Sunday 25 December 2016

ദൈവത്തെപ്പോലെന്നൊരാളെപ്പോൽ

വേദനകൊണ്ട് പിഞ്ഞിയ 
ജീവിതം തുന്നിയെടുക്കുന്ന 
കേവല നിസ്സഹായതയിലേയ്ക്ക്, 

പൊൻ വെളിച്ചം വിതറും
താരകങ്ങളെ അടയാളപ്പെടുത്തി
കുളിരിന്‍റെ മഞ്ഞു മടക്കുകൾ പുതച്ച്,

കന്യകയുടെ ഉദരച്ചൂടറിഞ്ഞ് 
തുവരമണ്ണിൽ പിറവിയെടുത്ത് 
ആദിയനാദി പാപങ്ങളുടെ 
രക്ഷകനായവനെ സ്വസ്തി,

സുഷുപ്തിയുടെ വേരുകളി-
ലാണ്ടൊരു വിത്തിന്‍റെ തളിർ 
നാവുകൊണ്ട് ഒറ്റിൻ 
"മദ"വീഞ്ഞു നുണഞ്ഞ്, 

ഇലഞരമ്പിനാൽ ഒറ്റപ്പെട്ട ഓർമ്മ-
യുടെ ചില്ലകൾ കൊണ്ടുതന്നെയൊരു
മരക്കുരിശിൻ കൂട് ഇരിപ്പിടമായ് 
ദേഹത്തോട് ചേർത്തവനെ,

തിരു ശരീരമിന്നും അതിരുക-
ളില്ലാത്ത അജ്ഞതയുടെ കറുത്ത 
വീഥികളിൽ നിരന്തരം കുരിശി-
ലേറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു,

ലോകരക്ഷക്കായ് 
കന്യകയുടെ വിശുദ്ധിയിൽ 
തിരുപ്പിറവിയെടുത്തവനെ,

വിശക്കുന്ന വഴികളിൽ 
ഇനിയുമിനിയും രുചിയുടെ 
അപ്പവും വീഞ്ഞുമാവുക,

ഇരുൾനോവിന്‍റെ കനൽ 
വഴികളിൽ അണയാത്ത നക്ഷത്ര 
വെളിച്ചം തെളിയിക്കുക, 

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട-
യിടങ്ങളിൽ ഇനിയുമിനിയും 
പുൽക്കൂടിന്നാശ്രയം തീർക്കുക, 

ദൈവത്തെപ്പോലെന്നൊരാളെ-
പ്പോൽ വീണ്ടും വീണ്ടും നന്മയുടെ 
ദൈവപുത്രനായ് പിറക്കുക.

Monday 19 December 2016

ഫിദൽ,

ഫിദൽ, 
നീയോർക്കുന്നുണ്ടോ 
നിന്‍റെ ശ്വാസഗതികളിൽ
മോട്ടോർ സൈക്കിൾ
ഇരമ്പങ്ങളുടെ മുഴക്കങ്ങൾ 
വഴി പകുത്തെടുത്തത്‌,

ഇരുണ്ടു കിടന്ന 
വഴിക്കറുപ്പിലേയ്ക്ക് 
നിങ്ങളൊരു ചുരുട്ടിൻ 
പന്തം ജ്വലിപ്പിച്ചു 
വെളിച്ചം കുടഞ്ഞത്,

നിശ്ശബ്ദം തേങ്ങിയ 
കാടകങ്ങളിൽ,വെടിയൊച്ച
പ്രതീക്ഷകളുടെ
വസന്തമെഴുതിയത്,

അധിനിവേശങ്ങളുടെ 
വറുതിവേരുകളിലേയ്ക്ക് 
നീതിയുറവകളുടെ 
പുതുജീവൻ പകർന്നത്,

വിശപ്പൊട്ടിയ തളർന്ന 
ചിന്താഴങ്ങളിലേയ്ക്കാവേശ-
ത്തിൻ അപ്പരുചി പകർന്ന്
ഉയിർത്തെഴുന്നേൽപ്പിച്ചത്,

ജന്മിത്വമെഴുതിയ 
അഹമ്മതികളിൽ നിന്നും 
ഏവർക്കും ഭൂമിയെന്ന-
വകാശം പിടിച്ചെടുത്തത്,

നൂലുകെട്ടിയടിച്ചമർത്തിയ 
ചിറകിൻ ബന്ധനങ്ങളിൽ 
ആകാശസ്വാതന്ത്ര്യമെന്ന 
നെഞ്ചുറപ്പു പതിച്ചത്,

അടിമത്വത്തിന്‍റെ മുറിവ്
കാട്ടുഗറില്ലയുടെ ക്രൗര്യത്തോടെ 
നക്കിയുണക്കി പ്രത്യാക്രമ-
ണത്തിന്‍റെ ചരിത്രം
വിപ്ലമാണെന്നോർമിപ്പിച്ചത്,

സഖാവേ, 
നിങ്ങളെയോർക്കുമ്പോൾ
ഫിദലെന്ന് ചെയെന്ന്
ചേർത്തു വായിക്കുന്നു, 

നേരിന്‍റെ ചങ്കുറപ്പിന്‍റെ
വെടിയൊച്ച കേൾക്കുന്നു,
അരാജകത്വങ്ങളിലേയ്ക്കുള്ള
വിപ്ലവവീര്യം തുടിക്കുന്നു,

ക്യൂബയുടെ കണ്ണീർ നേരിന്‍റെ 
നീതിയുടെ പോരാട്ടവീര്യമാണ്,

ഫിദലെന്ന് ചെയെന്ന്
വായിക്കുമ്പോൾ ക്യൂബയൊരു
ആത്മവീര്യത്തിന്നണയാത്ത
ഉൾക്കരുത്താണ്, ധൈര്യമാണ്.

Thursday 24 November 2016

ജീവിതമതിന്‍റെയോരോ 
നിമിഷവുമോരോ 
വിത്തോർമ്മകളായി 
കരുതി വയ്ക്കുന്നുണ്ട് 

ചിലപ്പോഴത് കലങ്ങിയ 
കൺകോണിലെയൊരു
തുള്ളി തിളക്കത്തിൽ 
നെഞ്ചുരുക്കി തളിരിടും 

മറ്റുചിലപ്പോഴെല്ലാമൊരു  
പൊൻവസന്തമെന്നപോൽ
ചൊടിയിലതിശോഭയോടെ   
പൂത്തുലഞ്ഞു നിൽക്കുന്നു.

കാലമെത്ര കരുതലോടെ-
യാണതിന്‍റെ കൈവഴികളെ
ജീവിതത്തിലേയ്ക്കത്രമേലാഴ 
ത്തിൽ വരച്ചു ചേർക്കുന്നത് 

Monday 21 November 2016

പുഴയൊഴുകേണ്ട വഴികൾ

ആരോ തടഞ്ഞൊരൊഴു-
ക്കിനാഴത്തിൻ ഉറവ വറ്റിയ 
വ്യഥിതയാണിന്നു ഞാൻ,

നിലാപ്പൂക്കൾ നനയുന്ന 

കല്ലോല കാന്തിയാൽ പുടവ 
നെയ്യുന്ന ഭൂതകാലക്കുളിർ,

കൊഞ്ചും വിരൽതൊട്ട കളി-
യോടക്കുറുമ്പുകളൊപ്പം,തുഴയ-
റിയാതെ മറുകര തിരയുന്നു,

വിശപ്പിൻ ധ്യാനത്തിൽ സന്യാ-
സിക്കൊറ്റികൾ, ചെറുപരൽ
മീൻഭംഗികൾ ദേശാടനത്തിലും,

കരയരികു ചേരുമിളം നാ-
മ്പിനെത്തൊട്ടു കുസൃതി കാട്ടാൻ 
കൊതിക്കും നീർക്കുമിളകൾ,

നിഴലു മാത്രമായ് വളരും 
ജലരേഖകൾ, ഉറവതേടി വര-
ളുന്ന ഒഴുക്കിന്നാഴങ്ങളും,

ഏറെ വൈകിപ്പോയിപ്പോഴേ,
എങ്കിലുമിനിയും മലിനമാക്കാ-
തിരിക്കുകെൻ നീർവഴികളെ,

വരളും ദാഹത്തിൻ സങ്കടമു-
ള്ളുനിൻ മണ്ണടരുകൾക്കുള്ളിലെ 
ശാപമായ് തീരാതിരിക്കുവാൻ,

കാത്തുവയ്ക്കട്ടെയിറ്റു ദാഹ-
ത്തിൻ കാരുണ്യം ഭാവിജന്മങ്ങൾ 
കെട്ടുപോകാതിരിക്കുവാൻ,

തെന്നലലയും പച്ചച്ച വീഥിയിൽ 
നിറവൃഷ്ടി നെഞ്ചേറ്റി ഞാനിനി-
യൊരാറായി വീണ്ടുമൊഴുകട്ടെ,

Wednesday 16 November 2016

നഷ്ടങ്ങളുടെ ശിശിരകാലം

വിഭ്രമത്തിലുമൊരു ഭ്രമമു-
ണ്ടെന്ന ചിരിയുടെ നോവുപടർത്തി,
അഗ്നിയിലുപേക്ഷിച്ചൊരുടൽ 
മണ്ണിനോടിണ ചേരുമ്പോൾ, ഞാൻ
വിജനതയുടെ ദേശത്തേക്കെന്ന 
പോലൊരു കൈവിരൽത്തൂങ്ങിയീ 
നിമിഷത്തിൻ നിഴൽച്ചാർത്തിൽ
ഒറ്റപ്പെട്ടുപോയൊരതിശയമാകുന്നു,    

