Monday 16 November 2015


അത്രമേലിത്രമേലിന്നു ഞാൻ നിന്‍റെ
നിത്യവസന്തം നിറയും മലർവാടിതൻ 
ശ്വാസ താളങ്ങൾക്കു കൂട്ടിരിക്കുന്നപോൽ
ജനനത്തോടൊപ്പമെഴുതി 
ചേർക്കപ്പെടുന്ന മരണമെന്ന 
നിശ്ചയം, നെഞ്ചകം നീറ്റുന്ന 
ഓർമ്മഗന്ധങ്ങളാകുമ്പോൾ,

മണ്ണടരുകൾക്കുമേൽ 
ആലകളിലെ ജ്വലനവേഗതയുടെ
കനൽ പൂക്കും ഓർമ്മയാകും
യഥാർത്ഥ രക്തസാക്ഷിത്വം

എന്നെ നഷ്ടമാകുന്നയിടങ്ങളിൽ,
പെയ്തൊഴിയാത്തൊരു മേഘത്തുണ്ടിൽ 
വിരൽ കോർത്ത്, മണ്ണിന്നാഴങ്ങളിൽ 
ഉണർവ്വു കാത്തുറങ്ങുന്നൊരു വിത്തിന്‍റെ
മിഴികളിൽ മഴയധരങ്ങളാൽ പുൽകി,

ധരയുടെ പൊക്കിൾക്കൊടിയിൽ 
പടരുന്ന വേരിന്‍റെ തുടിക്കുന്ന ജീവനായി
മണ്‍ഭിത്തി തുരന്ന്, തൂവൽ 
ഭാരങ്ങളോടെ രണ്ടിലക്കണ്ണുകൾ ചിമ്മി,

പുലർകാല ഹിമകണങ്ങളുടെ 
കുളിരിൽ പൊതിഞ്ഞൊരു വൃക്ഷത്തിന്‍റെ
തണലും കരുതലും ചിറകിലൊളിപ്പിച്ച് 
വിയർത്ത വെയിലുതിന്ന്, വരണ്ട മഴകുടിച്ച്

തളിരെഴുതുന്ന ശിഖരങ്ങളിൽ 
തണലൊരുക്കി, അമ്മയെ കാക്കും
കുഞ്ഞിക്കിളിക്കൂടിനെ മാറോട് ചേർത്ത്,
കാറ്റുമൂളുന്ന രാഗത്തിനൊരിലത്താളമിട്ട്‌,

വസന്തമെഴുതും പ്രണയത്തിൽ പൂത്തുലഞ്ഞ്, 
മധു നുണയുമാളിതന്നധരത്തിലൊരു 
മുറിവേല്‍ക്കാത്ത ചുംബനമേകി , മധുരതര-
മാകുമൊരു പനിനീർ ചാമ്പക്കയാവണം
വഴിയും കരുണാസാഗരമിരു മിഴികൾ
ലലാടെ സിന്ദൂരം ധരയായ് വിളങ്ങുന്നു
കപോലെ സൂര്യചന്ദ്രന്മാർ നിത്യവും, 
എള്ളിൻപൂവൊത്ത നാസികാഗ്രെയൊരു 
താരകം മൂക്കുത്തിയായ് പുഞ്ചിരിക്കുന്നു
മുല്ലമലരുപോൽ ദന്ത മുകുളങ്ങൾ, ഹാ! 
അലയാഴിപോൽ സമൃദ്ധമാ കൂന്തൽ.



വെണ്‍ശംഖൊത്ത കണ്ഡത്തിൽ തിളങ്ങൂ
ചേലൊത്ത പച്ചക്കൽമാലകൾ, അമൃത 
വർഷമായ് തുളുമ്പും പന്തണീമാർവ്വിടം,
അണിവയറിൽ താമരത്താരു പോൽ 
ചുറ്റുമൊഢ്യാണവും, വലതു കരമതിൽ
വരദവുമിടതു കരത്താലഭയവുമേകി,

വലംകാൽ ധരയിലമർത്തി ഇടം കാൽ 
മടക്കി ഉത്സംഗേ മക്കളെ ചേർത്തു പരി-
പാലിക്കുമംബികേയമ്മേ, ഉഷസ്സിലൊരു
കമലമായ് പ്രദോഷേയാമ്പലായ് തവ 
ചരണേ മമ കല്മഷങ്ങൾ സമർപ്പിപ്പൂ
അറിവായ്‌ ശാന്തിയായ് പ്രകാശമായ് 
നിറഞ്ഞീടുക മമ ഹൃത്തിലതി ശീഘ്രമേ.
ഇരയുടെ അടയാളങ്ങൾ 

