Monday 16 November 2015

ഇരയുടെ അടയാളങ്ങൾ 

സാവര്‍ണ്ണ്യങ്ങളുടെ ഊറ്റം 
കൊള്ളലുകളിൽ ചുട്ടെരിക്കപ്പെട്ട
മാംസത്തിന് നിങ്ങൾ പറയുന്ന
ജാതിമേൽക്കോയ്മയുടെ 
ഗന്ധമായിരുന്നില്ല, മറിച്ച്
തിരസ്ക്കരിക്കപ്പെട്ട മനുഷ്യന്‍റെ 
എന്‍റെ/നിന്‍റെ ഭാരതത്തിന്‍റെ, 
അപമാനിക്കപ്പെട്ട ഗന്ധമാണ്.

മരണപ്പെട്ട കുരുന്നുകളുടെ
പാൽമണം തങ്ങുന്ന ചുണ്ടുകൾ, 
അമ്മേയെന്ന അലറിക്കരച്ചിലുകൾ
ചെവിയിൽ മുഴങ്ങുവോളം
അവർക്കുള്ള എന്‍റെ കണ്ണുനീരുകൾ 
കളങ്കപ്പെട്ട ഓരോ മനസ്സിന്‍റെയും 
നാശത്തിനുള്ള പ്രാർത്ഥനകളായിത്തീരും.

സാവര്‍ണ്ണ്യസംസ്കാര സമ്പന്നരെന്ന 
തൊലിവെളുത്ത നിന്‍റെ കറുത്ത
ചിന്തകൾ ഒരു രാജ്യത്തെ ജനതയുടെ
ഒരിക്കലും ഉണങ്ങാത്ത മുറിവിലെ-
യെരിവായി നീറിനീറി ഒരിക്കൽ 
പുകഞ്ഞു കത്തുമ്പോൾ അ/സവർണ്ണനും
എന്നാൽ മനുഷ്യജാതി മാത്രമെന്ന 
ഒരൊറ്റചിന്ത നിന്നെ ഭസ്മീകരിച്ചേക്കാം.

നായ്ക്കളേയും കന്നുകാലികളേയും 
സംരക്ഷിച്ചു പൂജിച്ച് വിശപ്പാവുമ്പോൾ 
ചുട്ടെരിച്ച പിഞ്ചു മേനിയിലെ 
ചൂടാറുന്നതിനു മുന്നേയതു നിന്‍റെ 
തീന്മേശയിലേക്ക് വിളമ്പുക, 
മക്കളെ നഷ്ടപ്പെട്ട കണ്ണീർച്ചാലിന്‍റെ 
ഉപ്പു ചേർത്തു രുചി കുറയാതെ തിന്നുക.

No comments:

Post a Comment