എങ്കിലും, 

കാലം തെറ്റി പെയ്തു 
പൂത്തേക്കുമെന്ന തോന്നലുകളിൽ 
പരസ്പരം മൺഗന്ധമുള്ള  
രണ്ടു കാത്തിരുപ്പുകളുടെ 
പകപ്പുകളൊരു കരച്ചിലിനിരുപുറം
ബാക്കിയായതെങ്ങിനെയാണ്,

എന്നിട്ടും, 

മരണംകൊണ്ടടർന്നുപോയ
വസന്തത്തെ ഇനിയും കരഞ്ഞുറഞ്ഞു
പോവാത്ത നീർത്തുള്ളികളിൽ 
ഒളിപ്പിച്ചിട്ടുണ്ട്, കരളുകൊത്തി 
പറിക്കുന്ന വേദനകളിൽ 
ഒതുക്കിയിട്ടുണ്ട്, ഇല്ലെന്നാവർ-
ത്തിക്കുന്ന ഓരോനിമിഷത്തിലും 
വിരൽത്തുമ്പിൽ പൂത്തുനിൽക്കുന്ന
സ്വപ്നമെന്ന കൂട്ടു തേടുന്നുണ്ട്,

അതുകൊണ്ട്,  

തിരികെയില്ലാത്ത ഇന്നലെയിലും
നിയന്ത്രിക്കാനാവാത്ത നാളെയിലും  
എന്‍റെ മുറിഞ്ഞു പോയ കാലങ്ങളെ 
നീ തിരയാതിരിക്കുക, കാരണം 
ഇരുട്ടറ്റങ്ങളുടെ അടുക്കുതെറ്റിയ
പിൻവിളികളിലെൻ പ്രാർത്ഥന 
ഒരുപിടിച്ചോറിൽ മിഴിയുപ്പു
ചേർന്നൊരു നീർക്കുടമുടയ്ക്കുന്നു,

മറക്കാതിരിക്കുക,

ഞാൻ, വിജനതയുടെ ദേശത്തെ 
ആരുമറിയാത്തൊരുന്മാദിനിയാണ്
ഈ നിമിഷ തഥ്യയ്ക്കുമപ്പുറം, കണ്ണു
പൊത്തിക്കളിക്കും പേരറിയാപ്പൂ-
ക്കളുടെ ഓർമ്മവിത്തുകൾ തേടുന്ന 
ഒറ്റപ്പെട്ട ശിശിരമാണ്, ഉന്മാദമാണ്.

Sunday 13 November 2016

മഴനൂലുകൾ പിരിച്ചൊരു
ഊഞ്ഞാലൊരുക്കണം
വെണ്ണിലാവു കുറുക്കിയൊരു
ഊഞ്ഞാൽപ്പടിയും.

സമീരനൊപ്പം,
ഊഞ്ഞാലേറി മാടിവിളിക്കുന്ന
വെൺമേഘങ്ങളെ പുണരണം,
ഇലത്തുമ്പിൽ തെളിയും
കുളിർക്കണങ്ങൾ കോർത്തെടുക്കണം,
തിരികെയിറങ്ങി
മുളങ്കാട്ടിൽ വേണുവൂതണം.

ഹിമമണിയും കുടമുല്ലപ്പൂകളെ
തോഴിമാരാക്കണം.
നക്ഷത്രങ്ങളെ പെറുക്കി കൂട്ടി
ചിരാതൊരുക്കണം.
നിശയുടെ തേരേറി
കുന്നിമണി സ്വപ്നങ്ങൾ കാണണം .

Sunday 6 November 2016

ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു

മുകിൽ മാലകൾ നീരുറവ-
കളിലേക്ക് വർണ്ണഭേദങ്ങൾ 
നിറയ്ക്കുമ്പോഴും, ഋതുക്കള-
റിയാത്ത കാലത്തിലെ 
ഇലകളടർന്നു തളിരുകളെ 
കാത്തിരിക്കുന്ന നഗ്നമാക്കപ്പെട്ട 
ഒറ്റമരത്തിന്നുടലെഴുത്തായിരുന്നു 
ഞാനും നീയും.

തൂവിപ്പോകുന്ന വെയിൽ  
കാലങ്ങളിലേയ്ക്ക്  
ചെറുമഴ വീണു 
കുളിർന്നപോലെ ആദ്യ ചുംബനം 
നിന്‍റെ ചുണ്ടിൻ ചില്ലയിലാദ്യ 
തളിരായെഴുതുമ്പോൾ, 
കാതോരം കാറ്റൊളിപ്പിച്ച 
രാഗങ്ങളിൽ പൂത്തുലഞ്ഞ 
ചെമ്പകഗന്ധത്തിൻ പല്ലവിയു-
മനുപല്ലവിയും നിറയുന്നു,    

സുഖകരമായ ഇഴകളുടെ 
സ്വർണ്ണച്ചിറകിൽ നിന്നൊരു തൂവൽ 
നിന്‍റെയുള്ളിൽ നിന്നും എന്‍റെ  
നിശ്വാസങ്ങളിൽ തളിർത്തു പൂക്കുന്നു.

നിഴൽ വളർത്തിയ ചൂണ്ടുവിരലു-
മ്മകളിലും, നിലാ-മഞ്ഞുപൂക്കും 
നെറ്റിയുമ്മകളിലുമകലാത്ത 
പ്രണയത്തിന്‍റെയും വാത്സല്യ-
ത്തിന്‍റെയുമിലത്താ-
ളങ്ങളിലൊരു മഴമണിധാരയായി 
നീ മാറുമ്പോൾ, ഞാൻ നിന്‍റെ  
ആദ്യത്തേയുമവസാനത്തേയും 
പ്രണയമായി മിഴിയിണകൾ 
മെല്ലെ ചേർത്തു നിന്നിലേയ്ക്കു 
മാത്രം പടർന്ന് തേനൊഴിയാത്ത 
വസന്തമായി പരിവർത്തിക്കപ്പെടുന്നു.

Wednesday 2 November 2016

പ്രണയകാലങ്ങൾ


നിന്‍റെ പ്രണയകാലങ്ങളിൽ
ഇളം വെയിൽ ചാരി
നിൽക്കുന്ന ഞാൻ,
പൊടുന്നനെയെന്‍റേയും
കൂടിയെന്ന കാതോരങ്ങളി-
ലറിയാതേയരൂപിയാകുന്നു,

കുസൃതിയുടെ
നൂലിഴകളിൽ കുടുങ്ങി നീ
നെഞ്ചോരമെത്തുമ്പോൾ,
ചൂണ്ടുവിരൽകൊണ്ട്
ഹൃദയംതൊടുമദൃശ്യവശ്യതകളുടെ
തീവ്രതയിൽ, നുകരാൻ
കൊതിക്കുന്നൊരു ലഹരിയാകും,

ഋതുക്കളടരാത്ത
വസന്തകാലങ്ങളുടെ
വലതുചുണ്ടിൻ മറുകിലാഞ്ഞ്
ചുംബിച്ചു നീ കൊടുംവേനലാകുമ്പോൾ,
ഉഷ്ണിച്ചുഷ്ണിച്ചു മഴ മീട്ടുന്ന
മൺവീണയുടെ സംഗീതമാകും,

തോന്ന്യാക്ഷരത്തിൻ
തീപ്പൊരിയൂതിയൂതി, ഉദയാ-
സ്തമയ ഹിമമുദ്രകളുടെ
ശലഭഗീതികളാലലങ്കരിച്ച മഞ്ഞു
കാലങ്ങളിലേയ്ക്കണയ്ക്കുമ്പോൾ,
ഒരുതുടം പൊൻവെയിൽ-
ക്കുറുമ്പായി പുണരും,

നിലാവിറങ്ങി നനഞ്ഞ്,
ചെറുകാറ്റിലാടിക്കുറുകുന്ന
രാമുല്ലഗന്ധങ്ങളുടെയോരത്ത്,
ജീവിതം നീയെന്നയൊറ്റ
നിറത്തിലത്ഭുതപ്പെടുത്തുമ്പോൾ
നാമില്ലായ്മകളെന്ന ജീവന്‍റെ
ചൂടിലേയ്ക്കെന്നേയ്ക്കും
നിറഞ്ഞടയാളപ്പെടും,

ശേഷം, ഓരോ
മുറിവാഴങ്ങളിലും വന്യമായ
കരുതലുകളോടെയെന്നെയിഴ
ചേർക്കുമ്പോൾ, ഞാനെന്ന
ഇല്ലായ്മകളുടെ പകപ്പുകളിൽ
നിന്നുണരാനാവാത്ത
നിന്നെ ഞാനെന്നിലേയ്ക്കു
തന്നെയടക്കം ചെയ്യും.