സാവര്‍ണ്ണ്യങ്ങളുടെ ഊറ്റം 
കൊള്ളലുകളിൽ ചുട്ടെരിക്കപ്പെട്ട
മാംസത്തിന് നിങ്ങൾ പറയുന്ന
ജാതിമേൽക്കോയ്മയുടെ 
ഗന്ധമായിരുന്നില്ല, മറിച്ച്
തിരസ്ക്കരിക്കപ്പെട്ട മനുഷ്യന്‍റെ 
എന്‍റെ/നിന്‍റെ ഭാരതത്തിന്‍റെ, 
അപമാനിക്കപ്പെട്ട ഗന്ധമാണ്.

മരണപ്പെട്ട കുരുന്നുകളുടെ
പാൽമണം തങ്ങുന്ന ചുണ്ടുകൾ, 
അമ്മേയെന്ന അലറിക്കരച്ചിലുകൾ
ചെവിയിൽ മുഴങ്ങുവോളം
അവർക്കുള്ള എന്‍റെ കണ്ണുനീരുകൾ 
കളങ്കപ്പെട്ട ഓരോ മനസ്സിന്‍റെയും 
നാശത്തിനുള്ള പ്രാർത്ഥനകളായിത്തീരും.

സാവര്‍ണ്ണ്യസംസ്കാര സമ്പന്നരെന്ന 
തൊലിവെളുത്ത നിന്‍റെ കറുത്ത
ചിന്തകൾ ഒരു രാജ്യത്തെ ജനതയുടെ
ഒരിക്കലും ഉണങ്ങാത്ത മുറിവിലെ-
യെരിവായി നീറിനീറി ഒരിക്കൽ 
പുകഞ്ഞു കത്തുമ്പോൾ അ/സവർണ്ണനും
എന്നാൽ മനുഷ്യജാതി മാത്രമെന്ന 
ഒരൊറ്റചിന്ത നിന്നെ ഭസ്മീകരിച്ചേക്കാം.

നായ്ക്കളേയും കന്നുകാലികളേയും 
സംരക്ഷിച്ചു പൂജിച്ച് വിശപ്പാവുമ്പോൾ 
ചുട്ടെരിച്ച പിഞ്ചു മേനിയിലെ 
ചൂടാറുന്നതിനു മുന്നേയതു നിന്‍റെ 
തീന്മേശയിലേക്ക് വിളമ്പുക, 
മക്കളെ നഷ്ടപ്പെട്ട കണ്ണീർച്ചാലിന്‍റെ 
ഉപ്പു ചേർത്തു രുചി കുറയാതെ തിന്നുക.
നിന്നോടുള്ള ഒരേ ഒരു ചോദ്യം.
.
.
ന്യായാന്യായങ്ങൾക്കും
തർക്കങ്ങൾക്കും സ്ഥാനമില്ല,
ഞാൻ 
ചുവന്ന തെരുവിന്‍റെ പുത്രി 
അഭിസാരിക,

ഇരുളിന്‍റെ മറവിലും
പകലിന്‍റെ തെളിവിലും 
ഞാൻ എന്ന മാംസത്തെ
വിലപേശി വിൽക്കുന്നവൾ.
എന്‍റെ ഗതികേടുകൾക്കും
വിശക്കുന്ന വയറിന്‍റെ ഓർമകളിലും 
ന്യായാന്യായങ്ങൾക്കും
തർക്കങ്ങൾക്കും സ്ഥാനമില്ല,
ഞാൻ എന്ന തെറ്റിനെ കേവലം 
നിശബ്ദമായി സമ്മതിക്കുന്നു.


ചൂണ്ടാം നിനക്ക്,
എന്‍റെ നേർക്ക്‌ നിന്‍റെ വിരലുകൾ.
അഭിസാരിക എന്ന് എന്നെ വിളിക്കുന്ന
നിന്‍റെ നാവിനെ ഞാനൊഴികെ
മറ്റാരും കെട്ടിയിടാനും ഉണ്ടാവില്ല
എന്നാൽ,
എനിക്കുമുണ്ട് ഒരു ചോദ്യം
എന്‍റെ നേർക്ക്‌ വിരൽ ചൂണ്ടുന്ന 
നിന്നോടുള്ള ഒരേ ഒരു ചോദ്യം.

