ശിശിരമാണ്, ഉന്മാദമാണ്.

Sunday 13 November 2016

മഴനൂലുകൾ പിരിച്ചൊരു
ഊഞ്ഞാലൊരുക്കണം
വെണ്ണിലാവു കുറുക്കിയൊരു
ഊഞ്ഞാൽപ്പടിയും.

സമീരനൊപ്പം,
ഊഞ്ഞാലേറി മാടിവിളിക്കുന്ന
വെൺമേഘങ്ങളെ പുണരണം,
ഇലത്തുമ്പിൽ തെളിയും
കുളിർക്കണങ്ങൾ കോർത്തെടുക്കണം,
തിരികെയിറങ്ങി
മുളങ്കാട്ടിൽ വേണുവൂതണം.

ഹിമമണിയും കുടമുല്ലപ്പൂകളെ
തോഴിമാരാക്കണം.
നക്ഷത്രങ്ങളെ പെറുക്കി കൂട്ടി
ചിരാതൊരുക്കണം.
നിശയുടെ തേരേറി
കുന്നിമണി സ്വപ്നങ്ങൾ കാണണം .

Sunday 6 November 2016

ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു

മുകിൽ മാലകൾ നീരുറവ-
കളിലേക്ക് വർണ്ണഭേദങ്ങൾ 
നിറയ്ക്കുമ്പോഴും, ഋതുക്കള-
റിയാത്ത കാലത്തിലെ 
ഇലകളടർന്നു തളിരുകളെ 
കാത്തിരിക്കുന്ന നഗ്നമാക്കപ്പെട്ട 
ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു 
ഞാനും നീയും.

തൂവിപ്പോകുന്ന വെയിൽ  
കാലങ്ങളിലേയ്ക്ക്  
ചെറുമഴ വീണു 
കുളിർന്നപോലെ ആദ്യ ചുംബനം 
നിന്‍റെ ചുണ്ടിൻ ചില്ലയിലാദ്യ 
തളിരായെഴുതുമ്പോൾ, 
കാതോരം കാറ്റൊളിപ്പിച്ച 
രാഗങ്ങളിൽ പൂത്തുലഞ്ഞ 
ചെമ്പകഗന്ധത്തിൻ പല്ലവിയു-
മനുപല്ലവിയും നിറയുന്നു,    

സുഖകരമായ ഇഴകളുടെ 
സ്വർണ്ണച്ചിറകിൽ നിന്നൊരു തൂവൽ 
നിന്‍റെയുള്ളിൽ നിന്നും എന്‍റെ  
നിശ്വാസങ്ങളിൽ തളിർത്തു പൂക്കുന്നു.

നിഴൽ വളർത്തിയ ചൂണ്ടുവിരലു-
മ്മകളിലും, നിലാ-മഞ്ഞുപൂക്കും 
നെറ്റിയുമ്മകളിലുമകലാത്ത 
പ്രണയത്തിന്‍റെയും വാത്സല്യ-
ത്തിന്‍റെയുമിലത്താ-
ളങ്ങളിലൊരു മഴമണിധാരയായി 
നീ മാറുമ്പോൾ, ഞാൻ നിന്‍റെ  
ആദ്യത്തേയുമവസാനത്തേയും 
പ്രണയമായി മിഴിയിണകൾ 
മെല്ലെ ചേർത്തു നിന്നിലേയ്ക്കു 
മാത്രം പടർന്ന് തേനൊഴിയാത്ത 
വസന്തമായി പരിവർത്തിക്കപ്പെടുന്നു.

Wednesday 2 November 2016

പ്രണയകാലങ്ങൾ


നിന്‍റെ പ്രണയകാലങ്ങളിൽ
ഇളം വെയിൽ ചാരി
നിൽക്കുന്ന ഞാൻ,
പൊടുന്നനെയെന്‍റേയും
കൂടിയെന്ന കാതോരങ്ങളി-
ലറിയാതേയരൂപിയാകുന്നു,

കുസൃതിയുടെ
നൂലിഴകളിൽ കുടുങ്ങി നീ
നെഞ്ചോരമെത്തുമ്പോൾ,
ചൂണ്ടുവിരൽകൊണ്ട്
ഹൃദയംതൊടുമദൃശ്യവശ്യതകളുടെ
തീവ്രതയിൽ, നുകരാൻ
കൊതിക്കുന്നൊരു ലഹരിയാകും,

ഋതുക്കളടരാത്ത
വസന്തകാലങ്ങളുടെ
വലതുചുണ്ടിൻ മറുകിലാഞ്ഞ്
ചുംബിച്ചു നീ കൊടുംവേനലാകുമ്പോൾ,
ഉഷ്ണിച്ചുഷ്ണിച്ചു മഴ മീട്ടുന്ന
മൺവീണയുടെ സംഗീതമാകും,

തോന്ന്യാക്ഷരത്തിൻ
തീപ്പൊരിയൂതിയൂതി, ഉദയാ-
സ്തമയ ഹിമമുദ്രകളുടെ
ശലഭഗീതികളാലലങ്കരിച്ച മഞ്ഞു
കാലങ്ങളിലേയ്ക്കണയ്ക്കുമ്പോൾ,
ഒരുതുടം പൊൻവെയിൽ-
ക്കുറുമ്പായി പുണരും,

നിലാവിറങ്ങി നനഞ്ഞ്,
ചെറുകാറ്റിലാടിക്കുറുകുന്ന
രാമുല്ലഗന്ധങ്ങളുടെയോരത്ത്,
ജീവിതം നീയെന്നയൊറ്റ
നിറത്തിലത്ഭുതപ്പെടുത്തുമ്പോൾ
നാമില്ലായ്മകളെന്ന ജീവന്‍റെ
ചൂടിലേയ്ക്കെന്നേയ്ക്കും
നിറഞ്ഞടയാളപ്പെടും,

ശേഷം, ഓരോ
മുറിവാഴങ്ങളിലും വന്യമായ
കരുതലുകളോടെയെന്നെയിഴ
ചേർക്കുമ്പോൾ, ഞാനെന്ന
ഇല്ലായ്മകളുടെ പകപ്പുകളിൽ
നിന്നുണരാനാവാത്ത
നിന്നെ ഞാനെന്നിലേയ്ക്കു
തന്നെയടക്കം ചെയ്യും.