Thursday 8 September 2016

പ്രണയവൈഖരി പാടുന്നു

നനുനനുത്ത ചെറു ചാറ്റൽമഴ കുറുകുന്ന 
താളങ്ങൾ പോലെയെൻ കരിമുകിൽക്കെട്ടു
മുടിയിലരിയ ജലമുത്തുകൾ കുസൃതിയോ-
ടിയലവേ, നെറുകയിൽ നിൻ കരലാളനം,  

സാന്ധ്യവെയിൽക്കൊടി ലാസ്യനടനമാടുമീ 
പൊൻപ്രദോഷ കുങ്കുമച്ചാറിന്നൊളിയിൽ 
നിന്നുമെൻ അണിവിരൽതൊട്ടു കടമെടു-
ക്കുന്നുയീ,യരുണ വിസ്‌മയക്കിരണങ്ങളെ,

തൂനിലാവുകുറുക്കിയ കാന്തിയിൽ നീർ-
മുകിൽ മാലകുടഞ്ഞെഴുതിയ മിഴികളും 
മകര മഞ്ഞു കുളിർന്നിടും ചെംചൊടികളിൽ 
പ്രണയവൈഖരി പാടിടും  കനകതാരകം, 

പ്രണയമാല്യങ്ങൾ തീർക്കും സുകൃതതാ-
ളത്തിൽ കുറുകിടും കിളിക്കുഞ്ഞുപോൽ, 
നനവൂറും മലർത്തുള്ളിയിൽ പടരും കനക
രേണുപോൽ, നിന്നിലേയ്ക്കണയുന്നു ഞാൻ,

മാധുര്യമേറിടും താമരത്തളിർത്തേനിതെന്ന
പോലാർദ്രമായ് നീയെൻ ചാരത്തണയവേ, 
അലിവൂറിടും നറുനവനീതമായതിസാന്ദ്ര-
മായരുമയോടെ നിന്നിൽ നിറയുന്നു ഞാൻ 

Sunday 24 July 2016

മറക്കാതെയോർക്കേണ്ടതുണ്ട്,

മിഴിമൊഴികളാകുന്ന വർണ്ണങ്ങൾ, 
കഥപറയുന്ന 
ചിത്രമെഴുത്തുകളാകുന്നിടത്താണ് 
നഷ്ടങ്ങളായവയുടേയും
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവയുടേയും
നിസ്സഹായതയും ഭീകരതയും
ഉഷ്ണക്കാറ്റെന്ന വേവലാതിയോടെ
പിൻതിരിഞ്ഞ് പുറംചൊറിയുന്നത്.

കടുംപച്ച വർണ്ണങ്ങളുടെ 
ചൂണ്ടക്കൊളുത്തിൽ മഴക്കാടുകളെ 
കുരുക്കി കത്തുന്ന വേനലിന്‍റെ  
ഒറ്റമുറിവെന്ന വിണ്ടപാടിലേയ്ക്ക് 
നാടുകടത്തി ചിരിക്കുമ്പോൾ,

അന്യമാകുന്ന വന്യതയുടെ 
പച്ചിലച്ചാർത്തുകൾ നിറഞ്ഞ മഴനന്മകൾ
ചിലന്തിക്കുരുക്കുകളുടെ പൊള്ളുന്ന 
വെയിൽത്തുമ്പുകൾ നിറഞ്ഞ
സൂചിമുനകളായി പരിവർത്തിക്കപ്പെട്ട്
പായൽജീവിതങ്ങളെപ്പോലും 
അവശേഷിപ്പുകളില്ലാത്ത അടയാളമാക്കുന്നു.

മനസ്സിലാവാത്ത വികസനമെന്ന 
ഭാഷ ഭയന്ന് മലകളും മരങ്ങളുമുറവകളും 
കുന്നുകളും ദേശാടനത്തിനിറങ്ങുമ്പോൾ
കൈപ്പിടിയിലൊതുക്കിയ ലാഭനഷ്ടം, 
തിരശ്ശീലയ്ക്കു പിന്നിൽ തണുത്തുറഞ്ഞ 
ഒന്നുമില്ലാത്തവന്‍റെ തൊണ്ടയിൽ തങ്ങിയ
സങ്കടമുള്ള് പോലെ വലിച്ചിഴയ്ക്കും.

നഷ്ടമേറ്റതറിയാതെ ഉറക്കമുണരുന്നൊരു 
ചിത്രമെഴുത്തിലെ മിഴിനിറഞ്ഞ 
കുഞ്ഞു മനസ്സിന്‍റെ  കാല്പനികതപോലെ 
എനിക്കും നിനക്കും പിന്നിൽ 
ആശ്രയവുമാവാസവും കൈവിട്ടത-
റിയാതെ വളരുന്നൊരു തലമുറയുണ്ടെന്ന്
എന്നും മറക്കാതെയോർക്കേണ്ടതുണ്ട്.



Sunday 5 June 2016

ഒറ്റപ്പെടൽ

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട 
തെരുവിടങ്ങളുടെ 
കുസൃതികൾക്കിടയിലേക്കമ്മ 
വിരൽ തൂങ്ങിയൊരിളം പുഞ്ചിരി 
കൊഞ്ചൽ കാണുമ്പോൾ,

ചിലപ്പൊഴെല്ലാമിങ്ങനെ 
ആൾക്കൂട്ടങ്ങൾക്കിടയിലും 
ഒറ്റപ്പെടുന്ന കണ്ണോരങ്ങളിൽ 
ആരുമറിയാതെ, നീറ്റിച്ച മഷി 
തൊട്ടെഴുതിപ്പോകും കരിമുകിൽ,

ആകാശത്തിലേയ്ക്ക് കണ്ണുയർത്തി 
നെടുവീർപ്പുകളോടെ മന്ത്രിക്കും 
ഉപേക്ഷിക്കപ്പെടാൻ മാത്രം
ചെയ്ത തെറ്റെന്തെന്നറിയാത്തയീ, 
"ഒറ്റപ്പെടൽ അനിയന്ത്രിതമായ 
വേദനയുടെ ലഹരിയാണെന്ന്."

Monday 2 May 2016

മരണത്തിലൂടെ ജീവിക്കുന്നവർ

തിരിഞ്ഞു നോക്കണ്ട,
ഇനിയുള്ള നിമിഷങ്ങളിൽ 
നിങ്ങൾ വെറും കളിപ്പാവകൾ.

ആകാംഷ നിറഞ്ഞ കാണികളുടെ
സന്തോഷ നിമിഷങ്ങൾക്ക് നിറം 
പകരേണ്ട വെറും മരപ്പാവകൾ.

പാൽമണം മാറാത്ത കുഞ്ഞിനെ 
നെഞ്ചിൽ നിന്നടർത്തിയേക്കുക.

കഴിച്ചു മുഴുവനാക്കാനാകാത്ത
അന്നത്തെയും, ആകാശവും ഭൂമിയും 
സ്വജീവനും ഉൾപ്പടെയെല്ലാം മറന്നുവച്ച
നിമിഷങ്ങളായി, ഉയിരകന്ന ഉടൽ മണ്ണി-
ലേക്കെന്നപോലെ സകലതും മറന്നേക്കുക.

പതറാത്ത മെയ് വഴക്കത്തിൻറെ 
ചടുലതകളിൽ വിറയ്ക്കാത്ത കൈകളും 
ത്രസിപ്പിക്കുന്ന ചുവടുകളുമായി, 
ഉറ്റുനോക്കുന്ന ജനക്കൂട്ടത്തിൻറെ 
വിസ്മയം തുളുമ്പും മിഴിയിലേക്കും 
മനസ്സിലേക്കും ട്രപ്പീസുകൾ വഴിയാടി-
യുലഞ്ഞു ചേക്കേറിയൊഴിയുക.

വിസ്മയത്തെ ചിരിയിലേക്കെഴുതാൻ,
കരയുന്ന മുഖത്ത് ചിരിയുടെ നിറങ്ങൾ 
നിറച്ചൊരാൾ തയ്യാറായിരിക്കുന്നു.

കാണികൾക്കുള്ള വിരുന്നു കഴിഞ്ഞില്ല,
വരുന്നുണ്ട് പിന്നാലെ അത്ഭുതങ്ങളുടെ 
തത്തയും പൂച്ചയും എലിലും പുലിയും
ആനയുമുൾപ്പടെ പക്ഷി മൃഗാദികളുടെ
ഒരു നീണ്ടനിര തന്നെ നിങ്ങളിലേക്ക്.

സ്വയം മറന്നു ചിരിപ്പിക്കുകയെന്നതാണ് 
നിങ്ങളിൽ നിക്ഷിപ്തമായിട്ടുള്ളത്
അതുകൊണ്ട്, തിരിഞ്ഞു നോക്കണ്ട,
ഇനിയുള്ള നിമിഷങ്ങളിൽ നിങ്ങൾ 
വെറും കളിപ്പാവകൾ മാത്രമാണ്.

Friday 29 April 2016

അർദ്ധ-പൂർണ്ണ ബോധങ്ങൾ സ്വയം പറയുന്നത്.

പൊള്ളിയടർന്ന വിരലുകളിലെ
മാംസത്തിന്റെ രൂക്ഷ ഗന്ധമാണ്
ശ്മശാനങ്ങളുടെ മൂകരാഗങ്ങളെപ്പോലെ
ചിന്തകളുടെ ആഴങ്ങളിലേക്ക്
തയ്യാറെടുപ്പുകളോ നിലനിൽപ്പുകളോ
കാതോർക്കലുകളോ ഇല്ലാതെ,
ആവർത്തനങ്ങളിലും പരിണാമങ്ങളിലും
തട്ടിത്തെറിച്ചു മിഴിയുറപ്പിച്ചൊരു
മഴനൂൽ പെയ്തു തൂവുന്നതിന്റെ
പ്രതിബിംബങ്ങളിലെ ചലനമറ്റ
സൃഷ്ടിയും പുനർസൃഷ്ടിയും അറിയിച്ചത്.

നിഴലുകൾ പോലും കണ്ടിട്ടില്ലാത്ത
നിശാസ്വപ്നങ്ങളിൽ കാലങ്ങളുടെ
രൂപമാറ്റം സംഭവിച്ചത് പിറവിക്കു
മുന്നിലെ ഗർഭപാത്രമെന്ന കുടുസ്സു
മുറിയുടെ ഏകാന്തതയിൽ നിന്നുമാവാം.
സമയ പ്രവാഹത്തിന്റെ ചില
നിർവികാരതകളിൽ വാഗ്മയങ്ങളായ
സാഹിതീയ ജീവിത കാഴ്ച്ചകളെ
അതി ശക്തമായി വെളിപ്പെടുത്തുന്ന
മഹാമൌനങ്ങളാക്കിയവ മാറ്റുന്നു.