സദാചാരം ഘോര ഘോരം 
പാടി കണ്ണടച്ചിരുട്ടാക്കി, 
കപടമായ പുരുഷത്വത്തിൽ 
അഹങ്കരിച്ചു ഞാൻ എന്ന
പെണ്ണിന്‍റെ നഗ്നതയിൽ,
പെണ്ണുടൽ കേവലം പെണ്ണിറച്ചിയാക്കി 
കാമത്തിന്‍റെ ചോരക്കണ്ണുകളിലൂടെ
നിന്‍റെ മൃഗകാമനകളെ
പൂർത്തീകരിച്ചു മടങ്ങുമ്പോൾ
ഞാൻ അഭിസാരികയായി മാറുന്നു
എങ്കിൽ, 
എന്നെ പ്രാപിച്ച നീ ആരാണ്?
ഞാൻ എന്ന വില്പന മാത്രമല്ല നീയെന്ന
പ്രാപിക്കൽ കൂടെ ഉണ്ടായിരുന്നു

ഞാൻ മാത്രമായിട്ടൊരിക്കലുമീ-
തെറ്റുണ്ടാകുകയില്ല, ഓർക്കുക എപ്പോഴും, 
നീയെന്ന തെറ്റുകൂടി ചേർന്നാൽ മാത്രമേ
ഞാനെന്ന അഭിസാരിക ജനിക്കുകയുള്ളൂ

അതുകൊണ്ട്,
കപട സദാചാരം പുലമ്പി
എന്‍റെ നേർക്ക്‌ വിരൽ ചൂണ്ടുമ്പോൾ, 
ചൂണ്ടുന്ന ഒരു വിരൽ മാത്രമേ 
എന്‍റെ നേർക്കുള്ളൂ 
ആ ഒരു വിരലിന്‍റെ ഉത്തരമേ 
എനിക്ക് നല്കാൻ ബാധ്യതയുള്ളൂ, 
എന്നാൽ ബാക്കി വിരലുകൾ 
എല്ലാം നിന്‍റെ നേർക്കുണ്ട്, അതിനു നല്കാൻ
നീ കണ്ടുവച്ചിരിക്കുന്ന ഉത്തരം എന്താണ്?

ചോദ്യം നിന്നോടാണ്, ഉത്തരവും നീ പറയുക 
ഞാൻ അഭിസാരികയെങ്കിൽ 
തെറ്റെന്നറിഞ്ഞു കൊണ്ട് തന്നെ എന്നെ
പ്രാപിച്ച നിന്‍റെ പേരെന്താണ്?

കാഴ്ചകൾ


:1:.
നിയോണ്‍ വെളിച്ചം
പരന്ന വഴിയോരം
സമയത്തെ തോൽപ്പിച്ച്
ഓടുന്ന വാഹനങ്ങൾ,
ശബ്ദങ്ങൾ പ്രകമ്പനം
കൊള്ളിക്കുന്ന അശാന്തി.
തിരക്കുകളുടെ തീരത്ത്
മുന്നൊട്ടെക്കൊ പിന്നൊട്ടെക്കൊ
എന്നാലോചിച്ച രണ്ടു നിമിഷങ്ങൾ

നഗരത്തിന്റെ തിരക്ക്
പണ്ഡിറ്റ്‌ജിയുടെ മുരളി
ഒരു ഹിന്ദുസ്ഥാനി പാടുന്നു
അതിലൂടെ ദൂരത്തെ പിന്നിലാക്കി
കാഴ്ചകളുടെ വ്യതിയാനങ്ങളിലേക്ക്
വഴിയോര വാണിഭം
വിലപേശലുകൾ,
തർക്കിക്കലുകൽ,
ഒന്നിലും ഉറക്കാത്ത
ശബ്ദ കോലാഹലങ്ങൾ.

അലസമായ കാലടികൾ
വഴികളെ പിന്നിലാക്കി
പലതരം വേഷക്കാർ
തിരക്കുപിടിച്ച് ചിലർ
ഉച്ചത്തിൽ പറഞ്ഞു ചിലർ
കൊഞ്ചികുഴഞ്ഞു ചിലർ
ഇരവറിഞ്ഞിട്ടും
ഇരുട്ടറിയാത്ത ചിലർ

:2:.
ഹിന്ദുസ്ഥാനിയിൽ നിന്ന്
മാറി വരികൾ ചടുലതാളമായി
ഷാൻ പാടുന്നുണ്ട്.
വിശപ്പിന്റെ വഴി
മസാലകൂട്ടുകളുടെ ഗന്ധം
ഒരു കുഞ്ഞു കൈ നീളുന്നു
ഹിന്ദിക്കാരൻ മുതലാളി
മാറിപ്പോ മാറിപ്പോ
എന്ന് അലറുന്നു

