Wednesday 13 January 2016

സ്വപ്നം കാണുന്നവൾ

ചാറ്റൽ തുള്ളികളോടൊപ്പം 
തണുത്ത കാറ്റെത്തി നോക്കിയിരുന്ന
അവസാന ജാലകപ്പാളിയും അടച്ച്
കുന്തിരിക്ക ഗന്ധം നിറഞ്ഞ 
ഒറ്റമുറിയുടെ ഇരുൾ നിറഞ്ഞ 
സുരക്ഷിതത്വത്തിലേയ്ക്ക് അവൾ,
ശവപ്പെട്ടിക്കച്ചവടക്കാരന്‍റെ മകൾ
സൂസന്ന, സ്വപ്നം കാണുന്നവൾ 

രാത്രി, നേരം പത്താകുമ്പോഴേയ്ക്കും   
കണ്ണുകളിറുകെ പൂട്ടി സൈക്കിൾ 
മണിയോടൊപ്പം സൂസിക്കൊച്ചേന്ന 
അപ്പന്‍റെ വിളിക്ക് കാതോർക്കും,
ഇരുവശം പിന്നിയിട്ട മുടിയിലൊരു 
പൂവും കുത്തി അപ്പന്‍റെ സൈക്കിൾ   
മുന്നിലിരിന്നു സ്കൂളിലേയ്ക്ക് പോവും 

വൈകിട്ട് വഴിയിലെ തോട്ടിൽ മീൻ 
പിടിച്ച്, മാതാവിന് മുന്നിൽ തിരി തെളിച്ച് 
തിരികെ വീട്ടിലെയ്ക്കെത്തി കട്ടനും
കൂട്ടി അപ്പൻ പലഹാരപ്പൊതി നീട്ടും,
അത് കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നങ്ങ്  
മുതിരും, പിന്നെ ഒരു മാലാഖയെപ്പോലെ
അണിയിച്ചൊരുക്കി അപ്പൻ അവളുടെ 
കെട്ടു നടത്തും, കെട്ട്യോനു മുന്നിൽ വിരൽ
കൊണ്ട് നാണമെഴുതും, മക്കളെ മുലയൂട്ടും, 
അപ്പന്‍റെ മുതുകിൽ ആന കളിപ്പിക്കും,
വീടൊരുക്കുമ്പോഴേക്കും കെട്ട്യോനും,
മക്കളും, അപ്പനും ഒരു അലാറത്തിന്‍റെ 
ഒച്ചയിൽ ധൃതിപിടിച്ചങ്ങിറങ്ങിപ്പോകും. 

ഒന്നുമറിയാത്ത പോലെ മുടി വാരിക്കെട്ടി
കാപ്പിയനത്തി കഞ്ഞിയും വച്ച് 
കർത്താവിനു തിരി തെളിച്ച് അപ്പനെയും
കാണാത്തമ്മയേയും നോക്കിയൊരു 
ചിരിയൊളിപ്പിച്ചു ചാഞ്ഞ ചായ്പ്പിറ- 
യിലിരുന്നോരോ മരപ്പാളികളിലും 
കുരിശു വരച്ചളന്ന്  ആണിയടിക്കും,

ഇടയ്ക്കെപ്പോഴോ ശോശന്നപ്പൂവേന്ന് 
മൂളുന്നൊരുവരി ഏറു കൊണ്ട നായയെ-
പ്പോലെ ചുരുങ്ങി വലിയും, 
എന്തൊരു പെണ്ണെന്നു പള്ളു പറയുന്ന
വേലിപ്പത്തലുകളുടെ മുഖത്ത് "ഭ"യെന്നൊരാട്ട്
കാറ്റുപോലെ തട്ടിത്തെറിക്കും,
പലചരക്കു വാങ്ങുന്ന ബാക്കിയുടെ
വഷളൻ ചിരിയെ ഒറ്റ നോട്ടത്തിൽ ദഹിപ്പിക്കും,
ചായ്പ്പടയ്ക്കുന്നതിന് മുന്നേ അപ്പനേയും
അമ്മയേയും നെഞ്ചോട്‌ ചേർത്തു പിടിക്കും

കുരിശു വരച്ച് അത്താഴം കഴിച്ച്
തിങ്ങി നിറഞ്ഞ നക്ഷത്രങ്ങളെ നോക്കിയിരിക്കും,
കണ്ണുകൾകൊണ്ടെന്തോക്കെയോ പറഞ്ഞു 
കേൾപ്പിച്ചു വെറുതെ ചിരിക്കും, പിന്നെ
അവസാന ജാലകപ്പാളിയും അടച്ച്
കുന്തിരിക്ക ഗന്ധം നിറഞ്ഞ ഒറ്റമുറിയുടെ
ഇരുട്ടിൽ കണ്ണുകളിറുകെ പൂട്ടി സൈക്കിൾ 
മണിയോടൊപ്പം സൂസിക്കൊച്ചേന്ന 
അപ്പന്‍റെ സ്നേഹമുള്ള വിളിക്ക് കാതോർക്കും.

  
  

No comments:

Post a Comment