എന്നാൽ, തീ പിടിക്കുന്ന ചിന്തകളുടെ
സങ്കീർണ്ണതയിലും, വേദനയിലും
അലച്ചിലിലും, സഹനത്തിലും
വെളിവാക്കപ്പെടുന്ന ആത്മാവിന്റെ
സമാന്തരവും എതിർദിശയിലും
നേർരേഖയിലും സംഭവിച്ചുപോകുന്ന
അസാന്നിദ്ധ്യങ്ങളുടെ ആജ്ഞാശക്തിക്ക്‌
ജീവിതമെന്നത്, ജീവനും അക്ഷരങ്ങൾക്കു-
മിടയിലുള്ള അദൃശ്യമായ സാന്നിദ്ധ്യങ്ങളിലെ
നക്ഷത്രക്കുഞ്ഞുങ്ങളുടെ കണ്ണുപൊത്തിക്കളിക്കുന്ന
വാടകക്കാരന്റെ സ്വപ്നങ്ങൾ മാത്രമാകും 

Thursday 28 April 2016

നിഗൂഡ പ്രലോഭനങ്ങളുടെ ഏകാന്ത വിശുദ്ധി


ഏഴു വർണ്ണങ്ങളും വിരിയിക്കുന്ന 
മഴവില്ലിനെക്കാൾ മനോഹരമാണ് 
നിഗൂഡതകളെന്നു മനസ്സിൽ 
എഴുതുന്നതിനു മുന്നേ തിരിച്ചറിഞ്ഞതാണ്, 
നിഗൂഡതകളേക്കാൾ മനോഹരമായി
ഭൂമിയിലൊന്നും തന്നെ 
അവശേഷിച്ചിട്ടില്ലെന്ന പ്രലോഭനങ്ങളുടെ 
ഏകാന്ത വിശുദ്ധിയെ.

മഴവിൽ വിശുദ്ധിയുടെ
സമ്മോഹനങ്ങളായ ചായക്കൂട്ടുകളിൽ 
നിർവ്വചനങ്ങളസാദ്ധ്യമായ 
വർണ്ണക്കൂട്ടുകൾ അനിയന്ത്രിതമായി ചാലിച്ച്,
രഹസ്യങ്ങൾ നിറഞ്ഞ മനസ്സിന്റെ 
ചില്ലു വാതിലിൻ പിൻകഴുത്തിലൂടെ ചുറ്റിയ 
കൈകളുടെ കരുത്തിൽ ചലനമറ്റു 
പോയ ഹൃദയം അടർത്തിയെടുക്കുമ്പോൾ,
ചുണ്ടുകളുടെ ആഴത്തിൽ വിസ്മൃതിയിലായ 
ഇന്നലെകളുടെ നൊമ്പരങ്ങൾ സാന്നിദ്ധ്യങ്ങളുടെ 
അസാന്നിദ്ധ്യങ്ങളാവുകയായിരുന്നു.

രാവിന്റെ കറുപ്പിൽ കരിനീല പടർന്നു 
സ്വപനങ്ങളെ കലുഷമാക്കുമ്പോൾ, 
തേങ്ങലുകൾ നിറഞ്ഞൊരു 
നേർത്ത പാട്ടിന്റെ തണുപ്പ് 
കൈവഴികൾ നിറഞ്ഞു കവിയുന്ന 
ചുവന്ന നദിയായി ഒഴുകിയകലാറുണ്ട് 
അസാന്നിദ്ധ്യങ്ങളിലേക്ക്.

ആ ഒഴുക്കിൽ, 
നക്ഷത്രങ്ങൾ നിറഞ്ഞ വയറിലേക്കും
വള്ളക്കാരനില്ലാതെ നീങ്ങുന്ന തോണിയിലേക്കും 
ഒരു പുഞ്ചിരി നീട്ടി, 
സ്വയം അറിയാനെന്ന, ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത 
പ്രദേശങ്ങളിൽ, ഭൂഖണ്ഡങ്ങളിൽ 
മിന്നാമിന്നി വെട്ടങ്ങൾ തേടി യാത്ര പോവുന്നു.

നിശാഗന്ധികളുടെ സുഗന്ധം നിറഞ്ഞ 
രാത്രിയുടെ ഗന്ധങ്ങളിലെ വിചിത്രമായ 
പ്രേമത്തിന്റെ വഴികളിലും, 
നിഗൂഡതകളുടെ നീരിറ്റിക്കുന്ന 
കണ്ണീരറകളും കൊച്ചരുവികളും നിറയ്ക്കുന്ന
ഭയപ്പാടുകളിൽ, ഉന്മാദത്തിനും സുബോധത്തിനും 
ഇടയിലെ നേർത്തനൂൽപ്പാലത്തിൽ 
ഒളിഞ്ഞിരുന്നു കൊരുക്കുന്ന ചൂണ്ടയിൽ
ചിന്തകളെ ഭ്രാന്തിനു വിട്ടുകൊടുത്ത്,

കൊടിയ വിഷാദത്തിനും ഭ്രാന്തിനുമുള്ളിൽ
നിറയുന്ന ശാന്തമായ മരണത്തിന്റെ
അനുഭൂതി നുകരുന്ന അതിരുകളില്ലാത്ത 
ശൂന്യതയുടെ കുത്തൊഴുക്കിൽ, 
മറഞ്ഞിരിക്കുന്ന മറുകരകൾ ഗതി മാറ്റി
ഒരു ചെറുമുറിവിലൂടെ ഇല്ലാതാക്കണം.

അപ്പോഴും എത്ര ശ്രമിച്ചാലും 
നിഗൂഡതയുടെ വാതയനത്തിലേക്കുള്ള
താക്കോൽ കൂട്ടത്തെ കണ്ടെത്താൻ 
സാധിക്കാതെ പോയേക്കാം..

Monday 25 April 2016

അതിജീവനത്തിന്റെ ആകാശവേരുകൾ

മഹാവൃക്ഷങ്ങളുടെ 
വേരുകൾ ഭൂമിയിൽ 
നിന്ന് ആകാശത്തേക്ക്
വളരുന്ന സമയം 
തുടങ്ങിയിരിക്കുന്നു.

അതിജീവനത്തിന്റെ 
പച്ചപ്പുകൾ 
വഴിത്തണലുകളിൽ 
വേനൽ കനലിന്റെ 
വെയിൽ തിന്ന, 
ഇലച്ചാർത്തുകൾ അടർന്നു
പോയ മുറിവുകളായി 
നിസ്സഹായതയുടെ ഒരു
കാലം മുന്നിലുണ്ടെന്ന 
ഓർമപ്പെടുത്തലുകൾ 
നൽകിക്കൊണ്ടിരിക്കുന്നു.

അടർന്നുവീണ ഇലകൾക്ക്
മാത്രം കേൾക്കാവുന്ന,
മനസ്സിലാവുന്ന ഭാഷയിൽ
വേനൽ തളർത്തി വളർന്ന
ആകാശവേരുകൾ മന്ത്രിക്കും
ഋതുഭേദങ്ങൾ തലോടിയതും
ഇണക്കിളികളുടെ കിന്നാരവും 
തിരിച്ചു വരാത്ത ഓർമ്മകൾ 
മാത്രമായിരിക്കുന്നുവെന്ന്.

പൂക്കാനും തളിർക്കാനും 
മറന്ന ചില്ലകളിൽ വേനൽ 
വരച്ചെഴുതിയിരുന്നപ്പോഴും
മഴയും നിലാവും ഒന്നിച്ചിരുന്ന
ഗന്ധം അവശേഷിച്ചിരുന്നു എന്ന്.
വ്യർഥമായ ഓർമകൾക്ക് 
മേൽ ഇനിയുമെത്രനാൾ
ആകാശവേരുകളായി 
മഴമേഘങ്ങൾക്ക് ഒരു 
കൂട്ടാവാൻ കഴിയുമെന്ന്.....

Friday 8 April 2016

വാക്കെന്ന ഏക്കവും എകകവും

ആവേശത്തോടെ എന്റെ രാജ്യമെന്ന് 
പറയാൻ തുടങ്ങുമ്പോഴേ വാക്കടർന്നു
ജീവനും മരണത്തിനും ഇടയിലേയ്ക്കൊരു 
ദുരന്തത്തിന്റെ ചൂണ്ടക്കഴ ഇല്ലാത്ത 
ചോദ്യോത്തരങ്ങൾക്കുമേൽ കുരുങ്ങുന്നു,

ആ നിമിഷങ്ങളിൽ തന്നെ കാലങ്ങളും 
ദേശങ്ങളും തിരിച്ചറിയാതെ ഉന്മാദം
നിറഞ്ഞ പടയോട്ടങ്ങൾ തീർത്ത്‌ 
കലാപരാജ്യങ്ങളുടെ അതിർത്തികളെന്നെ 
കുരിശിലേയ്ക്കെന്നപോൽ ബന്ധിക്കുന്നു.