കാലുകൾ വീണ്ടും ചലിച്ചു
കാഴ്ചയിൽ രണ്ടു രൂപങ്ങൾ
അടുക്കുന്തോറും രണ്ടു
വടവൃക്ഷങ്ങൾ തെളിയുന്നു
ശിഖിരങ്ങളെല്ലാം
തളർന്നിരിക്കുന്നു,
വേരുകൾക്ക് ബലക്ഷയം
ശൂന്യതയിലും
കണ്ണുകൾ പെയ്യുന്നുണ്ട്
കൈയിലുള്ള ഭാണ്ഡത്തിൽ
തല താങ്ങി
നെഞ്ചിലെ കനൽ ഭാരം
വിറച്ചു തടവുന്നുണ്ട്‌
എവിടെയോ അടിച്ച
തിരയിലും ഒഴുക്കിലും
പെട്ട് അടിഞ്ഞു കൂടിയവർ
യാത്രയുടെ അവസാന
ചുവടുകളിലാണ്

:3:.
വർണ്ണബൾബുകൾ
തെളിഞ്ഞു കാണുന്നു
സ്വാഗതമോതുന്ന
മധുശാലകൾ
കാഴ്ച്ചയുടെ കാണാപ്പുറങ്ങൾ
തെളിയുന്നു
ഇരുണ്ട വെളിച്ചത്തിൽ
മധു ചഷകങ്ങൾ
തണുപ്പിച്ചും അല്ലാതെയും
പലതവണ നിറഞ്ഞു
ഒഴിഞ്ഞു കൊണ്ടിരിക്കുന്നു
മുഖങ്ങളിലും വാക്കുകളിലും
പലവിധം ഭാവങ്ങൾ
പുകച്ചുരുളുകൾ ഉയരുന്നു.

വിരസതയകറ്റാൻ
ഡി ജെ യുടെ വിരലുകൾ
പയാനൊയുടെ നിറങ്ങളെ
തഴുകുന്നു
പാടുന്ന ശരീരത്തിൽ
പുഴുക്കളരിക്കുന്നു
കാർന്നു തിന്നുന്ന കണ്ണുകൾ
മിഴികളടച്ചിട്ടും നീളുന്ന
മിന്നൽപിണരുകൾ
കാഴ്ചയെ പ്രതിരോധിച്ചും
കറുപ്പ് നഗ്നയാകുന്നുവോ

:4:.
ഇരവിന് കറുപ്പ്
കൂടിയോ
അകലെ നിന്ന് കേൾക്കുന്ന
തീവണ്ടിയുടെ സൈറൻ
പകുതിയും പിന്നിട്ട വഴികൾ
പിന്നിടാൻ ദൂരകൂടുതൽ
തീവണ്ടിപ്പാതകൾക്കരികിൽ
എന്തൊരു ഇരുട്ടാണ്‌
കാഴ്ചകളെ മറക്കുന്ന
നിർവികാരമായ ഇരുട്ട്
ഏതു സംഗീതമാണ്
കേൾക്കുന്നത്
തണുപ്പിന്റെയോ
കറുപ്പിന്റെയോ
നിഗൂഡതകളുടെയോ
അതോ പാതിയുടഞ്ഞ
ശരീരങ്ങളുടെയോ
അനങ്ങുന്ന നിഴലുകളിൽ
പൂർണ്ണതയുള്ളവ എവിടെ
പരിചയമില്ലാത്ത ഈ
സംഗീതത്തിന്റെ തുടക്കം
എവിടെ നിന്നാവും.

ഭൂമിയുടെ ഉള്ളറകൾ
തകർത്ത ഗർത്തങ്ങളിൽ
പതിക്കുന്നുണ്ടോ ഇവ
അതോ അനന്തതയിലൊ
പൊടുന്നനെ വഴി
തിരിഞ്ഞു നടക്കാൻ
കാഴ്ച്ചയുടെ
കണ്ണിൽ വന്നിടിച്ച
വെളിച്ചവും, ശീല്ക്കാരവും