അതേയിടങ്ങളിൽ തന്നെ ഒരേസമയം 
പലയിടങ്ങളിലെന്നപോൽ തിരിച്ചറിവുകളുടെ 
തുറിച്ചുനോട്ടങ്ങൾകൊണ്ടൊരുവൻ 
വാക്കും ഭാഷയുമൊരേകകമാക്കി രാജാവും 
പടയാളികളുമില്ലാതെ പ്രജകൾക്കു 
മാത്രമായൊരു രാജ്യമൊരുക്കുന്നു,

വെളിച്ചത്തിന്റെ മിഴിയടർന്നയിടങ്ങളിലേയ്ക്ക് 
മൂന്നാണിപ്പഴുതുകൾ കൊണ്ട് 
ത്രിവർണ്ണ അടയാളങ്ങളുടെ സാദ്ധ്യതകളെ 
നിശ്വാസങ്ങൾ കൊണ്ടുപോലും പരസ്യമായി 
വായിക്കപ്പെടുന്നതിന്റെ അലിഖിത ഭാഷകൾ
ചരിത്രമായി എഴുതിക്കൊണ്ടേയിരിക്കുന്നു,

വാക്കൊരേക്കമാകുമ്പോൾ, തെരുവിൽ 
തിളയ്ക്കുന്ന മീനവെയിൽ നാട്ടുച്ചകൾക്കുള്ളിൽ 
മനസ്സിലുറയുന്ന കനിവൊരു ചെറുചിരിയായി
ചുണ്ടിൽ കുരുക്കി, സ്നേഹത്തിന്റെ അപ്പവും
വീഞ്ഞും പകുത്തൊരാലിംഗനത്തിലൊരു 
ലോകം കീഴടക്കുന്ന രഹസ്യഭാഷയ്ക്ക് 
പൊക്കിൾക്കൊടി ബന്ധത്തേക്കാൾ 
തീവൃതയെന്ന് ഹൃദയം തൊട്ട് സ്വന്തമാക്കുമ്പോൾ,
മനസ്സറിയാതെ ഒന്നല്ല ഒരായിരം ക്യുബയെ ഗർഭം 
പേറുന്നോരമ്മയെന്നറിയാതെ ഓർത്തുപോകും,

വാക്കൊരേകകമാകുമ്പോൾ ജീവിതത്തിനും
മരണത്തിനുമിടയിൽ എനിക്കും നിനക്കും 
വേണ്ടിയൊരുവൻ നി(ശൂന്യ)ശബ്ദമാകുന്ന
സ്വാതന്ത്ര്യമെന്ന ഭാഷയ്ക്കു ഹേ റാമെന്നയൊരൊറ്റ
വാക്കിനാൽ പൂർണ്ണവിരാമങ്ങളില്ലാതെ സ്വയം 
ഒറ്റിക്കൊടുക്കപ്പെട്ട് പ്രാണന്റെ കണികകൾ
ഒന്നിലധികം ലോകങ്ങളിലേയ്ക്ക് പരാതിയില്ലാതെ 
പകർത്തിയെഴുതി ഓരോ അഞ്ചിൽ നിന്നുമയ്യാ-
യിരമായി ഉയിർത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു.

എഴുതാതെയെഴുതിത്തീർത്ത
കുറിക്കുകൊള്ളുന്ന വാക്കുകളുടെ ഏകകങ്ങളിൽ 
കുരുങ്ങുന്ന ഭയപ്പാടിന്റെ ശേഷിപ്പുകൾ 
തീർക്കും ചോരപ്പാടുകൾ നിശ്ശബ്ദമായി 
അടയാളപ്പെടുത്തുന്നത് വാക്കെന്നാൽ തടുക്കാനാവാത്ത 
ഒരു വിപ്ലവമെന്ന് തന്നെയാണ് 
വാക്കെന്നാൽ ഒരു രാജ്യമെന്ന് തന്നെയാണ് 
വാക്കെന്നാൽ എനിക്കും നിനക്കും നേരെ 
ചൂണ്ടപ്പെടുന്നൊരേക്കവുമേകകവുമെന്ന് തന്നെയാണ്

Monday 7 March 2016

നീലകണ്ഠം

ദുഗ്ദ്ധം നുണഞ്ഞ നാൾ തൊട്ടെന്റെ
മാനസേ നിർവൃതീപൂരകമവ്യയം,
ചേതോഹരമാമീ ഗോവിന്ദ രൂപം.

തവചാരുലീലയും വൈമൂല്യവും 
ശ്ലാഘനീയം, തഥാ ഹരിചന്ദന 
മലർവിരിയും നറുഗന്ധം പോലെ.

ഗോപികയല്ല, രാധയുമല്ല ഞാൻ 
അനഘോദാത്തഭക്തിതൻ ദോളയിലാടും
നീടുറ്റ പീലിയാം വെറും നീലകണ്ഠം.


Wednesday 17 February 2016

സഖേ

ആത്മ മോഹങ്ങളീവണ്ണമോതുന്ന നേരത്ത് 
അരണിയായുള്ളം കടഞ്ഞെന്റെ മാനസം
പ്രണയമാമഗ്നിയീവിധം നീറിനീറിപ്പടർത്തുന്നു,

നീലവാനം തോല്ക്കും മിഴികളിൽ നീരദകന്യയാൽ 
അഞ്ജനമെഴുതുമ്പോൾ, മാധവം കിനിയും മലർശര-
ത്താലെൻ മാനസമെന്തിത്ര പരവശമാകുന്നു സഖേ  

കാവുതീണ്ടുന്നോരാവണിത്തൈത്തെന്നൽക്കിടാവിൻ 
ചൊടികളി,ലിത്രമേലാർദ്രമായൊരു ഗന്ധരാജഗന്ധം 
നിറയുംപോലത്രസാന്ദ്രമായി നിന്നിലേയ്ക്കലിയുന്നു ഞാനും 

Monday 15 February 2016

"മാ" നിഷാദ/നവ

ഇനിയുമെന്തെന്നു വഴിപിരിയും പ്രാർത്ഥനയുടെ 
മുറിവുണക്കാൻ കാടും, നാടും, തെരുവുമുറങ്ങാതെ 
ഉപേക്ഷിക്കപ്പെട്ടയിടങ്ങളിൽ, വിശപ്പിന്റെ ഒരുവറ്റിൻ 
സമൃദ്ധിതേടുന്നുണ്ടൊരു വിതുമ്പലിൻ തിരയിളക്കം.

ഈശനും മേൽ വളരുമീ മാനവ മത-മദ ഗന്ധങ്ങൾ 
പകയൂതിയൂതിയൊരു കനവിൻ തലയറുക്കുന്നു, 
ശിരസ്സുകളുരുളുന്നു,ചുട്ട മാംസഗന്ധമുയരുന്നു, വഴി-
യറിയാതെ വിശ്വാസത്തിന്നുന്മാദമിരുട്ടു തിന്നുന്നു.

ഒരുപുറം പേറ്റുനോവറിഞ്ഞ ജീവിതം മക്കളെ കാത്തു 
ശീതീകരണിയിലുണരാതുറങ്ങുന്നു വൃദ്ധസദനങ്ങളിൽ,
മറുപുറമിനിയും ചുരത്താത്ത മാറിലില്ലാത്ത മുലപ്പാ
ലിനൊസ്യത്തെഴുതിയില്ലാത്തോരുണ്ണിയേ താരാട്ടുന്നു.

മധുകിനിയും വർണ്ണങ്ങളുടെ പൊഴികൾ പൊതിഞ്ഞ 
കിനാവള്ളി പ്രണയങ്ങളിലെ കുടില ചിന്തകൾക്കുമേൽ 
പരസ്പരമമ്പെയ്തും ഒറ്റിക്കൊടുക്കപ്പെട്ടും നീലിച്ച 
ജീവിതവഴിയിലൊരു പെണ്മിഴിയിൽ മഴനിറയുന്നു.

മലകൾ തേടിയൊരു മഴ കറങ്ങുന്നു, കിണറു തിരയുന്നു, 
പുഴ തിരയുന്നു, കടലു തേടുന്നു, മണ്ണ് കാണാതെ വഴി 
മറയുന്നു, ദാഹം വരണ്ടൊരു കുപ്പിയിലൊളിക്കുന്നു, 
മരുഭൂവിലെന്നപോലൊരു തലമുറ കുടിനീരു തേടുന്നു

കാട് തേടിയൊരു കാറ്റ് ചികയുന്നു, മഴ പിരിയുന്നു, 
വെയിലലയുന്നു, ശാഖിയിലൊരാകാശവേരു വളരുന്നു, 
വരണ്ടയുറവകൾക്കിടയിൽ ഉണർവ്വുതേടുമൊരു ജീവന്റെ 
പ്രാണനുരുകുന്നു, നിശ്ശബ്ദശൂന്യമൊരു മരണമുണരുന്നു.

പലനിറക്കൊടികൾക്ക് കീഴെ പ്രഭുക്കൾ തൻ ഉള്ളിടങ്ങൾ 
പാടിയുറപ്പിച്ചില്ലാത്തവനുമേൽ കഥയില്ലായ്മതൻ വിഷം 
തീണ്ടുമ്പോളെന്‍റെ രാജ്യമെന്‍റെമണ്ണെന്ന സത്ത്വം നെഞ്ചേറ്റി 
ഒരു ജനതയുടെ സ്വപ്നംകാത്തുയിരുവെടിയുന്ന കാവൽ.

നീരറ്റമണ്ണിൻ വരണ്ട ഗർഭത്തിലെ വിത്തിൻ പ്രതീക്ഷപോൽ
"മാ"നിഷാദ/നവയെന്നു കേഴുന്നിരുളുമൂടും ജീവിതങ്ങൾ.

Friday 22 January 2016

പുലരുമ്പോൾ,


അറ്റമില്ലാത്താകാശപ്പായയിൽ 
നിന്നൊരു തുണ്ടടർത്തി മെത്തയൊരുക്കി 
കാറ്റ്പുതച്ചു  കിടന്നൊരുവൻ 
മേല്ക്കൂരയില്ലാത്ത വീടിൻ സ്വപ്നം കാണുന്നു, 

തിരിച്ചു പോകുവാനാകാതെ, 
ഇടയിൽ അകം മുറിഞ്ഞടർന്നു പോയ 
ഇതളിൻ ആർദ്രതയോടെ ഓരോ മുറികളുടെ 
ചുവരിനേയും അദൃശ്യമായൊരുക്കുന്നു,

ഒരു മുറിയുടെ ചുവരുകളിലെല്ലാം 
അവൻ മിഴിമഴകളെ വരച്ചുവയ്ക്കുന്നു
മറ്റൊന്നിൽ തിളച്ചു മറയുന്ന അനാഥത്വത്തിന്‍റെ 
വെയിൽ സൂചികൾ തറച്ചുവയ്ക്കുന്നു,  

വിശപ്പിന്‍റെ വഴിമറയ്ക്കാത്ത തണ്ടെല്ലെത്തും 
വയർതടവി വഴിയൊരുക്കുന്നു,
നാവു മറന്ന രുചിക്കൂട്ടുകളുടെ രസമുകള-
ങ്ങളാലൊരു മലർവാടിയൊരുക്കുന്നു,  

മേല്ക്കൂരയില്ലാത്ത വാതിലുകളും
ജനാലകളും ജീവിതത്തിലേയ്ക്കോ 
മരണത്തിലേയ്ക്കോ തുറക്കേണ്ടതെന്നറിയാതെ
അമ്പരപ്പുകൊണ്ടൊരുന്മാദ രാഗം പാടുന്നു, 

ആരുമറിയാതെ നിശ്ശബ്ദതയിലുമൊരു 
ശബ്ദം തേടി, കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്ന
വെയിൽ-മഴ ഭിത്തിയുടെ ഓരങ്ങളിലൊരു 
കനത്തശ്വാസമിരുന്നങ്ങ് കട്ടപിടിക്കുന്നു, 

പുലരുമ്പോൾ, കുലയ്ക്കുമ്പോളൊന്ന് തൊടുക്കു-
മ്പോൾ നൂറ്‌, തറയ്ക്കുമ്പോളായിരമെന്നതുപോലെ 
വീടില്ലാത്തവനെന്ന സങ്കടമുള്ള് തൊണ്ടയിൽ 
കുരുങ്ങി വിശപ്പിന്‍റെ ഉമിത്തീയിൽ വീഴുന്നു

Tuesday 19 January 2016

ജീവിത ദൂരം

അഗ്നിയാറിയുറഞ്ഞു 
ബാക്കിയായൊരു നുള്ള് 
നീറിന്നോർമ്മയിലെന്‍റെ 
നിഴൽപോലും വേച്ച് 
നിന്നിലേയ്ക്കുള്ള വഴികൾ 
തേടുന്ന പോലെങ്കിലും,
മുനിഞ്ഞു കത്തുമൊരു
ജീവിത ദൂരം ബാക്കി

മരണപത്രം: അകവും പുറവും


ഒരു ചുവരിനിരുപുറം
നടക്കുന്ന മേലാള അലിഖിത
നിയമങ്ങൾക്കുള്ളിലേയ്ക്കൊരുവൻ  
നരച്ച സ്വപ്നത്താൽ ജീവന്‍റെ
മരണപത്രം കുറിക്കുന്നു .

ജനനമെന്ന തെറ്റുകൊണ്ടു തന്നെ 
മരണത്തെ വെല്ലുവിളിച്ച്,
സ്വപ്നത്തിന്നെത്താക്കൊമ്പായ
ശാസ്ത്രലോകത്തിന്‍റെയെഴുതാൻ 
മോഹിച്ച വരികളിലേയ്ക്ക് 
പെറ്റവയറിന്‍റെ കണ്ണീർവള്ളിയടർത്തി-
യൊരഴിയാക്കുരുക്ക് തീർക്കുന്നു.

ജീവനും ജീവിതവും സ്വപ്നങ്ങളുമൊരു 
കുരുക്കിൻ തുമ്പിൽ പിടഞ്ഞ്
മരണത്തിന്‍റെ താരട്ടുകേൾക്കുമ്പോൾ
ഒരുപുറം മേല്ക്കോയ്മകളുടെ 
അവകാശങ്ങൾ വീണ്ടും പതിച്ചെടുക്കുന്നു, 
മറുപുറം അവകാശങ്ങളെല്ലാമൊരു
കോടിത്തുണിയിൽ പൊതിഞ്ഞെടുത്ത്
കണ്ണീരു ചേർത്ത് ഒരു പിടി 
വെണ്ണീർ ബാക്കിയേ നെഞ്ചോട്‌ ചേർക്കുന്നു. 

ഇനിയുള്ള  ചോദ്യം നിന്നോടാണ്, 
നിന്നോട് മാത്രം, അവഗണിച്ചു 
തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ 
മരണത്തിലൂടെ പ്രതികരിച്ചു പ്രതികാരം 
തീർക്കാതെയൊരുമിച്ചുനിന്ന് ഭാവിയുടെ/
ജീവിതത്തിന്‍റെ തലമുറകളുടെ 
വിജയം നിറഞ്ഞ വരികൾ 
മനോഹരമായെഴുതാൻ ശ്രമിക്കാതെ 
ഭീരുവിനെപ്പോലെ പരാജയങ്ങളുടെ 
വിപ്ലവം തേടിപ്പോയതെന്തിനായിരുന്നു? 

കടുത്ത അവഗണനകൾക്കെതിരെ , 
അവകാശഹത്യകൾക്കെതിരെ 
വീറോടെ ഒരുമിക്കേണ്ടയാവശ്യകതയ്ക്ക് 
പകരം അപകർഷതയുടെ 
ഉൾവലിച്ചിലിൽ മരണമെന്ന ജയം
പുതച്ചപ്പോൾ കരിമ്പാറയിലും
ഉറവകണ്ടെത്തിയ, വരണ്ടനിലങ്ങളിലും
പൊന്നുവിളയിച്ച പൂർവ്വികരുടെ,
കരുത്തും ചങ്കൂറ്റവുമൊരുമയും കൊത്തിവച്ച
ചരിത്ര വഴികൾ  ഓർക്കാഞ്ഞതെന്താണ്?

അനാധമായേക്കാവുന്ന കുടുംബത്തേയും  
മോനേയെന്ന ഭാവിയുടെ പ്രതീക്ഷ
നിറഞ്ഞ വിളികളെയും ഇത്രമേൽ ആഴത്തിൽ 
മുറിവേൽപ്പിച്ചു മനപ്പൂർവം മറന്നതെന്തിനാണ്? 

Friday 15 January 2016

നീയെന്ന കടൽ

ഒന്നുമൊന്നും കരുതിവച്ചതല്ലെങ്കിലും 
അവശേഷിക്കുന്ന മുറിവുകളുടെ 
മടുപ്പെന്നയൊരേ പ്രഹരത്തിൽ
മറവിയുടെയോർമ്മകൾ നീയെന്ന  
കടൽ മാത്രമായിട്ടും, നീയുപേക്ഷിച്ച 
ഞാനെന്നയോർമ്മളെയൊരുവാക്കി-
ലഴപിരിച്ച് എഴുതിത്തുടങ്ങണം 

Wednesday 13 January 2016

സ്വപ്നം കാണുന്നവൾ

ചാറ്റൽ തുള്ളികളോടൊപ്പം 
തണുത്ത കാറ്റെത്തി നോക്കിയിരുന്ന
അവസാന ജാലകപ്പാളിയും അടച്ച്
കുന്തിരിക്ക ഗന്ധം നിറഞ്ഞ 
ഒറ്റമുറിയുടെ ഇരുൾ നിറഞ്ഞ 
സുരക്ഷിതത്വത്തിലേയ്ക്ക് അവൾ,
ശവപ്പെട്ടിക്കച്ചവടക്കാരന്‍റെ മകൾ
സൂസന്ന, സ്വപ്നം കാണുന്നവൾ 

രാത്രി, നേരം പത്താകുമ്പോഴേയ്ക്കും   
കണ്ണുകളിറുകെ പൂട്ടി സൈക്കിൾ 
മണിയോടൊപ്പം സൂസിക്കൊച്ചേന്ന 
അപ്പന്‍റെ വിളിക്ക് കാതോർക്കും,
ഇരുവശം പിന്നിയിട്ട മുടിയിലൊരു 
പൂവും കുത്തി അപ്പന്‍റെ സൈക്കിൾ   
മുന്നിലിരിന്നു സ്കൂളിലേയ്ക്ക് പോവും 

വൈകിട്ട് വഴിയിലെ തോട്ടിൽ മീൻ 
പിടിച്ച്, മാതാവിന് മുന്നിൽ തിരി തെളിച്ച് 
തിരികെ വീട്ടിലെയ്ക്കെത്തി കട്ടനും
കൂട്ടി അപ്പൻ പലഹാരപ്പൊതി നീട്ടും,
അത് കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നങ്ങ്  
മുതിരും, പിന്നെ ഒരു മാലാഖയെപ്പോലെ
അണിയിച്ചൊരുക്കി അപ്പൻ അവളുടെ 
കെട്ടു നടത്തും, കെട്ട്യോനു മുന്നിൽ വിരൽ
കൊണ്ട് നാണമെഴുതും, മക്കളെ മുലയൂട്ടും, 
അപ്പന്‍റെ മുതുകിൽ ആന കളിപ്പിക്കും,
വീടൊരുക്കുമ്പോഴേക്കും കെട്ട്യോനും,
മക്കളും, അപ്പനും ഒരു അലാറത്തിന്‍റെ 
ഒച്ചയിൽ ധൃതിപിടിച്ചങ്ങിറങ്ങിപ്പോകും. 