:5:.
കാഴ്ച വീണ്ടും നാല് ചുമരിൽ
മേശപ്പുറത്തിരിക്കുന്ന
ജെയിൻ ഓസ്റ്റിന്റെ
പ്രൈഡ് ആൻഡ്‌ പ്രെജുടിസിൽ
ഇരുന്ന് എലിസബത്തും ദാർസിയും
പ്രണയചുമ്പനം കൈമാറുന്നു
വെളിച്ചത്തിൽ ആകൃഷ്ടയായി
പറന്നെത്തിയ പ്രാണികൾ
ഇരയുടെ വരവറിയിച്ചു
പുറമേ ഇരുട്ടിനു കനം തൂങ്ങുന്നു
ടേപ്പിൽ നിന്ന് ഇഷ്ട ഗാനം
ഗോരി തേരി ആൻഖേൻ കഹെ.....
ഇനി കാഴ്ചകൾ മതിയാക്കി
സ്വപ്നത്തിലേക്ക് മിഴികൾ പൂട്ടാം...


തിളച്ചു തൂവുന്ന 
വെയിൽത്തുള്ളികളേക്കാൾ 
തീക്ഷ്ണതയേറിയ ചില
അവഗണനകൾക്കിടയിൽ

മേഘങ്ങളും താരകങ്ങളും 
പനിമതിയുമൊഴിഞ്ഞ 
നഭസ്സുപോലെ ശാന്തമായ
വൃഷ്ടിയുടെ എകാന്തതകളുണ്ട്
 കറുത്തവന്‍റെ കവിത 

നിറങ്ങൾ നിറങ്ങൾ നിറങ്ങളെന്നു 
ശ്രുതി മീട്ടിയൊരു ഒറ്റക്കമ്പിയുടെ 
അറിയാതടർന്ന തന്ത്രിതൻ തേങ്ങൽ 
പോലെ കറുത്തവന്‍റെ കവിത 
അധികമൊന്നും ആളറിയാതെ
പൊടുന്നനെയങ്ങു കാടിറങ്ങിക്കയറും


എണ്ണപറ്റാത്ത ജടയും കണ്ണീരു വറ്റിയ 
കണ്ണും കിതപ്പിനൊപ്പം തണ്ടെല്ലിലൊട്ടുന്ന 
വയറും ഉന്തിയ നെഞ്ചിൻകൂടും 
ശോഷിച്ച ശരീരവും നോവിന്‍റെ മഴക്കൂട്
തകർത്ത് ഒരു സമരത്തിലെക്കെന്നപോലെ
മണ്ണിലേക്ക് നോക്കി കറുത്തവന്‍റെ 
വിശപ്പെന്ന് വിളറി വെളുത്ത്
ഒഴുകിയൊലിച്ചു ചങ്കുപൊട്ടിയൊരു 
പാട്ടുപാടി വേവുമണം തേടിപ്പോകും.


കറുത്തവന്‍റെ നിയതികളിൽ നിന്നും, 
വെളുത്ത ചിരികൾ കാടുകയറിയാലും
കറുത്തപെണ്ണ് കാടിറങ്ങിയാലും 
കിതപ്പിന്‍റെ കുത്തിയൊലിക്കലുകളിൽ
കറുത്തവന്‍റെ മാനമാകാശമെന്ന് മുറുത്ത്,
ചതിയുടെ വിഷം തീണ്ടി വഴുവഴുത്ത
വിഷവിത്തുകളുടെ പാതിവെന്ത 
ഓർമ്മ ബാക്കികൾ പിഴച്ചപെണ്ണ് 
കാടും കുലവും മുടിക്കുമെന്ന ദൈന്യത 
വസൂരിക്കുത്തുപോൽ വയറിൽ മുളയ്ക്കും.


കറുത്തവനെന്നാൽ ദളിതനെന്ന്
എഴുതപ്പെടാതെ വായിക്കപ്പെടുമ്പോൾ,
ഊരിലൊരു നാലുകാൽ മേൽക്കൂരയ്ക്കു
പട്ടയം തേടുമ്പോൾ തല്ലിക്കൊഴിച്ചിട്ടും
നുള്ളിയെറിഞ്ഞിട്ടും അടർന്നു വീഴാതെ, 
വാഴ്ത്തപ്പെടാത്തവന്‍റെയന്നത്തിൽ പേരെഴുത-
പ്പെടേണ്ടതില്ലെന്നയലിഖിത നിയമത്തിനുമേൽ, 
കാടിന്‍റെ കണ്ണീർ കാലത്തിൻ ഓരോ 
മണ്ണടരുകൾക്കുള്ളിലും കറുത്തവന്‍റെ 
കവിതയായി പുതു ചരിത്രങ്ങളായി 
പലനിറങ്ങളുടെ വസന്തങ്ങളായി തളിർക്കും.
വിഗ്രഹങ്ങൾ പറയുന്നത്