ഒന്നുമറിയാത്ത പോലെ മുടി വാരിക്കെട്ടി
കാപ്പിയനത്തി കഞ്ഞിയും വച്ച് 
കർത്താവിനു തിരി തെളിച്ച് അപ്പനെയും
കാണാത്തമ്മയേയും നോക്കിയൊരു 
ചിരിയൊളിപ്പിച്ചു ചാഞ്ഞ ചായ്പ്പിറ- 
യിലിരുന്നോരോ മരപ്പാളികളിലും 
കുരിശു വരച്ചളന്ന്  ആണിയടിക്കും,

ഇടയ്ക്കെപ്പോഴോ ശോശന്നപ്പൂവേന്ന് 
മൂളുന്നൊരുവരി ഏറു കൊണ്ട നായയെ-
പ്പോലെ ചുരുങ്ങി വലിയും, 
എന്തൊരു പെണ്ണെന്നു പള്ളു പറയുന്ന
വേലിപ്പത്തലുകളുടെ മുഖത്ത് "ഭ"യെന്നൊരാട്ട്
കാറ്റുപോലെ തട്ടിത്തെറിക്കും,
പലചരക്കു വാങ്ങുന്ന ബാക്കിയുടെ
വഷളൻ ചിരിയെ ഒറ്റ നോട്ടത്തിൽ ദഹിപ്പിക്കും,
ചായ്പ്പടയ്ക്കുന്നതിന് മുന്നേ അപ്പനേയും
അമ്മയേയും നെഞ്ചോട്‌ ചേർത്തു പിടിക്കും

കുരിശു വരച്ച് അത്താഴം കഴിച്ച്
തിങ്ങി നിറഞ്ഞ നക്ഷത്രങ്ങളെ നോക്കിയിരിക്കും,
കണ്ണുകൾകൊണ്ടെന്തോക്കെയോ പറഞ്ഞു 
കേൾപ്പിച്ചു വെറുതെ ചിരിക്കും, പിന്നെ
അവസാന ജാലകപ്പാളിയും അടച്ച്
കുന്തിരിക്ക ഗന്ധം നിറഞ്ഞ ഒറ്റമുറിയുടെ
ഇരുട്ടിൽ കണ്ണുകളിറുകെ പൂട്ടി സൈക്കിൾ 
മണിയോടൊപ്പം സൂസിക്കൊച്ചേന്ന 
അപ്പന്‍റെ സ്നേഹമുള്ള വിളിക്ക് കാതോർക്കും.

  
  

Tuesday 12 January 2016

അവകാശങ്ങൾ

പുരപ്പുറത്തേയ്ക്കു നീണ്ട 
മാവിൻ ചില്ല വെട്ടാനോങ്ങിയ 
അച്ഛന്‍റെ നേർക്ക് ആദ്യമൊരു
ഇത്തിൾക്കണ്ണിയായിരുന്നു 
അവകാശസമരം പ്രഖ്യാപിച്ചത്,

തൊട്ടു പിന്നാലെ വിശപ്പിന്‍റെ 
അവകാശത്തിനായി കണ്ടാലറിയുന്ന, 
അതന്നെ കാക്ക, തത്ത, കുയിൽ, 
മൈന, ഉപ്പൻ സംശയിക്കണ്ട സകലമാന 
പക്ഷികളും നിരാഹാര ഭീഷണി മുഴക്കി,

ഞെട്ടി നിന്ന അച്ഛനെ തോല്പ്പിച്ച് 
ചിലച്ചുകൊണ്ടൊരണ്ണാറക്കണ്ണനും 
പൊടുന്നനെയങ്ങവർക്കൊപ്പം കൂടി,

തീർന്നില്ല, കിടപ്പാടം നഷ്ടമാകുമെന്ന
നിവേദനം നീട്ടി കുടികിടപ്പവകാശം 
പറഞ്ഞ് ഭയപ്പെടുത്തി കിളികളെല്ലാം 
ചേർന്നച്ഛനെയന്ന് മടക്കിയയച്ചു,

എന്നിട്ടും, ആരുടേയുമനുവാദമില്ലാതാ-
രോടും പറയാത്തൊരു ദിനം
അവകാശങ്ങളെല്ലാമെഴുതി വാങ്ങി
മൗനമായാച്ഛൻ തന്നെയത് 
മുറിച്ചപ്പോൾ രണ്ടു വസന്തങ്ങൾ
ഒരേദിനമൊരേസമയമടർന്നുപോയി 

Sunday 10 January 2016

അധിനിവേശങ്ങളുടെ പ്രത്യയശാസ്ത്രം

അടിച്ചമർത്തുക എന്നതിനേക്കാൾ  
അധിനിവേശങ്ങൾക്ക് നിങ്ങൾ 
വിചാരിക്കുന്നതിനപ്പുറമൊരു  
പ്രത്യയശാസ്ത്രമുണ്ട്, 
പുറന്തള്ളപ്പെട്ടാലും മുന്നേ പാകിയ
കൗശലത്തിന്‍റെ വിത്തുകൊണ്ട് 
നിങ്ങളറിയാതെ തന്നെ നിങ്ങളെ
കൊ(ന്നൊടു)ള്ളയടി/ക്കുകയെന്ന്,

പ്രതിഷേധിക്കേണ്ടതിന്‍റെ ആവശ്യകത- 
യേക്കാൾ ഭയമെന്ന വിത്തിന് നിങ്ങൾ 
നിശ്ശബ്ദതയെന്ന വളമേകിയപ്പോൾ, 
ശേഷിച്ച ചിന്തകളുടെ  തലയറുത്തും 
മാനമെടുത്തും നെഞ്ചു തുളച്ചും ചുട്ടെരിച്ചും
വയറുകീറിയുമവരുടെ സ്വർഗ്ഗങ്ങൾ
പണിതു പണിത് നിന്നെ അവർ 
കൊള്ളയടിക്കപ്പെടാൻ വിധിക്കപ്പെട്ട 
ഒരു രാജ്യമാക്കി ജീവിതത്തിൽ നിന്നും
മരണത്തിലേയ്ക്ക് നാടുകടത്തുന്നു.

നോക്കു, നിങ്ങൾ കാണുന്ന ഞാൻ 
തേഞ്ഞുപോയൊരു ചരിത്രത്താളിലെ 
നിറം മങ്ങിയ അക്ഷരമാണ്,
അതിഥിയായെത്തിയ വേട്ടക്കാരുടെ  
കൂർത്തതും മൂർച്ചയേറിയതുമായ  
വിശാസങ്ങളുടെ ആയുധമഴയിൽ 
ഇരയാക/ക്കപ്പെട്ട ചോരപൊടിഞ്ഞ്
നിറം മങ്ങിയൊരു ചില്ലക്ഷരം.   

Saturday 9 January 2016

കരയാൻ തോന്നുമ്പോൾ

ഒരു കടൽത്തുള്ളി നെഞ്ചിൽ പേറി,
എനിക്ക് ജന്മാമേകാനാകാതെ പോയോ-
രമ്മയുടെ മുലപ്പാൽ ചൂടിന്നോർമ്മയി
ലേയ്ക്കെന്നെത്തന്നെ ചേർത്തു വയ്ക്കുന്നു, 

ശേഷം, കടൽത്തുള്ളിയിൽനിന്നൊരു
മഴത്തുള്ളിയടർത്തി നീയൊരു മഴക്കാല
മാണെന്ന് താരാട്ട് മൂളുന്ന ഏട്ടൻ ചൂടിന്‍റെ 
തണലിലെ ഒരു വരിക്കവിതയാക്കണം 

Friday 8 January 2016

വെള്ളം

വെള്ളം, വായു, വെളിച്ചം, ആഹാരം 
ഇതെല്ലാം മനുഷ്യരുടേയും 
മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും 
നിലനില്പ്പിനു അത്യാവശ്യമെന്നു 
പറഞ്ഞ് പൊതുവിജ്ഞാന വിഷയത്തിൽ 
അനിയൻപിള്ള മാഷ്‌ ക്ലാസ്സ്‌ 
എടുത്തപ്പോ താടിക്ക് കൈ കൊടുത്ത് 
വെറുതെ കേട്ടിരുന്നതാണ്,

അന്ന് ബോർഡിലെ കറുത്ത 
പ്രതലത്തിൽ വെള്ളം എന്നെഴുതി 
അടിവരയിട്ട് മാഷ്‌ പുഴയുടേയും, വള്ള
ത്തിന്‍റെയും വലയെറിയുന്ന വള്ളക്കാ-
രന്‍റെയും ചിത്രം വരച്ചു  കാണിച്ചു.

രണ്ടു ദിവസം കഴിഞ്ഞു കൂട്ടുകാർക്കൊപ്പം  
കായല് കാണാൻ സ്കൂളിൽ നിന്ന് 
പുറപ്പെടുമ്പോഴേ കുറച്ച് ആഹാരവും
വെള്ളവും കൈയിൽ കരുതാൻ മാഷ്‌
പറഞ്ഞത് മനപ്പൂർവ്വം മറന്നതിന്‍റെ
ശിക്ഷയാണ് വെള്ളത്തിനാൽ ചുറ്റപ്പെട്ടിട്ടും
ഒരു തുള്ളി കുടിക്കാൻ ഇല്ലാത്ത 
ദാഹത്തിന്‍റെ വരൾച്ച തൊണ്ടയിൽ 
നിന്നൊരു പ്രതീക്ഷയോടെ കൂട്ടുകാരുടെ
കുപ്പി വെള്ളത്തിൽ തൊട്ട്‌ കണ്‍നിറച്ചത്. 