ഒരിക്കലുമവസാനിക്കാത്തതെന്നു
കരുതി സങ്കടങ്ങളുടെ തോരാത്ത 
പെരുമഴക്കാലമായി ദക്ഷിണയിട്ടു 
കണ്ണടച്ച് സർവ്വ സുഖലബ്ധിക്കായി 
നിവേദനം കുടഞ്ഞുവിരിക്കുമ്പോൾ 
ഒരിക്കലെങ്കിലും ചിന്തിക്കുക,


ദൈവത്തിലേയ്ക്കെത്തുന്നതിനു 
മുൻപ് വെറും കല്ലായിരുന്ന ഞാൻ
തോരാമഴകളേറ്റെത്ര കുളിർന്നിരുന്നെന്ന്,
തിളച്ചുപൊള്ളുന്ന വെയിൽ കുടിച്ചെത്ര
വിയർത്തു ചുട്ടു നീറിയിരുന്നെന്ന്,

അവഗണനകൾക്കൊടുവിൽ,
മോക്ഷമെന്ന ദൈവത്തിലേക്കെത്തുവാൻ
ഓരോ ഉളിത്തുമ്പിൻ മുറിവാഴത്തിലു
മെത്രമേൽ കരഞ്ഞുതളർന്നിരുന്നെന്ന്,
അത്രമേൽ നീയൊരിക്കലും മുറിപ്പെട്ടിട്ടില്ല.

വെറുമൊരു കല്ലിൽ ശില്പിയുടെ 
മനസ്സിലെ രൂപത്തെ ശിലയായ് വിവർ
ത്തിക്കപ്പെടുമ്പോളവിടെ നീയും ഞാനും 
ഒന്നെന്നുള്ള തത്വമസിയുടെ പൂർണ്ണാർത്ഥം 
എഴുതപ്പെട്ടിട്ടും നശ്വരമായ ഗർവ്വിനാൽ 
കുലങ്ങളുടെ അദൃശ്യതടവറകളെന്തിനാണ്,

തോരാത്തമിഴികളുടെ കവിൾച്ചാലുകൾ
തുടച്ചാവദനത്തിൽ തെളിയും നിമിഷ 
നേരത്തിൻ പുഞ്ചിരിയിൽ പോലും ഞാനും
നീയുമൊന്നാകുമെന്നുള്ളപ്പോളെന്നെത്തേടി
യലയുകയെന്നുള്ളത് അപ്രസക്തമാകുന്നു.
ശാഖിയുടെ കരുതലറിയാതെ 

അടർത്തിയിട്ടുമടരാൻ മടിച്ച്
വീണ്ടും തളിർത്തോരോ വരിയിലും 
ജീവിതമെന്നു ഞാൻ പലവട്ട
മെഴുതിച്ചേർക്കുമ്പോഴും കുടിലതയുടെ
മിഴിനീട്ടിയത് മായ്ച്ച് നീ മരണമെന്ന് 
തിരുത്തി പകർത്തിയെഴുതുന്നു.
ശാഖിയുടെ കരുതലറിയാതെ 
അടർത്തുമോരോ ശാഖയിലുമൊരു 
തുള്ളി ദാഹനീരിനു കാത്തിരിക്കും
വേഴാമ്പലെന്നപോലൊരു തലമുറയെ
മൃത്യുവിലേക്ക് തുന്നിച്ചേർക്കുന്നു.



മുറിപ്പെട്ടകലുന്ന തളിരുകളുടെ
മധു കിനിയും വസന്തത്തിന്‍റെ നിലവിളി-
കളിലിനിയും പിറവിയെ കാക്കുന്ന 
നിസ്സഹായരായ ലോകത്തിന്‍റെ, നിന്നിലേക്ക്‌
നീളു"ന്നെന്തിനെന്നൊ"രു ചോദ്യം കൂടിയുണ്ട്.

വളരുന്ന തലമുറയുടെ, ഇനിയും 
ആഗതമായേക്കാവുന്നോരോ ജീവന്‍റെയും
വരണ്ട തൊണ്ടയുടെ കേഴും ദൈന്യതകൾ,
നിറഞ്ഞൊഴുകുന്ന മിഴികൾ ശൂന്യമായ 
മഴയുടെ ശോകം പോലെ മണ്‍മറഞ്ഞ 
മണ്ണടരുകൾക്കുമേൽ ശാപമായ് പെയ്യും.