വെള്ളത്തിന്‍റെ അർത്ഥം മനസ്സിലായ
അന്ന് മുതലാണ്‌ വീട്ടിലേയും സ്കൂളിലേയും
വഴിയോരങ്ങളിലേയും തുറന്നൊഴുകുന്ന 
പൈപ്പുകൾക്ക് നേരെ കൈകൾ നീണ്ടതും
വിശന്നിരിക്കുന്ന കൂട്ടുകാരന് പുഞ്ചിരിയോടെ
ഉച്ചഭക്ഷണം പങ്കു വച്ച് തുടങ്ങിയതും. 
  




സ്വാതന്ത്ര്യമെന്നത്

സ്വാതന്ത്ര്യമെന്നത് ചിലപ്പോൾ 
ലിപികളില്ലാത്ത ഭാഷയാണ്,
ഇലകളടർന്ന ശാഖിയെ 
പൊതിഞ്ഞൊരു മഞ്ഞുപാളിയുടെ
വെയിലേറ്റാലെന്ന ഭയം പോലെ,
എരിഞ്ഞടങ്ങുന്ന  ചരിത്രമായോ 
പകയായോ എപ്പോൾ വേണമെങ്കിലുമൊ-
രോർമ്മയായ്  തുളുമ്പിപ്പോയേക്കാം.   

Thursday 7 January 2016

ഇനിയെത്ര മൗനങ്ങൾ

ചിന്തകളുടെ ഓളങ്ങൾ
മൗനങ്ങളുടെ തീരങ്ങൾ
തേടുമ്പോൾ ചോദ്യങ്ങളും
ഉത്തരങ്ങളും വാക്കുകൾക്ക്
ശ്മശാനങ്ങൾ തീർക്കും 

ശൂന്യതയുടെ വേരുകളിൽ 
തെന്നി ജീവിതത്തെ മൗനത്തിൽ
പൊതിഞ്ഞെടുക്കുമ്പോൾ പരസ്പരം
എടുത്തണിയേണ്ടുന്ന വാക്കുകൾ
നിഗൂഢതയിലോടിയൊളിക്കുന്നു 

എന്തിനെന്നറിയാതെ വഴി
പിരിയും കാറ്റലകളിൽ തട്ടി 
കൊഴിഞ്ഞു വീഴും മാമ്പൂവുകൾ 
അരക്ഷിതത്വങ്ങളുടെ താക്കോൽ 
കൂട്ടങ്ങളിലെ പയ്യാരങ്ങളിൽ നിന്നും 
ഏകാന്തതയുടെ മൂടുപടം കണ്ടെടുക്കും 

വാശികളിലും പ്രതികാരങ്ങളിലും 
ഇനിയുമെത്രയെത്രയോ  മൗനങ്ങൾ 
കൂർത്ത മുറിവുകൾ ബാക്കിയാക്കി 
നിസ്സഹായതയുടെ  ഒറ്റപ്പെടലുകൾക്ക്
വേദനയോടെ സാക്ഷ്യമൊരുക്കും 

Wednesday 6 January 2016

"ചെ"


അധിനിവേശങ്ങളുടെ
ആഴങ്ങൾ കടന്ന് ആക്രമണങ്ങളുടെ
കുടിപ്പകകൾ ഇടമുറിയാത്ത
ചോരപ്പാടുകളുടെ ഇരുണ്ട വഴികൾ
തീർത്തയിടങ്ങളിലേയ്ക്ക്,

ഒരുലോകത്തെ ജനതയ്ക്കെല്ലാമൊരേ
നീതിയെന്ന ചങ്കുറപ്പിൽ ഇരയുടെ
അരാജകത്വത്തിലേയ്ക്ക്,
ചുണ്ടിലെരിയുന്നൊരു ഹവാനചുരുട്ടും
ലാ പോഡറോസ ഇരമ്പവുമായി
അടിമകളുടമകളാവാൻ സമരവീര്യ-
ങ്ങളുടെ വിപ്ലവവീഞ്ഞ് പകർന്നവനെ
നിന്നോടുള്ളെന്‍റെ പ്രണയം "ചെ"യെന്ന്
എഴുതി ഞാനടയാളപ്പെടുത്തും.

ഭീതിയുടെ പരുക്കൻ പകലുകൾക്കും
ഇരുണ്ട രാവുകൾക്കുമിടയ്ക്കുള്ള
വിശപ്പിന്‍റെ വെല്ലുവിളികളിലേയ്ക്ക്
സ്വാതന്ത്ര്യത്തിന്‍റെയുമവകാശത്തിന്‍റെയും
പോരാട്ടങ്ങളുടെ രുചി വിളമ്പിയവനെ,

വഴിയറിയാതൊറ്റപ്പെട്ട സ്വപ്നങ്ങളിൽ
വെടിയുണ്ടകളുടെ വേഗതയേക്കാൾ
വേഗത്തിൽ വേട്ടക്കാരന്‍റെ ചടുലതയോടെ
കരിമേഘങ്ങളിലൊരു വസന്തമെഴുതി-
ച്ചേർത്തവനെ, ആശ്രയവുമാത്മവിശ്വാസവും
നഷ്ടപ്പെട്ടയിടങ്ങളിലാരും കാണാതെ ഞാൻ
നിന്‍റെ പേരെഴുതി ചുംബിക്കുന്നു.

ഒറ്റിനാൽ മരണം തേടിയെത്തിയിട്ടു-
മുയിരായ് പല നെഞ്ചിൽ ജീവിക്കുന്നവനെ,
ഇന്നും നീതി നിഷേധിക്കപ്പെട്ടെന്‍റെ
മക്കൾ വിശന്നു കരയുന്ന നെറികേടിൻ
തെരുവുകളിലേയ്ക്ക് അമർത്തിചവിട്ടിയൊരു
ബൂട്ടിൻ കാലടിപ്പാടുകളോടെ വിജയമെഴുതുക.

നേരില്ലാത്ത നെറികേടൊളിപ്പിച്ച
കാലത്തിന്‍റെയരികുകളിൽ  തെന്നിച്ചിതറി
ചോരചിന്തി മരണം തേടുന്നൊരു ജനത,
ഇരുളിനേയും മനസ്സിനേയും കീറിമുറിച്ച്
പെണ്‍പൂവിൻ നെഞ്ചുപൊട്ടും ആർത്തനാദം,
സങ്കടങ്ങളാൽ സ്വയമില്ലാതാവുന്നൊരു
സമൂഹം, തോക്കിന്മുനകൊണ്ട് നേരെഴുതുന്ന
നിന്‍റെ നെഞ്ചുറപ്പിനെ "എന്‍റെ സഖാവേ" എന്ന
വിളിയിലൂടെ  വീണ്ടും വീണ്ടും അവർക്കിട
യിലേയ്ക്ക് അവരിലൊരാളായി വിളിക്കുന്നു.

അടിച്ചമർത്തപ്പെടലുകളുടെ
മഴത്തുള്ളികൾക്കുമേൽ വിമോചനത്തിന്‍റെ
വിപ്ലവച്ചിറകുകൾ തുന്നിയവനെ
അവകാശബോധങ്ങൾക്കഗ്നി പകർന്നവനെ,
ചുരുട്ടിന്‍റെ ഗന്ധം പകരുന്ന മോട്ടോർസൈക്കി-
ളിരമ്പങ്ങളുടെ ഓർമ്മകൾക്കുള്ളിൽ
"ചെ"യെന്നെഴുതി നിന്നോടുള്ളയെന്‍റെ
പ്രണയം ഞാനടയാളപ്പെടുത്തുന്നു. 

(ഗൂഗിൾ)

Tuesday 5 January 2016

ഭാരതമണ്ണൊരു പിയാത്തയാകുന്നു

സ്വപ്നത്തിൻറെ മഞ്ഞു പുതച്ചുറങ്ങുന്നൊരു
ജനതയുടെ സ്വപനം മുറിയ്ക്കാതെ
അതിരറ്റ രാജ്യസ്നേഹത്തിൻ മിടിപ്പുകളോടെ
ഭാരതാംബയുടെ മണ്ണ് കാത്തവരെ 
ഒറ്റുകാർക്കിടയിൽ ഇനിയും നശിക്കാത്ത
വിശ്വാസത്തിന്നുണർത്തുപാട്ടാണ് നിങ്ങൾ.

മഞ്ഞുപാളികൾ വിടർത്തിയൊരു 
സ്ഫോടനത്തിൽ പലജീവബലി നടത്തിയീ 
മണ്ണിൻ സമാധാനമടർത്താനെത്തിയവർക്കു
മുന്നിൽ സ്വജീവൻ ബലി നല്കിയൊരു 
രാജ്യമായവരെ, പ്രതീക്ഷകൾ നിറഞ്ഞൊരായിരം
വീരപുത്രന്മാരുടെ ഉയിർത്തെഴുന്നേൽപ്പ് 
കാത്തുകാത്ത്, നിങ്ങളെ നെഞ്ചോടു ചേർത്തീ
ഭാരതമണ്ണൊരു പിയാത്തയാകുന്നു 

അമ്മമാർ അങ്ങിനെയാണ്, എത്ര 
വളർന്നാലും മക്കൾ ചൂടിനെ നെഞ്ചോട്‌ ചേർത്തു 
പൊതിയും, ഒരുപുറമഭിമാനത്താലും മറുപുറ
മപമാനത്താലും പിടഞ്ഞ് നീറുമ്പോഴും
ഓരോ മണ്ണടരുകൾക്കുള്ളിലും കുളിരു പകരും 
ചൂടിനാൽ ശാന്തിയൊരുക്കും, അമ്മ മനസ്സുകളുടെ 
തീരാ ദുഃഖങ്ങളിന്നും പിയാത്തകളാകാൻ 
കൊതിക്കുന്ന വെണ്ണക്കല്ലുകൾ തേടിപ്പോകും.
(ചിത്രം:ഗൂഗിൾ)